ഒപ്പിടുന്നതിനിടെ പേന ലീക്കായി; ചാള്‍സ് മൂന്നാമന്റെ 'കണ്‍ട്രോളു' പോയി: വീഡിയോ

ഒപ്പിടുന്നതിനിടെ പേന ലീക്കായി;  ചാള്‍സ് മൂന്നാമന്റെ 'കണ്‍ട്രോളു' പോയി: വീഡിയോ

ലണ്ടന്‍: ഒപ്പിടുന്നതിനിടെ പേനയിലെ മഷി ലീക്കായതിനെ തുടര്‍ന്ന് ക്ഷുഭിതനായി ചാള്‍സ് മൂന്നാമന്‍ രാജാവ്. വടക്കന്‍ അയര്‍ലന്‍ഡിലെ ഔദ്യോഗിക സര്‍ക്കാര്‍ വസതിയായ ഹില്‍സ്ബറോ കാസിലിലെ സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പിടുന്നതിനിടെയാണ് പേന ചാള്‍സ് മൂന്നാമന് പാരയായത്.

പേന ലീക്കായതോടെ ഇരിപ്പിടത്തില്‍ നിന്ന് കോപാകുലനായി എഴുന്നേറ്റ് പോകുന്ന രാജാവിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

'ഓ ദൈവമേ, ഞാന്‍ ഈ പേനയെ വെറുക്കുന്നു' എന്ന് പറഞ്ഞ് ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ ചാള്‍സ് ഭാര്യയും രാജ്ഞിയുമായ കാമിലയ്ക്ക് പേന കൈമാറുകയായിരുന്നു. കൈയിലാകെ പരന്ന മഷി തുടച്ചുകളഞ്ഞ ശേഷം 'ഇത്തരം കാര്യങ്ങള്‍ സഹിക്കാനാകില്ല' എന്ന് പറഞ്ഞാണ് രാജാവ് നടന്നു നീങ്ങിയത്.

ഇതിനു പിന്നാലെ അംഗരക്ഷകരെത്തി പേനയിലെ മഷി തുടച്ചു വൃത്തിയാക്കി. ഇതേസമയം മേശപ്പുറത്തുണ്ടായിരുന്ന മറ്റൊരു പേന ഉപയോഗിച്ച് കാമില പുസ്തകത്തില്‍ ഒപ്പിടുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ രാജാവായ ചാള്‍സ് മൂന്നാമന്‍ ക്യാമറയ്ക്ക് മുന്നില്‍ പരസ്യമായി അസ്വസ്ഥനാകുന്ന വീഡിയോ നേരത്തേയും പുറത്തു വന്നിരുന്നു.

രാജാവായുള്ള പ്രവേശന വിളംബരം ഒപ്പിടുന്നതിന് തൊട്ടുമുമ്പ് തന്റെ മേശ വൃത്തിഹീനമായി കണ്ടപ്പോഴും അദ്ദേഹം അനിഷ്ടം പ്രകടപ്പിച്ചിരുന്നു. ദേഷ്യപ്പെട്ട് മേശപ്പുറത്തുള്ള മഷിക്കുപ്പികള്‍ അടക്കം എടുത്തു മാറ്റാന്‍ പരിചാരകരോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.