ഗോവയിലെ കുടുംബസ്വത്ത് അജ്ഞാതന്‍ തട്ടിയെടുത്തു; പരാതിയുമായി യു.കെ ആഭ്യന്തര സെക്രട്ടറിയുടെ പിതാവ്

ഗോവയിലെ കുടുംബസ്വത്ത് അജ്ഞാതന്‍ തട്ടിയെടുത്തു; പരാതിയുമായി യു.കെ ആഭ്യന്തര സെക്രട്ടറിയുടെ പിതാവ്

പനാജി: ഗോവയിലെ കുടുംബസ്വത്ത് അജ്ഞാതനായ ഒരാള്‍ തട്ടിയെടുത്തെന്ന പരാതിയുമായി യു.കെ ആഭ്യന്തര സെക്രട്ടറിയുടെ പിതാവ്. യു.കെ ആഭ്യന്തര സെക്രട്ടറിയും ഇന്ത്യന്‍ വംശജയുമായ സുവെല്ല ബ്രേവര്‍മാന്റെ പിതാവ് ക്രിസ്റ്റി ഫെര്‍ണാണ്ടസാണ് പരാതി നല്‍കിയത്. ഗോവ പൊലീസിന്റെ പ്രത്യേക സംഘം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

ബ്രിട്ടണില്‍ ലിസ് ട്രസിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരില്‍ ആഭ്യന്തര സെക്രട്ടറിയാണ് സുവെല്ല ബ്രേവര്‍മാന്‍. 13,900 ചതുരശ്ര മീറ്റര്‍ വരുന്ന രണ്ട് വസ്തുവകകള്‍ തട്ടിയെടുക്കപ്പെട്ടു എന്നാണ് പരാതി.

പവര്‍ ഓഫ് അറ്റോര്‍ണിയുടെ പേരില്‍ അജ്ഞാതനായ ഒരാളാണ് സ്വത്ത് തട്ടിയെടുത്തത്. തന്റെയും മറ്റു കുടുംബാംഗങ്ങളുടെയും പേരിലുള്ള സ്വത്താണിതെന്ന് ക്രിസ്റ്റി ഫെര്‍ണാണ്ടസ് പരാതിയില്‍ വ്യക്തമാക്കി. ജൂലൈ 27ന് മുന്‍പാണ് സ്വത്ത് നഷ്ടപ്പെട്ടതെന്നും വിവരം അറിഞ്ഞത് ഓഗസ്റ്റിലാണെന്നും പരാതിയില്‍ പറയുന്നു.

മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഡി.ജി.പി ജസ്പാല്‍ സിങ്, ഗോവ എന്‍.ആര്‍.ഐ കമ്മിഷണറേറ്റ് എന്നിവര്‍ക്ക് ഇ-മെയില്‍ വഴി പരാതി നല്‍കി. കഴിഞ്ഞയാഴ്ച പരാതി ലഭിച്ചെന്നും അതു ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുണ്ടെന്നും ഗോവ എന്‍ആര്‍ഐ കമ്മിഷണര്‍ നരേന്ദ്ര സവൈക്കര്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.

ഭൂമി കയ്യേറ്റ കേസുകള്‍ അന്വേഷിക്കാന്‍ ഈ വര്‍ഷം ആദ്യം ഗോവ സര്‍ക്കാര്‍ പൊലീസ്, റവന്യൂ, ആര്‍ക്കൈവ്‌സ് ആന്‍ഡ് ആര്‍ക്കിയോളജി വകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. ഗോവയില്‍ ഇത്തരം നൂറിലധികം കേസുകള്‍ എസ്.ഐ.ടി അന്വേഷിക്കുന്നു. ആര്‍ക്കൈവ്‌സ് ആന്‍ഡ് ആര്‍ക്കിയോളജി വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരടക്കം 15ലധികം പേര്‍ ഇതിനകം അറസ്റ്റിലായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.