സംസ്ഥാന ആസൂത്രണ ബോര്‍ഡുകള്‍ക്ക് പകരം നിതി ആയോഗ് പോലെ 'സിറ്റ്' ആലോചനയില്‍

സംസ്ഥാന ആസൂത്രണ ബോര്‍ഡുകള്‍ക്ക് പകരം നിതി ആയോഗ് പോലെ 'സിറ്റ്' ആലോചനയില്‍

ന്യൂഡല്‍ഹി: ആസൂത്രണകമ്മിഷനു പകരം കേന്ദ്രതലത്തില്‍ നിലവില്‍വന്ന നിതി ആയോഗിന് (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ട്രാന്‍സ്‌ഫോമിങ് ഇന്ത്യ) സമാനമായി സംസ്ഥാനങ്ങളില്‍ 'സിറ്റ്' (സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍) രൂപവത്കരിക്കാന്‍ ആലോചന. സംസ്ഥാന ആസൂത്രണ ബോര്‍ഡുകള്‍ക്ക് പകരമായിരിക്കും പുതിയ സംവിധാനം.

2047 ആകുമ്പോള്‍ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച കൈവരിച്ച് ഇന്ത്യയെ വികസിതരാജ്യമാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ആസൂത്രണ സെക്രട്ടറിമാരുടെ യോഗം ഈയിടെ ചേര്‍ന്നിരുന്നു. ബി.ജെ.പി ഭരിക്കുന്ന യു.പി, കര്‍ണാടകം, മധ്യപ്രദേശ്, അസം എന്നിവിടങ്ങളിലായിരിക്കും ആദ്യം 'സിറ്റ്' നിലവില്‍ വരിക. 2023ഓടെ എല്ലാ സംസ്ഥാനങ്ങളിലും സ്ഥാപിതമാക്കും.

മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ പ്രതിരോധം, റെയില്‍വേ, ഹൈവേ എന്നിവ ഒഴികെയുള്ള മേഖലകളുടെ വളര്‍ച്ച സംസ്ഥാനങ്ങളുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ബിസിനസ് സൗഹാര്‍ദ അന്തരീക്ഷം സൃഷ്ടിക്കല്‍, അടിസ്ഥാനസൗകര്യ വികസനം, ഭൂപരിഷ്‌കരണം തുടങ്ങിയ മേഖലകളില്‍ സംസ്ഥാനങ്ങളുടെ പങ്ക് നിര്‍ണായകമാണ്.

വിദ്യാഭ്യാസം, ആരോഗ്യം മുതലായവ പ്രധാനമായും സംസ്ഥാനങ്ങളുടെ മേല്‍നോട്ടത്തിലാണ്. ഈ പശ്ചാത്തലത്തില്‍ വികസനക്കുതിപ്പും മാറ്റവും ഉണ്ടാവാന്‍ സംസ്ഥാന തലത്തില്‍ നിലവിലെ ആസൂത്രണ സംവിധാനം പരിഷ്‌കരിക്കണമെന്നാണ് വിലയിരുത്തല്‍. പലയിടങ്ങളിലും ആസൂത്രണ ബോര്‍ഡുകളുടെ പ്രവര്‍ത്തനം കാലാനുസൃതമല്ല.

പ്രൊഫഷണലുകളെയും വിവിധ മേഖലകളിലെ വിദഗ്ധരെയും ഉള്‍പ്പെടുത്തി സിറ്റ് നിലവില്‍ വന്നാല്‍ പുതിയൊരു ഉണര്‍വ് കൈവരുമെന്നാണ് പ്രതീക്ഷ. 2015ലാണ് ആസൂത്രണ കമ്മിഷനു പകരം നിതി ആയോഗ് നിലവില്‍ വന്നത്. ഇതോടെ, സംസ്ഥാന ആസൂത്രണബോര്‍ഡുകളുടെ പ്രാധാന്യം കുറഞ്ഞു. സംസ്ഥാനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ ആസൂത്രണ കമ്മിഷനുമായി കൂടിയാലോചിച്ച് അംഗീകരിക്കുന്ന രീതിയും നിര്‍ത്തലാക്കി. പ്ലാന്‍ ഫണ്ട് അനുവദിക്കല്‍ ധനമന്ത്രാലയത്തിന്റെ നേരിട്ടുള്ള ചുമതലയിലുമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.