ലോകത്തെ വിരൽത്തുമ്പിൽ എത്തിച്ച മൊബൈൽ ഫോണിലെ ഗെയിം ചേഞ്ചർ ഐഫോൺ ഇനി ഇന്ത്യയിലും നിർമ്മിക്കും. ഉപ്പ് തൊട്ട് ഇലക്ട്രിക് വാഹനങ്ങൾ വരെ നിർമ്മിക്കുന്ന ടാറ്റ, ആപ്പിൾ കമ്പനിക്ക് ഐഫോൺ നിർമിച്ചു നൽകുന്ന വിസ്ട്രൺ കോർപെന്ന കമ്പനിയുമായി ഇത് സംബന്ധിച്ച ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. ചർച്ച വിജയിച്ചാൽ ഇരു കമ്പനികളും സഹകരിച്ച് ഇന്ത്യയിൽ വെച്ചായിരിക്കും ഇനി ഐഫോൺ നിർമിക്കുക. ഐ ഫോണിന്റെ മൊബൈൽ പാർട്‌സുകളുടെ അസംബ്ലിങ് ആരംഭിക്കാനാണ് ടാറ്റയുടെ പുതിയ നീക്കം. ഐഫോൺ നിർമാണത്തിലേക്കു കടന്നാൽ ഇന്ത്യയിൽ ഐഫോൺ നിർമിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനി എന്ന പേര് കൂടി ടാറ്റയ്ക്ക് സ്വന്തമാകും. മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ടാറ്റാ ഗ്രൂപ്പ് വിസ്ട്രൺ കമ്പനിയിൽ തങ്ങളുടെ പങ്കാളിത്തം നേരിട്ട് ഉറപ്പാക്കുമെന്നതും തീർച്ചയായി. 2007ൽ പിറവിയെടുത്തത് ഞൊടിയിടയിൽ ആഗോള മാർക്കറ്റ് കീഴടക്കിയ ആപ്പിളുമായി കൈകോർത്തുള്ള ഈ നീക്കത്തിലൂടെ ഇന്ത്യൻ ബിസിനസ് രംഗത്ത് തന്നെ വൻ മാറ്റങ്ങൾക്കാണ് വഴി വെയ്ക്കുക.
പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഐ ഫോണിന്റെ ഘടകഭാഗങ്ങൾ കൂട്ടി യോജിപ്പിക്കുന്ന ജോലികൾ മാത്രമേ ഇന്ത്യയിൽ നടക്കുകയുള്ളൂ. എന്നാലും ചൈനയിൽ നിന്നുള്ള നിർമ്മാണ പ്രവർത്തനങ്ങള് മാറ്റണമെന്ന് ആഗ്രഹിക്കുന്നവരാണ് ആപ്പിളും അമേരിക്കയും. ഫോക്‌സ്‌കോൺ ടെക്‌നോജി ഗ്രൂപ്പും വിസ്ട്രണുമാണ് ഐഫോൺ നിർമിക്കുന്ന പ്രമുഖർ. രണ്ടും തയ്‌വാനീസ് കമ്പനികളാണ്. ടാറ്റയുടെ നീക്കം വൻ അടിയാകാൻ പോകുന്നത് ചൈനയ്ക്കാണ്. നിലവിൽ വിസ്ട്രൺ കമ്പനി ഇന്ത്യയിൽ നിർമിക്കുന്ന ഐഫോണുകളുടെ എണ്ണത്തിൽ ഏകദേശം അഞ്ചു മടങ്ങു വർധനവ് വരുത്തുക എന്നതാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. എന്നിരുന്നാലും ഇടപാട് എങ്ങനെയായിരിക്കുമെന്നതിൽ കൂടുതൽ വ്യക്തത വരാനുമുണ്ട്. ചിലപ്പോൾ വിസ്ട്രണിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ ടാറ്റ ഓഹരി വാങ്ങുകയാകും ചെയ്യുന്നത്. ഇനി ടാറ്റ പുതിയ പ്ലാന്റ് സ്ഥാപിക്കുമോ എന്നും കണ്ടറിയണം.
മേഖലയിൽ പ്രാവീണ്യം തെളിയിച്ച വിസ്ട്രണുമായുള്ള സംയുക്ത സംരംഭത്തിനു പിന്നിലും ടാറ്റയ്ക്കു പ്രത്യേക ലക്ഷ്യങ്ങളുണ്ട്. കൂടുതൽ ഉൽപാദനം, സ്മാർട്ഫോൺ നിർമാണത്തിലെ വൈദഗ്ധ്യം, മികച്ച സപ്ലൈ ചെയിൻ, ഘടകങ്ങളുടെ അസംബ്ലിങ് എന്നിവയിൽ ഈ തായ്‌വനീസ് കമ്പനിക്കുള്ള പ്രാവീണ്യത്തിൽ ടാറ്റ ഗ്രൂപ്പിന് സംശയമില്ല. വിസ്ട്രൺ, ഫോക്സ്കോൺ തുടങ്ങിയ കമ്പനികളാണ് ഇന്ത്യയിലെയും ചൈനയിലെയും ഐ ഫോണിന്റെ ഏറ്റവും വലിയ ഉൽപാദകർ. എന്നാൽ റിപ്പോർട്ടിൽ ടാറ്റയുടെ ഭാഗത്തുനിന്നുള്ള സ്ഥിരീകരണം ഇനിയും വരാനിരിക്കുന്നതേയുള്ളു. ആപ്പിൾ കമ്പനിയുടെ അറിവോടെയാണോ ടാറ്റ–വിസ്ട്രൺ ഡീൽ എന്നതിനും വ്യക്തത വരാനുണ്ട്.
ടാറ്റയുടെ ഇല്ക്രോണിക്സ് റീടെയ്‌ലറായ ക്രോമ ഐഫോൺ 14 ന്റെ പ്രീഓർഡറിൽ പ്രത്യേക ഓഫറുകളും മത്സരങ്ങളും തുടങ്ങിക്കഴിഞ്ഞു. ഇതും വരാൻപോകുന്ന കരാറിന്റെ സൂചനയായി കാണുന്നവരുണ്ട്. രാജ്യത്തെ ഐഫോൺ നിർമാതാക്കളാകാനുള്ള അവസരം ടാറ്റ വിട്ടുകളയാനും സാധ്യതയില്ല. അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഉപകരണ നിർമാണത്തിനും ഇലക്ട്രോണിക്സ് മേഖലയിലേക്കും ഇനി കൂടുതൽ പ്രാധാന്യം കൊടുക്കുമെന്ന് ടാറ്റ ഗ്രൂപ്പ് നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ ഐഫോൺ ഘടകഭാഗങ്ങൾ എത്തിച്ചുകൊടുക്കുന്ന ബിസിനസ് ഗ്രൂപ്പ് ഇതിനോടകം ആരംഭിച്ചുകഴിഞ്ഞെന്നും റിപ്പോർട്ടുകളുണ്ട്. പക്ഷേ, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൽ നിന്ന് കരാറിന് അംഗീകാരം ലഭിക്കേണ്ടതുണ്ട്. ആപ്പിൾ കരാറിനായി ഇതുവരെ മന്ത്രാലയത്തെ സമീപിച്ചിട്ടില്ല.
ഉൽപന്നനിരയിലെ ടാറ്റയുടെ മേൽക്കോയ്മയ്ക്കു പിന്നിൽ ടാറ്റ എന്ന ബ്രാൻഡിനോടും കമ്പനിയോടും ഇന്ത്യക്കാർക്കുള്ള വിശ്വാസവും സ്നേഹവുമെല്ലാമുണ്ട്. അതുകൊണ്ടുതന്നെ, ടാറ്റ ഇന്ത്യയിൽ ഐഫോൺ നിർമിക്കുന്നു എന്ന റിപ്പോർട്ടുകളെ ഇന്ത്യക്കാർ അഭിമാനത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ഐഫോണിന്റെ കരാർ നിർമാതാക്കളായ തായ്‌വാനിലെ വിസ്ട്രൺ കമ്പനിയുമായി ടാറ്റ ഗ്രൂപ്പ് ചർച്ചകൾ നടത്തിവരികയാണെന്ന റിപ്പോർട്ട് പുറത്തുവിട്ടത് ബ്ലൂംബെർഗാണ്.
ആൻഡ്രോയിഡിനൊപ്പം ലോകത്തിലെ ഏറ്റവും വലിയ രണ്ട് സ്‌മാർട്ട്‌ഫോൺ പ്ലാറ്റ്‌ഫോമുകളിൽ ഒന്നായ ഐഫോൺ, ആഡംബര വിപണിയുടെ വലിയൊരു ഭാഗമാണ്. 2007 ജനുവരി 9-ലാണ് ആദ്യ ഐഫോൺ പുറത്തിറങ്ങിയതെങ്കിലും പ്രോജക്റ്റ് പർപ്പിൾ എന്ന രഹസ്യനാമത്തിൽ പൊതിഞ്ഞ ഒന്നിലധികം വ്യത്യസ്ത പ്രോജക്ടുകളുടെ വികസനത്തിൽ ഐഫോണിന്റെ ചരിത്രം വളരെ മുമ്പേ തന്നെ ആരംഭിച്ചിരുന്നു. ആദ്യ തലമുറയെ സിഇഒ സ്റ്റീവ് ജോബ്‌സ് പ്രഖ്യാപിച്ചതിന് ശേഷവും, ആപ്പിൾ വർഷം തോറും പുതിയ ഐഫോൺ മോഡലുകളും ഐഎസ്ഓ അപ്‌ഡേറ്റുകളും കൃത്യമായി പുറത്തിറക്കുന്നുമുണ്ട്. സങ്കീർണ്ണമായ ചുവടിലൂടെ ആഗോള നിർമ്മാണ ഹബ്ബായി മാറാനുള്ള ഇന്ത്യയുടെ ശ്രമത്തിൽ വലിയ ഒരു മുന്നേറ്റം തന്നെയാണ് സംഭവിക്കാൻ പോകുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.