കീവ്: വടക്കുകിഴക്കന്‍ ഉക്രെയ്‌നിലെ ഹര്‍കീവ് മേഖലയില്‍ 50 കിലോമീറ്റര്‍ മുന്നേറി റഷ്യന്‍ സേന നിയന്ത്രണത്തിലാക്കിയ 1000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം തിരിച്ചുപിടിച്ചതായി ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. ബലാക്ലീയ നഗരം ഉക്രെയ്‌ൻ സേന തിരിച്ചുപിടിച്ചതിന്റെ വിഡിയോയും അദ്ദേഹം പുറത്തുവിട്ടു. കിഴക്കന്‍ ഉക്രെയ്‌നിൽ റഷ്യന്‍ സേനയ്ക്കു സാധനസാമഗ്രികള്‍ എത്തിക്കുന്ന പ്രധാന റെയില്‍ പാത ഉക്രെയ്ന്‍ സേന പിടിച്ചെടുത്തതായും സെലന്‍സ്‌കി വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. അതേസമയം റഷ്യ ഇതിനോട് പ്രതികരിച്ചിട്ടില്ല.
പ്രതിരോധത്തില്‍ നിന്ന് അക്രമണത്തിലേക്ക് ഉക്രെയ്ന്‍ ചുവട് മാറിയതിന്റെ സൂചനയായാണ് ഇതിനെ കാണുന്നത്. രാജ്യത്തുടനീളം റഷ്യന്‍ ആക്രമണങ്ങള്‍ ചെറുക്കുകയാണെന്ന് സെലെന്‍സ്‌കി വീഡിയോ സന്ദേശത്തില്‍ എടുത്തുപറഞ്ഞത് ഇതിനുള്ള സൂചനയായും കാണുന്നു. റഷ്യന്‍ സേനയുടെ ബലഹീന മേഖല കണ്ടെത്തി ശക്തമായ ആക്രമണത്തിലൂടെ മുന്നേറ്റം നടത്തുക എന്ന തന്ത്രമാണ് ഉക്രെയ്ന്‍ സ്വീകരിച്ചിരിക്കുന്നത്.
ആറ് മാസമായി റഷ്യന്‍ അധിനിവേശത്തിലായിരുന്ന ബാലക്ലിയ നഗരത്തിലെ ഒരു കെട്ടിടത്തിന് മുകളില്‍ ഉക്രേനിയന്‍ പതാകയ്ക്കൊപ്പം ഉക്രെയ്‌ൻ സൈനികര്‍ നില്‍ക്കുന്ന വീഡിയോ ആണ് സെലെന്‍സ്‌കി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തത്. 'ഓര്‍ഡര്‍ പൂര്‍ത്തീകരിച്ചു. റഷ്യന്‍ അധിനിവേശ സേന പിന്‍വാങ്ങി,' ഒരു സൈനികന്‍ വീഡിയോയില്‍ പറയുന്നു.
ഖാര്‍കിവ് മേഖലയില്‍ 20 ലധികം ജനവാസ കേന്ദ്രങ്ങള്‍ തിരിച്ചു പിടിച്ചതായി സായുധ സേനയുടെ ജനറല്‍ സ്റ്റാഫിന്റെ ഡെപ്യൂട്ടി ഹെഡ് ഒലെക്സി ഹ്രോമോവ് പറഞ്ഞു. ഉക്രെയ്‌ൻ സൈന്യം ഈ ആഴ്ച ഖാര്‍കിവ് മേഖലയില്‍ 400 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം തിരിച്ചുപിടിച്ചതായും അദ്ദേഹംഅവകാശപ്പെട്ടു.
ഇതിനിടെ ഉക്രെയ്ന്‍ 67.5 കോടി ഡോളറിന്റെ (5350 കോടിയോളം രൂപ) സൈനിക സഹായത്തിന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അനുമതി നല്‍കിയതായി പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ അറിയിച്ചു. മറ്റ് പല യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഉക്രെയ്‌ന് സൈനിക സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.