അടുത്ത വര്‍ഷം മുതല്‍ കീം ഓണ്‍ലൈനില്‍; പ്രവേശന പരീക്ഷ കമ്മീഷണറുടെ ശുപാര്‍ശ അംഗീകാരം

അടുത്ത വര്‍ഷം മുതല്‍ കീം ഓണ്‍ലൈനില്‍; പ്രവേശന പരീക്ഷ കമ്മീഷണറുടെ ശുപാര്‍ശ അംഗീകാരം

തിരുവനന്തപുരം: എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്‌സ് പ്രവേശനത്തിനുള്ള കേരള എന്‍ട്രന്‍സ് (കീം) അടുത്ത വര്‍ഷം (2023-24) മുതല്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ പരീക്ഷയായി നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ്. പ്രതിവര്‍ഷം ഒരു ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് കീം എഴുതുന്നത്. ഇതുസംബന്ധിച്ച് പ്രവേശന പരീക്ഷ കമീഷണര്‍ കെ. ഇന്‍പശേഖര്‍ സമര്‍പ്പിച്ച ശുപാര്‍ശ അംഗീകരിച്ചാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.

നിലവില്‍ രണ്ട് പേപ്പറുകളായി നടത്തുന്ന പരീക്ഷ മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒറ്റ പേപ്പര്‍ ആയി നടത്താനാണ് കമീഷണര്‍ ശുപാര്‍ശ നല്‍കിയത്. ജനുവരിയിലും മെയിലുമായി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ രണ്ട് അവസരങ്ങള്‍ നല്‍കണം. ഇതില്‍ ഉയര്‍ന്ന സ്‌കോര്‍ റാങ്കിന് പരിഗണിക്കണം എന്നിങ്ങനെയാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.

യഥാര്‍ഥ സ്‌കോര്‍ പരിഗണിക്കുന്നതിന് പകരം അഖിലേന്ത്യ പ്രവേശന പരീക്ഷകളില്‍ പിന്തുടരുന്ന പെര്‍സന്റയില്‍ സ്‌കോര്‍ രീതി കേരള എന്‍ട്രന്‍സിലും നടപ്പാക്കാനാണ് തീരുമാനം. കൂടാതെ ഫാര്‍മസി പ്രവേശനത്തിന് പ്രത്യേക പരീക്ഷ നടത്താമെന്നും ശുപാര്‍ശയിലുണ്ട്. നിലവില്‍ എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്‌സുകളിലെ പ്രവേശനത്തിന് രണ്ട് പേപ്പറുകളിലായി ഒ.എം.ആര്‍ അധിഷ്ഠിത പേപ്പര്‍ -പെന്‍ പരീക്ഷയാണ് നടത്തുന്നത്.

കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ഒന്നിലധികം ബാച്ചുകളായി നടത്തേണ്ടി വരും. അതിനാല്‍ അന്തിമ റാങ്ക് പട്ടിക തയാറാക്കാന്‍ ശാസ്ത്രീയമായ സ്റ്റാന്‍ഡേഡൈസേഷന്‍ രീതികള്‍ പാലിക്കണം.
ജെ.ഇ.ഇ മെയിന്‍ പരീക്ഷ മാതൃകയില്‍ ജെ.ഇ.ഇ മെയിന്‍ പരീക്ഷ ഘടനയില്‍ കേരള എന്‍ട്രന്‍സ് നടത്താനായിരുന്നു പരീക്ഷ കമീഷണര്‍ ശുപാര്‍ശ നല്‍കിയിരുന്നത്.

ഓരോ വിഷയത്തിനും രണ്ട് സെക്ഷന്‍ ഉണ്ടാകും. സെക്ഷന്‍ എയില്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളും ബിയില്‍ ഉത്തരങ്ങള്‍ പൂരിപ്പിക്കേണ്ട ചോദ്യങ്ങളും.

ബി സെക്ഷനില്‍ ഗണിതശാസ്ത്രം, ഫിസിക്‌സ്, കെമിസ്ട്രി എന്നിവക്ക് തുല്യ വെയ്‌റ്റേജോടെ വിദ്യാര്‍ഥികള്‍ പത്തില്‍ ഏതെങ്കിലും അഞ്ചു ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതണം. നെഗറ്റിവ് മാര്‍ക്കിങ് ഉണ്ടാകും. പൂരിപ്പിക്കേണ്ട ചോദ്യങ്ങള്‍ (ഫില്‍ ഇന്‍ ടൈപ്) നല്‍കുന്നതിലൂടെ ഉയര്‍ന്ന നിലവാരമുള്ള വിദ്യാര്‍ഥികളെ വേര്‍തിരിക്കാന്‍ സഹായകമാകും.

മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമാണ് പരീക്ഷക്ക് നല്‍കുന്നത്. ഫിസിക്‌സിനും കെമിസ്ട്രിക്കും ഗണിതശാസ്ത്രത്തിനും 100 മാര്‍ക്ക് വീതം ആകെ 300 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഉണ്ടാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.