ഇന്ത്യ എന്നാല്‍ അവസരങ്ങളുടെ രാജ്യം; രാജ്യത്തെ യുവാക്കളില്‍ വലിയ പ്രതീക്ഷയുണ്ടെന്ന് പിയൂഷ് ഗോയല്‍

ഇന്ത്യ എന്നാല്‍ അവസരങ്ങളുടെ രാജ്യം; രാജ്യത്തെ യുവാക്കളില്‍ വലിയ പ്രതീക്ഷയുണ്ടെന്ന് പിയൂഷ് ഗോയല്‍

ന്യൂഡല്‍ഹി: ഇന്ത്യ എന്നാല്‍ അവസരങ്ങളുടെ രാജ്യമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. ഇത് ഇന്ത്യയുടെ ദശാബ്ദം മാത്രമല്ല ഇന്ത്യയുടെ നൂറ്റാണ്ട് കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. സാന്‍ ഫ്രാന്‍സിസ്‌കോയിലെ സ്റ്റാന്‍ഫോര്‍ഡ് ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസിലെ അധ്യാപകരുമായും വിദ്യാര്‍ത്ഥികളുമായും സംവദിക്കുകയായിരുന്നു അദ്ദേഹം.

സംരംഭകരും സ്റ്റാര്‍ട്ടപ്പ് വിദഗ്ധരുമായി അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ യുവാക്കളില്‍ രാജ്യത്തിന് വലിയ പ്രതീക്ഷയും വിശ്വാസവുമാണുള്ളത്. ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസ മേഖലയ്ക്ക് ഊര്‍ജം പകരുന്നതായും ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കൂടുതല്‍ ആഴത്തിലുള്ള സഹകരണം ഉറപ്പാക്കുന്നതായും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന് അനുകൂലമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള എല്ലാ അവസരങ്ങളും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍. ജനങ്ങളുമായി കൂടുതല്‍ സജീവമായ ഇടപഴകല്‍ അടിസ്ഥാനമാക്കിയുള്ളതാണ് സര്‍ക്കാരിന്റെ സമീപമനമെന്നും മന്ത്രി പറഞ്ഞു. വികസിത രാഷ്ട്രമായി മാറുന്നതിനുള്ള ഇന്ത്യയുടെ യാത്രയുടെ നിര്‍ണായക കാലഘട്ടമാണിതെന്നും ഇന്ത്യയില്‍ താമസിക്കുന്ന ഓരോ വ്യക്തിയും അഭിവൃദ്ധി കൈവരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയും വിദേശ രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ ദൃഢമായതിനാല്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് വ്യവസായങ്ങളില്‍ സവിശേഷമായ സ്ഥാനമുണ്ട്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ക്ക് ആഗോള വിപണിയില്‍ എത്താന്‍ രാജ്യത്തിന് കൂടുതല്‍ അവസരങ്ങള്‍ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.

ഇന്ത്യയുടെ ഫിന്‍ടെക് വിജയത്തെക്കുറിച്ച് സംസാരിച്ച ഗോയല്‍, എല്ലാ ഡിജിറ്റല്‍ ഇടപാടുകളുടെയും 40 ശതമാനവും ഇന്ന് ഇന്ത്യയിലാണ് നടക്കുന്നതെന്നും ചെറുകിട കച്ചവടക്കാര്‍ പോലും ഡിജിറ്റല്‍ പേമെന്റുകള്‍ സ്വീകരിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ കയറ്റുമതി ഇതിനകം 675 ബില്യണ്‍ യുഎസ് ഡോളര്‍ കടന്നിരുന്നു. 2030ഓടെ അന്താരാഷ്ട്ര വ്യാപാരം രണ്ട് ട്രില്യണ്‍ യുഎസ് ഡോളറായി ഉയര്‍ത്താനാണ് രാജ്യം ഇപ്പോള്‍ ലക്ഷ്യമിടുന്നത്. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ഇന്ത്യ ആഘോഷിക്കുന്ന വേളയില്‍ രാജ്യം 30 ട്രില്യണ്‍ യുഎസ് ഡോളര്‍ സമ്പദ് വ്യവസ്ഥയായിരിക്കുമെന്ന് കേന്ദ്രമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.