മുംബൈ: ഗണേശ ചതുര്‍ത്ഥി ഘോഷയാത്രയ്ക്കിടെ അതിതീവ്ര ലേസര്‍ ലൈറ്റുകളുടെ വെളിച്ചത്തില്‍ നൃത്തം ചെയ്ത 65 പേര്‍ക്ക് കാഴ്ച നഷ്ടമായി. ആഘോഷത്തിന് മാറ്റുകൂട്ടാന്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ലേസര്‍ ലൈറ്റടിച്ചതാണ് ദുരന്തത്തിന് കാരണമായത്.
ദീര്‍ഘനേരം ലൈറ്റ് കണ്ണിലടിച്ചത് ഹോര്‍മോണ്‍ വ്യതിയാനത്തിനും ഹൈപ്പോഗ്ലൈസീമിയയ്ക്ക് സമാനമായ സാഹചര്യത്തിനും കാരണമായെന്ന് കോലാപ്പൂര്‍ ഡിസ്ട്രിക്ട് ഒഫ്താല്‍മോളജിസ്റ്റ് അസോസിയേഷന്‍ ഭാരവാഹി ഡോ. അഭിജിത് ടാഗാരെ പറഞ്ഞു.
ഇതിന്റെ വെളിച്ചത്തില്‍ മണിക്കൂറുകളോളം നൃത്തം ചെയ്തത് റെറ്റിനയില്‍ രക്തസ്രാവത്തിന് ഇടയാക്കുകയും ഇത് കാഴ്ച നഷ്ടപ്പെടുത്തുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10-12 ദിവസത്തിനിടെയാണ് സംഭവം. കോലാപ്പൂരില്‍ മാത്രം കുറഞ്ഞത് 65 പേര്‍ക്കാണ് കാഴ്ച പോയത്. ഇതില്‍ കൂടുതലും യുവാക്കളാണെന്ന് ഡോ. ടാഗാരെ വ്യക്തമാക്കി.
കണ്ണില്‍ നീര്‍വീക്കം, ക്ഷീണം, വരള്‍ച്ച, തലവേദന എന്നിവയാണ് സാധാരണ അനുഭവപ്പെടുന്ന ലക്ഷണങ്ങള്‍. ഇത്തരം സാഹചര്യത്തില്‍ ശസ്ത്രക്രിയ നടത്തുകയാണ് ഏക വഴി. എന്നാല്‍ ഇത് ചെലവേറിയതാണെന്ന് ടാഗാരെ പറഞ്ഞു.
ഉയര്‍ന്ന തീവ്രതയുള്ള ലേസര്‍ ലൈറ്റുകള്‍ മെഡിക്കല്‍, വ്യാവസായിക ആവശ്യങ്ങള്‍ക്കായാണ് സാധാരണ ഉപയോഗിക്കുക. ഇവ അലസമായി ഉപയോഗിക്കുന്നത് മനുഷ്യശരീരത്തിന് വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ലേസര്‍ ലൈറ്റ് നിര്‍മ്മാതാക്കള്‍ തന്നെ അവയുടെ ഉപയോഗത്തെക്കുറിച്ച് നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. ലൈറ്റുകളുടെ തീവ്രത 10 വാട്ടില്‍ താഴെയായിരിക്കണം, ലൈറ്റുകള്‍ ഒരു സ്ഥലത്ത് ദീര്‍ഘനേരം ഫോക്കസ് ചെയ്യരുത്, മനുഷ്യന്റെ കണ്ണിലേക്ക് അടിക്കരുത് തുടങ്ങിയവ ഇതില്‍ പ്രധാനമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.