തിരുവനന്തപുരം: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരിയില്‍ നിന്ന് ഈ മാസം ഏഴിനാരംഭിച്ച 'ഭാരത് ജോഡോ' പദയാത്ര ഇന്ന് കേരളത്തിലേയ്ക്ക് പ്രവേശിക്കും. തിരുവനന്തപുരം പാറശാലയില്‍ നിന്ന് പര്യടനം ആരംഭിച്ചു.
ശശി തരൂര്‍ എംപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, മുതിന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കുന്നതിനായി പാറശാലയില്‍ അണിനിരന്നിരുന്നു. കാമരാജ് പ്രതിമയില്‍ പുഷ്പാര്‍ഷന നടത്തിയതിന് ശേഷമാണ് യാത്ര ആരംഭിച്ചത്.
'ഒന്നിക്കുന്ന ചുവടുകള്‍ ഒന്നാകുന്ന രാഷ്ട്രം' എന്ന മുദ്രാവാക്യമാണ് യാത്രയില്‍ ഉയര്‍ത്തിക്കാട്ടുന്നത്. മുന്നൂറ് പേരടങ്ങുന്ന സംഘമാണ് രാഹുല്‍ ഗാന്ധിയോടൊപ്പം അണിനിരക്കുന്നത്. ഉച്ചയ്ക്ക് ശേഷം യാത്ര കോണ്‍ഗ്രസിന്റെ ശക്തിപ്രകടനമായി മാറും. നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് വലിയ രീതിയിലെ സ്വീകരണമാണ് രാഹുല്‍ ഗാന്ധിയ്ക്കായി ഒരുക്കിയിരിക്കുന്നത്.
19 ദിവസമാണ് പദയാത്ര കേരളത്തിലൂടെ കടന്നുപോകുന്നത്. പദയാത്രയായി 10.30ന് നെയ്യാറ്റിന്‍കര മാധവി മന്ദിരത്തില്‍ (ഡോ.ജി.ആര്‍. പബ്ലിക് സ്‌കൂള്‍) എത്തും. വൈകിട്ട് നാലിന് അവിടെ നിന്ന് നേമത്ത് എത്തി സമാപനം. വെള്ളായണി കാര്‍ഷിക കോളജ് അങ്കണത്തിലാണ് രാത്രി വിശ്രമം.
12ന് രാവിലെ ഏഴിന് നേമത്ത് നിന്നാരംഭിച്ച് 10.30ന് പട്ടം സെന്റ്‌മേരീസ് സ്‌കൂള്‍ അങ്കണത്തിലെത്തും. വൈകിട്ട് നാലിന് അവിടെ നിന്ന് യാത്ര തുടരും. 7ന് കഴക്കൂട്ടം അല്‍സാജ് അങ്കണത്തില്‍ സമാപനം.
13ന് രാവിലെ ഏഴിന് കഴക്കൂട്ടത്ത് നിന്ന് പുറപ്പെട്ട് 10.30ന് മാമത്ത് എത്തും. പൂജാ ഓഡിറ്റോറിയത്തില്‍ വിശ്രമം. വൈകിട്ട് നാലിന് തുടരുന്ന പദയാത്ര രാത്രി ഏഴിന് കല്ലമ്പലത്ത് സമാപിക്കും. 14ന് രാവിലെ ആരംഭിച്ച് പത്ത് മണിക്ക് ജില്ലാ അതിര്‍ത്തിയായ കടമ്പാട്ടുകോണത്തെത്തും. കൊല്ലം ജില്ലാ സ്വാഗതസംഘത്തിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. തിരുവനന്തപുരം ജില്ലയില്‍ 14 വരെയാണ് പര്യടനം.
കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലൂടെയാണ് പദയാത്ര കടന്നു പോകുന്നത്. മലപ്പുറം വഴി കര്‍ണാടകത്തിലേക്ക് കടക്കും. 118 സ്ഥിരം യാത്രികര്‍ കാശ്മീര്‍ വരെ അനുഗമിക്കും. 150 ദിവസം കൊണ്ട് 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 3570 കിലോമീറ്റര്‍ സഞ്ചരിച്ച് പദയാത്ര കാശ്മീരിലെത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.