'അടിസ്ഥാനരഹിതവും വസ്തുതാ വിരുദ്ധവും': കാശ്മീര്‍ വിഷയത്തില്‍ ഒ.ഐ.സിയ്ക്ക് ശക്തമായ മറുപടിയുമായി ഇന്ത്യ

'അടിസ്ഥാനരഹിതവും വസ്തുതാ വിരുദ്ധവും': കാശ്മീര്‍ വിഷയത്തില്‍ ഒ.ഐ.സിയ്ക്ക് ശക്തമായ മറുപടിയുമായി ഇന്ത്യ

ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയില്‍ കാശ്മീര്‍ വിഷയം ഉന്നയിച്ച ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയ്ക്ക് ശക്തമായ മറുപടി നല്‍കി ഇന്ത്യ. വിഷയത്തില്‍ ഒ.ഐ.സിയുടെ പരാമര്‍ശങ്ങള്‍ അടിസ്ഥാനരഹിതവും വസ്തുതാ വിരുദ്ധവുമാണെന്ന് ഇന്ത്യ വ്യക്തമാക്കി. സ്വന്തം രാജ്യത്തെ ജനങ്ങളുടെ കാര്യം നോക്കാന്‍ സൈന്യത്തെയും ഭീകരരെയും ഒരേ പോലെ ആശ്രയിക്കുന്ന പാക്സ്ഥാന്റെ പ്രചാരണങ്ങള്‍ക്ക് ഉത്തരവാദിത്വ ബോധമുള്ള രാജ്യങ്ങള്‍ ചെവികൊടുക്കുന്നത് നിരാശാജനകമാണെന്നും ഇന്ത്യ തുറന്നടിച്ചു.

ഇന്ത്യയുമായി നല്ല ബന്ധം കാത്ത് സൂക്ഷിക്കുന്ന രാജ്യങ്ങളാണ് ഒ.ഐ. സിയില്‍ ഉള്ളത്. ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച പാകിസ്ഥാന്റെ വാദഗതികള്‍ ഒ.ഐ.സി ഏറ്റെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ അറിയിച്ചു.

കാശ്മീരില്‍ ഇന്ത്യ ഏകപക്ഷീയമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് ഒ.ഐ.സി കഴിഞ്ഞ ദിവസം യു.എന്‍ മനുഷ്യാവകാശ സമിതിയില്‍ പരാമര്‍ശിച്ചിരുന്നു. ഇന്ത്യ മേഖലയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നുവെന്ന് പാകിസ്ഥാനും ആരോപിച്ചിരുന്നു. തുടര്‍ന്നാണ് ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയില്‍ പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഇന്ത്യ രംഗത്തെത്തിയത്.

ഇന്ന് ബംഗ്ലാദേശ് എന്ന് അറിയപ്പെടുന്ന പഴയ കിഴക്കന്‍ പാകിസ്ഥാന്‍ മേഖലയില്‍ അവര്‍ ചെയ്തു കൂട്ടിയ വംശഹത്യകള്‍ ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളവയാണെന്ന് ഇന്ത്യ ആരോപിച്ചു. ന്യൂനപക്ഷങ്ങള്‍ക്ക് ആരാധനാ സ്വാതന്ത്ര്യവും മറ്റ് അവകാശങ്ങളും നിരന്തരമായി നിഷേധിക്കുന്ന രാജ്യമാണ് പാകിസ്ഥാനെന്നും ഇന്ത്യ അഭിപ്രായപ്പെട്ടു.

എതിര്‍പ്പുകളെ നിശബ്ദമാക്കാന്‍ അനധികൃതമായ കടത്തിക്കൊണ്ട് പോകലുകള്‍, നിയമവിരുദ്ധ തടവ് ശിക്ഷകള്‍ എന്നിവ പാകിസ്ഥാന്‍ ഉപയോഗിക്കുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍, വിദ്യാര്‍ത്ഥികള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരെ ഭരണകൂടം വേട്ടയാടുകയാണ്. ബലൂചിസ്ഥാന്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ജീവിക്കുന്നവര്‍ നരകതുല്യമായ ദുരിതങ്ങളാണ് അനുഭവിക്കുന്നതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

ജമ്മു കാശ്മീര്‍ വിഷയം ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിക്കാന്‍ നിരവധി തവണ ശ്രമിച്ച് പരാജയപ്പെട്ട ചരിത്രമാണ് പാകിസ്ഥാനുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.