കോവിഡ് മഹാമാരി 'ഫിനിഷിങ് ലൈനി'ലേക്ക്; പോരാട്ടം കടുപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി

കോവിഡ് മഹാമാരി 'ഫിനിഷിങ് ലൈനി'ലേക്ക്; പോരാട്ടം കടുപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി

ജനീവ: കഴിഞ്ഞ മൂന്ന് വര്‍ഷമായി ലോകജനതയെ ദുരിതത്തിലാഴ്ത്തിയ കോവിഡ് മഹാമാരിയുടെ അവസാനം കാണാന്‍ കഴിയുന്നതായി ലോകാരോഗ്യ സംഘടനാ (ഡബ്ല്യു.എച്ച്.ഒ) മേധാവി. അതേസമയം പ്രതിരോധ നിയന്ത്രണ നടപടികള്‍ ലഘൂകരിക്കാനുള്ള സമയമായില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഇതുവരെ ലക്ഷ്യം കൈവരിച്ചുവെന്ന് പറയാറായിട്ടില്ലെങ്കിലും മാരത്തണ്‍ ഓട്ടത്തിന്റെ ഫിനിഷിങ് ലൈനിലേക്ക് ലോക രാജ്യങ്ങള്‍ അടുത്തുകൊണ്ടിരിക്കുകയാണെന്ന് ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അദാനോം ഗബ്രിയേസസ് പറഞ്ഞു. ജനീവയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

'മാരത്തണ്‍ ഓടുന്നയാള്‍ ഫിനിഷിങ് ലൈന്‍ ദൃശ്യമാകുമ്പോള്‍ ഓട്ടം നിര്‍ത്തുന്നില്ല. അയാള്‍ ശേഷിക്കുന്ന മുഴുവന്‍ ഊര്‍ജവും ഉപയോഗിച്ച് കൂടുതല്‍ കഠിനമായി ഓടുന്നു. നമുക്കും അങ്ങനെ വേണം.

നമുക്കിപ്പോള്‍ ഫിനിഷിങ് ലൈന്‍ കാണാന്‍ കഴിയും. നാം വിജയത്തിലേക്കുള്ള ഒാട്ടത്തിലാണ്. ഏറ്റവും കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ട സമയം.

കോവിഡ് പ്രതിരോധത്തില്‍ ആഗോളതലത്തില്‍ ഇതുപോലെ മെച്ചപ്പെട്ട സ്ഥിതിയുണ്ടായിട്ടില്ലെന്ന് സൂചിപ്പിച്ചായിരുന്നു ടെഡ്രോസ് അദാനോമിന്റെ വാക്കുകള്‍. സെപ്തംബര്‍ 11 ന് അവസാനിച്ച ആഴ്ചയിലെ കണക്ക് അനുസരിച്ച് പുതിയ കേസുകള്‍ മുന്‍ ആഴ്ചയെ അപേക്ഷിച്ച് 28 ശതമാനത്തിലേക്ക് കുറഞ്ഞതായി ഡബ്ല്യുഎച്ച്ഒ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതിയ പ്രതിവാര മരണങ്ങളുടെ എണ്ണം 22 ശതമാനം കുറഞ്ഞ് 11,000 ല്‍ താഴെയായി.

സെപ്റ്റംബര്‍ 5-ന് ആഗോള പ്രതിദിന മരണനിരക്ക് 11,118 ആയിരുന്നു. ഇത് 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണ്.

അതേസമയം, ഈ കണക്കുകളെ നിസാരവല്‍ക്കരിച്ച് കാണരുതെന്നും പല രാജ്യങ്ങളും പരിശോധനകളുടെ എണ്ണം കുറച്ചിട്ടുണ്ടെന്നും ടെഡ്രോസ് അഥനോം പറഞ്ഞു. 2020 ലും 2021 ലുമായി 17 മില്യന്‍ ആളുകളെങ്കിലും കോവിഡ് ബാധിച്ച് മരണപ്പെട്ടതായി ഡബ്ല്യുഎച്ച്ഒയുടെ പഠനം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

2020 മാര്‍ച്ചിലാണ് കോവിഡിനെ ആഗോള മഹാമാരിയായി ഡബ്ല്യുഎച്ച്ഒ പ്രഖ്യാപിച്ചത്. രോഗവ്യാപനം നിയന്ത്രിക്കുന്നതിന് ആറിന മാര്‍ഗനിര്‍ദ്ദേശങ്ങളും ടെഡ്രോസ് അഥനോം നിര്‍ദ്ദേശിച്ചു. 100 ശതമാനം വാക്‌സിനേഷന്‍ ഉറപ്പാക്കുകയാണ് ഇതില്‍ ഏറ്റവും പ്രധാനമായി മുന്നോട്ടുവെച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.