പോക്സോ കേസ് ആരോപണ വിധേയനായ വൈദികനു പൗരോഹിത്യ ശുശ്രൂഷയിൽ വിലക്ക്

പോക്സോ കേസ് ആരോപണ വിധേയനായ വൈദികനു  പൗരോഹിത്യ ശുശ്രൂഷയിൽ വിലക്ക്

കൊച്ചി : പോക്സോ കേസ് കുറ്റാരോപിതനായ വൈദികനെ പുരോഹിത ശുശ്രൂഷയിൽ നിന്നും എറണാകുളം-അങ്കമാലി അതിരൂപത വിലക്കി. അതിരൂപതയുടെ മുഖപത്രമായ എറണാകുളം മിസ്സത്തിലാണ് ഫാ. ജോസഫ് കൊടിയനെ വൈദികവൃത്തിയിൽ നിന്നും പുറത്താക്കിയതായുള്ള ചാൻസലറുടെ ഉത്തരവ് പ്രസിദ്ധീകരിച്ചത്.

വരാപ്പുഴ സെൻറ്. തോമസ് പള്ളി വികാരിയായിരുന്ന ഫാ. ജോസഫ് കൊടിയൻ ഓഗസ്റ്റ് മാസത്തിൽ തനിക്കു ഭക്ഷണവുമായി വന്ന 13 വയസുകാരനായ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. പോക്സോ നിയമത്തിലെ ഏഴ്, എട്ട് വകുപ്പുകൾ പ്രകാരമാണ് കേസ് രേഖപ്പെടുത്തിയിരിക്കുന്നത്.

സഭാപരമായ അച്ചടക്കം ഗുരുതരമായി ലംഘിച്ച വൈദികനെ പൗരോഹിത്യ ശുശ്രൂഷകൾ ചെയ്യുന്നതിൽ നിന്നും ഉടനടി വിലക്ക് കല്പിച്ചുകൊണ്ട് ഓഗസ്റ്റ് 14 നാണ് എറണാകുളം-അങ്കമാലി അതിരൂപത ഉത്തരവിറക്കിയത്. ഇതനുസരിച്ച് കൊടിയനു ഇനി മുതൽ പൗരോഹിത്യ ശുശ്രൂഷകൾ പള്ളികളിലോ  സഭാസ്ഥാപനങ്ങളിലോ ഇന്ത്യക്കകത്തും പുറത്തും ചെയ്യുവാൻ അനുവാദമില്ല.
ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന വൈദികർക്കാണ് ഇത്തരത്തിൽ സഭ പൗരോഹിത്യം വിലക്കുന്നത്. കുട്ടികൾക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങളെ കത്തോലിക്കാസഭ, “സീറോ ടോളറൻസ്" വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.