ആവശ്യക്കാർ കുറഞ്ഞു ടിക്കറ്റ് നിരക്ക് കുത്തനെ കുറച്ച് വിമാനകമ്പനികള്‍

ആവശ്യക്കാർ കുറഞ്ഞു  ടിക്കറ്റ് നിരക്ക് കുത്തനെ കുറച്ച് വിമാനകമ്പനികള്‍

ദുബായ്: ആവശ്യക്കാരുടെ എണ്ണം കുറഞ്ഞതോടെ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുളള ടിക്കറ്റ് നിരക്കും കുറഞ്ഞു.

ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലവില്‍ വിവിധ വിമാനകമ്പനികളില്‍ ടിക്കറ്റ് ലഭ്യമാകുന്നത്.

എയർ അറേബ്യയില്‍ ശരാശരി 250- 300 ദിർഹത്തിന് വിവിധ എമിറേറ്റുകളില്‍ നിന്ന് കേരളത്തിലേക്ക് പറക്കാം. അബുദബി- കോഴിക്കോട് ടിക്കറ്റ് നിരക്ക് 290 മുതലാണ് ആരംഭിക്കുന്നത്. ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് സ്പൈസ് ജെറ്റില്‍ 236 ദിർഹം മുതലാണ് നിരക്കുകള്‍.

വേനല്‍ അവധി അവസാനിച്ചതാണ് ഇന്ത്യയിലേക്കുളള ടിക്കറ്റ് നിരക്ക് കുറയാന്‍ കാരണം. അതേസമയം യുഎഇയില്‍ ഉത്സവകാലം ആരംഭിക്കാനിരിക്കെ ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുളള ടിക്കറ്റ് നിരക്കില്‍ കുറവ് വന്നിട്ടില്ല.

ശരാശരി 1000 ദിർഹമാണ് വിവിധ വിമാനകമ്പനികളില്‍ ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുളള ടിക്കറ്റ് നിരക്ക്.
എന്നാല്‍ ഇന്ത്യയിലേക്കുളള ടിക്കറ്റ് നിരക്കിലെ കുറവില്‍ അമിതാഹ്ളാദം വേണ്ടെന്നാണ് വിവിധ ട്രാവല്‍ ഏജന്‍റുമാർ പറയുന്നത്.

ദസറയും ദീപാവലിയുമെത്തുന്ന ഒക്ടോബറോടെ ടിക്കറ്റ് നിരക്ക് വീണ്ടും ഉയർന്നേക്കും.
ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ യുഎഇയിലെത്തുന്നത്. അബുദബി വിമാനത്താവളത്തില്‍ നിന്നുളള കണക്ക് അനുസരിച്ച് 2022 ന്‍റെ ആദ്യപകുതിയില്‍ 1.28 ദശലക്ഷം പേരാണ് ഇന്ത്യയില്‍ നിന്നും രാജ്യത്ത് എത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.