വിയറ്റ്‌നാമിലെ ബാറില്‍ തീപിടിത്തം; 32 മരണം

വിയറ്റ്‌നാമിലെ ബാറില്‍ തീപിടിത്തം; 32 മരണം

ഹനോയി (വിയറ്റ്‌നാം): തെക്കന്‍ വിയറ്റ്‌നാമിലെ കരോക്കെ ബാറിലുണ്ടായ തീപിടിത്തത്തില്‍ 32 പേര്‍ വെന്തു മരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് തീ പിടിത്തം ഉണ്ടായത്. തീ ഉയരുന്നതു കണ്ട് കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ കുടിങ്ങിയവരാണ് പൊള്ളലേറ്റും കെട്ടിടത്തില്‍ നിന്ന് പ്രാണരക്ഷാര്‍ത്ഥം താഴേക്ക് ചാടിയും മരിച്ചത്. സംഭവത്തെ തുടര്‍ന്ന് രാജ്യത്തെ ബാറുകളിലെ സുരക്ഷാ സൗകര്യങ്ങള്‍ പരിശോധിക്കാന്‍ പ്രധാനമന്ത്രി ഫാം മിന്‍ ചിന്‍ ഉത്തരവിട്ടു.

വാണിജ്യ കേന്ദ്രമായ ഹോ ചി മിന്‍ സിറ്റിയുടെ വടക്ക് ഭാഗത്തുള്ള തുവാന്‍ ആന്‍ നഗരത്തിലെ തിരക്കേറിയ റെസിഡന്‍ഷ്യല്‍ മേഖലയിലാണ് കരോക്കെ ബാര്‍ സ്ഥിതി ചെയ്യുന്നത്. ബാറില്‍ നിന്ന് തീ ഉയര്‍ന്നതോടെ പ്രദേശമാസകലം പുകപടലം നിറഞ്ഞു. പ്രദേശവാസികള്‍ക്ക് ശ്വസംമുട്ടലും അസ്വസ്ഥതയും ഉണ്ടായി. അഗ്നിശമന സേനാംഗങ്ങളും പൊലീസും എത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്. ഇതിനിടെ 17 പുരുഷന്മാരും 15 സ്ത്രീകളും മരിച്ചിരുന്നു. എട്ട് മൃതദേഹങ്ങള്‍ ശുചിമുറികളില്‍ നിന്നാണ് കണ്ടെത്തിയത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന്റെ പ്രാഥമിക കാരണമെന്നാണ് അധികൃതരെ ഉദ്ധരിച്ച് സംസ്ഥാന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തീ ഉയരുമ്പോള്‍ ബാറിനുള്ളില്‍ 40 ലേറെപ്പേര്‍ ഉണ്ടായിരുന്നു. ചുരുക്കം ആളുകള്‍ പുറത്തേക്ക് ഇറങ്ങി ഓടി. മറ്റ് ചിലര്‍ ചൂട് സഹിക്കാന്‍ വയ്യാതെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി. പുറത്ത് കടക്കാന്‍ കഴിയാതെ വന്നവര്‍ ബാല്‍ക്കണിയിലും മറ്റും അഭയം തേടി. ഇവര്‍ക്കാണ് മരണം സംഭവിച്ചതെന്ന് പബ്ലിക് സെക്യൂരിറ്റി മന്ത്രാലയത്തിന്റെ ഔദ്യോഗിക മുഖപത്രമായ കോംഗ് അന്‍ നാന്‍ ഡാന്‍ അറിയിച്ചു.

2018 ലാണ് ഇതിന് മുന്ന് വിയറ്റ്‌നാമില്‍ വലിയ തീപിടുത്തം ഉണ്ടായത്. ഹോ ചി മിന്‍ സിറ്റിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലുണ്ടായ തീപിടുത്തത്തില്‍ 13 പേര്‍ മരിച്ചു. 2016 ല്‍ തലസ്ഥാനമായ ഹനോയിയിലെ ബാറില്‍ ഉണ്ടായ തീപിടിത്തത്തിലും 13 പേര്‍ മരിച്ചിരുന്നു. കഴിഞ്ഞ മാസം മറ്റൊരു കരോക്കെ ബാറില്‍ പടര്‍ന്ന തീ അണയ്ക്കാന്‍ ശ്രമിച്ച് മൂന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ മരിച്ച സംഭവവും ഉണ്ടായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.