നാം മലയാളികൾ മാറുന്നു, ഓണവും മാറുന്നു

നാം മലയാളികൾ മാറുന്നു, ഓണവും മാറുന്നു

ഓരോ ഓണവും സന്തോഷത്തിന്റെ ഒരു പുതിയ അനുഭവമാണ് നാളിതുവരെ നൽകിയിട്ടുള്ളത്. ക്ഷാമകാലം  കടന്നുപോകാനും പഴയ വിലക്കുകളില്ലാത്ത ഐശ്വര്യ ലോകത്തേക്ക് മടങ്ങി പോകാനും ഉള്ള കാത്തിരിപ്പല്ലേ ശരിക്കും ഇക്കൊല്ലത്തെ നമ്മുടെ ഓണം? കുറെ ഒതുക്കി പറഞ്ഞാൽ ഓണം എന്നുള്ളത് നല്ല നാളുകൾക്ക് വേണ്ടിയുള്ള  പ്രതീക്ഷയാണ്.
പക്ഷേ, കാലം മാറുന്നതിനനുസരിച്ച് ഓണത്തിന്റെ ആഘോഷങ്ങള്‍ക്ക് വലിയ രീതിയിലുള്ള മാറ്റം വന്നുകൊണ്ടേയിരിക്കുന്നു.ഒരുനേരത്തെ നിറവയര്‍ എന്ന സ്വപ്നത്തില്‍നിന്ന് ആഡംബരങ്ങളുടെ ഉത്സവമായി ഓണം മാറിക്കൊണ്ടിരിക്കുന്നു. എങ്കിലും ഓണം തരുന്ന സാഹോദര്യവും സന്തോഷവും ഊർജവും നമുക്ക് ഒഴിവാക്കാൻ സാധിക്കില്ല.
മനുഷ്യരെല്ലാവരും വിവിധ ഭാവങ്ങളിൽ താലോലിക്കുന്ന ഒരു ക്ഷേമരാഷ്ട്ര സങ്കൽപ്പത്തെക്കുറിച്ചുള്ള വർത്തമാനങ്ങളോട് നിഷേധാത്മകമായ നിലപാടിൽ വർത്തമാനകാല സാംസ്കാരിക-രാഷ്ട്രീയ നായകർ അഭിരമിക്കുമ്പോഴും സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും ഐശ്വര്യത്തിന്റെയും സുവർണകാലത്തെ താലോലിക്കാൻ മലയാളിക്ക് കഴിയുന്നതിൽ നമുക്ക് അഭിമാനിക്കാം.    
നമുക്ക് തിരികെ പോകാന്‍ കഴിയാത്തവണ്ണം നമ്മുടെ പഴയ നാട്ടു വഴികള്‍ മാറിയിട്ടുണ്ടാവാം, എന്നാല്‍ പരസ്പരം കൈ കോര്‍ത്തു പിടിച്ചു നമ്മള്‍ ഒരുമിച്ചു നടന്നാല്‍ വീണ്ടും ആ വഴികള്‍ നമ്മുടേതാവും. ഓണം ഐക്യപ്പെടലിന്റെ മഹാസംസ്‌കാരമാണ്. നമ്മുടെ തന്നെ ഇച്ഛയും കർമവുംകൊണ്ട് നമ്മുടെ പൊന്നോണങ്ങൾ നാം തന്നെ സൃഷ്ടിക്കേണ്ടിയിരിക്കുന്ന.
 
കാലവും ലോകവും അതിവേഗം സഞ്ചരിക്കുകയാണ്. അതിനോടൊപ്പം ചിലർ ഓടിയെത്തുന്നു.മറ്റു ചിലർ പിറകിൽ ആകുന്നു.കൂടുതൽ പേരുടെ ഓണവും ദൃശ്യമാധ്യമത്തിൽ ചിലവഴിക്കുന്നു. ഭൂരിഭാഗം ആളുകളും  മൊബൈൽഫോണുകളിലും സന്ദേശങ്ങളിലും ഓണം ആഘോഷിക്കുന്നു. ഇനി വരുന്ന തലമുറയുടെ ഓണം ചിലപ്പോൾ ഇങ്ങനെ ആകാം. നമ്മുടെ കാലത്തെ ഓണം എത്ര നല്ലതായിരുന്നു എന്ന് പറഞ്ഞു കൊണ്ട്  ഖിന്നരായി ഇരിക്കുകയല്ല വേണ്ടത്. കാലത്തിനൊപ്പം ഓടുകയാണ് വേണ്ടത്.
ഓണം ഒരിടത്ത് സ്ഥായിയായി നില്‍ക്കുകയും പുതിയ മനുഷ്യരും പുതിയ കാലവും പുതിയ ചിന്തകളും പുതിയ വ്യാഖ്യാനങ്ങളും ഓണത്തിലേക്ക് എത്തുകയുമാണ് ചെയ്യുന്നതെന്ന് ചിന്തിക്കുന്നതാകും നമുക്ക് നല്ലത്. മലയാളിയെ മലയാളിയായി നിലനിര്‍ത്തുന്ന അപൂര്‍വം ആഘോഷങ്ങളില്‍ ഒന്നാണ് ഓണം. നാം മലയാളിയാണ്, കേരളീയനാണ് എന്ന പ്രാഥമിക ബോധം നമ്മില്‍ നിലനിര്‍ത്തുന്നത് ഒരു പക്ഷേ ഓണം തന്നെയല്ലേ? മഹത്തായ ഏകത്വദർശനമാണ് ഓണത്തിന്റെ കാതലായ സന്ദേശം. എല്ലാവരും ഒന്നാണെന്ന സമത്വബോധം.
ഓണത്തിന് ജാതിയില്ല, മതമില്ല, വർണ, വർഗ, ലിംഗ ഭേദമേതുമില്ല.എല്ലാവരും മനുഷ്യരാണ്. പുതിയ തലമുറക്ക് ഓണം എന്താണെന്ന് അറിയില്ല എന്ന് പറയാൻ വരട്ടെ. ഡിജിറ്റൽ ലോകത്തിലൂടെ പുതിയ  തലമുറ ഓണത്തിന് പുതിയ മാനങ്ങൾ സൃഷ്ടിക്കുകയാണ്.
ഓര്‍മകളില്‍നിന്നും പ്രതീക്ഷകളിലേക്ക് നമ്മെ തൊടുത്തുവിടുന്ന ഓണം കേരളീയ സംസ്‌കാരത്തിന്റെ വസന്ത പ്രതീക്ഷയാണ്. നന്മയും സമൃദ്ധിയും നാം പ്രതീക്ഷിക്കുന്നത് ഭൗതിക തലത്തില്‍ മാത്രമല്ല. മനസ്സില്‍ വീശുന്ന ശുദ്ധിയുടെ വെളിച്ചത്തെയാണ് നാം ഓണപ്പുലരിയില്‍ കാണാനാഗ്രഹിക്കുന്നത്. ഓണം എന്ന പേരു വന്ന വഴി കർക്കിടകത്തിന്റെയും മഴക്കാലത്തിന്റെയും പഞ്ഞകാലം കടന്ന് ആളുകൾ വാണിജ്യം പുനരാരംഭിക്കുന്ന കാലത്തിലെ  ശ്രാവണമാസം കാരണമാണ്. ശ്രാവണത്തിന്റെ മറ്റൊരു പേരാണ് സാവണം. ആ പേര് ലോപിച്ച് ആവണം എന്നും പിന്നീട് അത് ഓണമെന്നും ആയി മാറിയെന്നും കരുതപ്പെടുന്നു. ഇനിയും ഏറെ അർത്ഥതലങ്ങൾ ഉണ്ട്,ഐതിഹ്യങ്ങളുണ്ട്.
ഇനി സംസാരിക്കേണ്ടത് ന്യൂജനറേഷന്‍ ഓണത്തെക്കുറിച്ചാണ്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ കയറിയിറങ്ങി ഫോട്ടോ പോസ്റ്റ്‌ ചെയ്തും കമന്റടിച്ചും മറ്റുള്ളവരുടെ ടൈംലൈനില്‍ വര്‍ണങ്ങളും ഓര്‍മകളും ചാലിച്ച് കുറേ വാക്കുകള്‍ കോറിയിടുന്ന ഞാനടക്കമുള്ള പുതുതലമുറകള്‍ ആഘോഷിക്കുന്ന ഒരു ഇ-ഓണം അഥവാ ഇലക്ട്രോണിക് ഓണം. ഓണയാത്രകളുടെ വിവിധയിനം ഫോട്ടോകള്‍ പരസ്പ്പരം ടാഗ്ഗ് ചെയ്തും ഇന്‍ബോക്സുകളില്‍ ആശംസകളുടെ നിലക്കാത്ത കുത്തൊഴുക്കും ഓണവിശേഷം പരസ്പ്പരം പങ്കുവക്കാന്‍ എല്ലാസമയവും ഫെയ്സ്ബുക്കിലും മറ്റുമായി നേരംകളയുന്ന പുത്തന്‍ മലയാളികള്‍. വഴിയോരക്കച്ചവടക്കാര്‍ മുതല്‍ വന്‍കിട കമ്പനികള്‍ വരെ, ടി. വി ചാനലുകള്‍ മുതല്‍ ഫോണ്‍കമ്പനികളും  കൈനിറയെ ഓഫറുകളുമായാണ് മലയാളികളെ സ്വീകരിക്കുന്നത്. നാം മാറുകയാണ്. ഓണവും വേഷങ്ങൾ മാറ്റുന്നു.  
ഓണത്തിന്റെ ആഘോഷങ്ങളിലും പരിഷ്കാരങ്ങൾ വന്ന് കഴിഞ്ഞു. എന്നാലും ഓണത്തിന്റെ നന്മ കാലാകാലം നിലനിൽക്കും, മലയാളി മൺമറയുന്നത് വരെ. സമൂഹത്തിന്റെ ശാന്തിയെയും  സമാധാനത്തെയും എന്നന്നേക്കുമായി നിലനിർത്തുന്ന ആളുകളായി മാറ്റാൻ ഓണത്തിന് കഴിയട്ടെ. ഓണം നൽകുന്ന വർണ്ണങ്ങളും അതിൻ്റെ സന്തോഷവും നമ്മുടെ ഹൃദയങ്ങളിലും ജീവിതത്തിലും നിറയട്ടെ.
മണ്ണിനേയും പ്രകൃതിയെയും ആചാരങ്ങളെയും സംസ്ക്കാരത്തെയും കാത്തുസൂക്ഷിക്കാനും പരിപാലിക്കാനും നമ്മുടെ പുതുതലമുറകള്‍ക്ക് കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ എല്ലാവർക്കും ഓണാശംസകൾ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.