ഷംസീര്‍ പുതിയ സ്പീക്കര്‍: 96 വോട്ട് നേടി വിജയം; അന്‍വര്‍ സാദത്തിന് 40 വോട്ട്

ഷംസീര്‍ പുതിയ സ്പീക്കര്‍: 96 വോട്ട് നേടി വിജയം; അന്‍വര്‍ സാദത്തിന് 40 വോട്ട്

തിരുവനന്തപുരം: കേരള നിയമ സഭയുടെ പുതിയ സ്പീക്കറായി എ.എന്‍ ഷംസീറിനെ തിരഞ്ഞെടുത്തു. സഭയുടെ ഇരുപത്തിനാലാമത്തെ സ്പീക്കറായ ഷംസീര്‍ സിപിഎം സംസ്ഥാന സമിതി അംഗവും തലശേരിയില്‍ നിന്നുള്ള നിയമ സഭാംഗവുമാണ്.

നിയമ സഭയില്‍ നടന്ന വോട്ടെടുപ്പില്‍ യുഎഡിഎഫിലെ അന്‍വര്‍ സാദത്തിനെയാണ് ഷംസീര്‍ പരാജയപ്പെടുത്തിയത്. ഷംസീറിന് 96 വോട്ടും അന്‍വര്‍ സാദത്തിന് 40 വോട്ടും ലഭിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയിലായിരുന്നു വോട്ടെടുപ്പ് നടന്നത്. എ.എന്‍. ഷംസീറിന് വേണ്ടി മൂന്ന് സെറ്റ് പത്രികകളും അന്‍വര്‍ സാദത്തിന് വേണ്ടി ഒരു സെറ്റ് പത്രികയുമാണ് സമര്‍പ്പിച്ചിരുന്നത്.

സ്പീക്കറായിരുന്ന എം.ബി രാജേഷ് തദ്ദേശ ഭരണ, എക്‌സൈസ് വകുപ്പ് മന്ത്രിയായ സാഹചര്യത്തിലാണ് പുതിയ സ്പീക്കറെ തിരഞ്ഞെടുക്കേണ്ടി വന്നത്. നിയമ നിര്‍മാണത്തിനായി ചേര്‍ന്ന കഴിഞ്ഞ നിയമസഭാ സമ്മേളനം ഈ മാസം ഒന്നിന് സമാപിച്ചിരുന്നെങ്കിലും അത് പിരിച്ചുവിട്ടുകൊണ്ടുള്ള തീരുമാനം മന്ത്രിസഭായോഗം അംഗീകരിച്ച് ഗവര്‍ണറെ അറിയിച്ചിരുന്നില്ല.

അതുകൊണ്ട് സാങ്കേതികമായി ആ സമ്മേളനത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്നത്തെ സമ്മേളനവും. ഇന്ന് സ്പീക്കര്‍ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭാ യോഗം ചേര്‍ന്ന് സമ്മേളനം പിരിച്ചുവിട്ടതായി അംഗീകരിച്ച് ഗവര്‍ണറെ അറിയിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.