സുരേഷ് റെയ്ന ഐപിഎലിൽ നിന്ന് വിരമിച്ചു

സുരേഷ് റെയ്ന ഐപിഎലിൽ നിന്ന് വിരമിച്ചു

മുംബൈ: ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന ഐപിഎലിൽ നിന്ന് വിരമിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ക്രിക്കറ്റിൽ നിന്നും നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സുരേഷ് റെയ്ന തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ താരമായിരുന്ന റെയ്നയെ കഴിഞ്ഞ സീസണിൽ ഒരു ഫ്രാഞ്ചൈസിയും ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് കമൻ്ററിയിലേക്ക് എത്തിയ താരം കഴിഞ്ഞ ആഴ്ച പരിശീലനം പുനരാരംഭിച്ചിരുന്നു. ഇതോടെ റെയ്ന ഐപിഎലിൽ മടങ്ങിയെത്തുമെന്ന് അഭ്യൂഹങ്ങളുയർന്നെങ്കിലും അതിനെയൊക്കെ തള്ളിക്കൊണ്ടാണ് റെയ്നയുടെ വിരമിക്കൽ പ്രഖ്യാപനം.

ബിസിസിഐ, ഉത്തർ പ്രദേശ് ക്രിക്കറ്റ്, ചെന്നൈ സൂപ്പർ കിംഗ്സ് തുടങ്ങിയവർക്ക് റെയ്ന ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. ഐപിഎൽ 2022 മെഗ താരലേലത്തിൽ ചെന്നൈ സൂപ്പർ കിങ്സ് താരത്തെ തഴഞ്ഞിരുന്നു. ചിന്ന തലയെന്ന് വിളിക്കുന്ന റെയ്നയെ താരലേലത്തിൽ സ്വന്തമാക്കാത്തതിൽ സിഎസ്കെയ്ക്കെതിരെ ടീമിന്റെ ആരാധകർ പോലും രംഗത്തെത്തിയിരുന്നു. 

വരുന്ന ആഭ്യന്തര സീസണിൽ ഉത്തർ പ്രദേശിനു വേണ്ടി റെയ്ന കളിക്കില്ല. അതേസമയം താരം ക്രിക്കറ്റിന്റെ ഭാഗമായി തന്നെ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. വരുന്ന റോഡ് സേഫ്റ്റി വേൾഡ് സീരിസിൽ താരം പങ്കെടുക്കും. സെപ്റ്റംബർ 10ന് ആരംഭിക്കുന്ന ടൂർണമെന്റിലേക്ക് ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, യുഎഇ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഫ്രാഞ്ചൈസികൾ തന്നെ സമീപിച്ചുയെന്ന് റെയ്ന പറഞ്ഞു.

നേരത്തെ 2019തിൽ എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് തൊട്ടുപിന്നാലെ സുരേഷ് റെയ്നയും തന്റെ രാജ്യാന്തര ഫോർമാറ്റ് അവസാനിപ്പിച്ചിരുന്നു. ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതായി പ്രഖ്യാപിച്ച് മിനിറ്റുകൾക്കുള്ളിലാണ് റെയ്‌നയും വിരമിക്കൽ അന്ന് പ്രഖ്യാപിച്ചത്. 



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.