യാക്കോബായ സഭയ്ക്ക് പുതിയ രണ്ടു മെത്രാപ്പൊലീത്തമാര്‍ കൂടി

യാക്കോബായ സഭയ്ക്ക് പുതിയ രണ്ടു മെത്രാപ്പൊലീത്തമാര്‍ കൂടി

ബെയ്‌റൂട്ട്: യാക്കോബായ സഭയുടെ രണ്ടു മെത്രാപ്പൊലീത്തമാര്‍ കൂടി അഭിഷിക്തരായി. ലബനനിലെ പാത്രിയര്‍ക്കാ ആസ്ഥാനത്ത് സെന്റ് മേരീസ് ചാപ്പലില്‍ നടന്ന അഭിഷേക ശുശ്രൂഷകളില്‍ ഗീവര്‍ഗീസ് കുറ്റിപറിച്ചേല്‍ റമ്പാനെ ഗീവര്‍ഗീസ് മാര്‍ സ്തേഫാനോസ് എന്നും മര്‍ക്കോസ് ചെമ്പകശേരില്‍ റമ്പാനെ മര്‍ക്കോസ് മാര്‍ ക്രിസ്റ്റഫോറസ് എന്നും പേരുചൊല്ലി വിളിച്ചു. പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ ശുശ്രൂഷകളില്‍ മുഖ്യ കാര്‍മികനായിരുന്നു. കുരിശിന്റെ പുകഴ്ചയുടെ പെരുന്നാള്‍ ദിനത്തിലാണ് മെത്രാപ്പൊലീത്തമാര്‍ അഭിഷിക്തരായത്.

മൂന്നു മണിക്കൂര്‍ നീണ്ട ശുശ്രൂഷകളില്‍ യാക്കോബായ സഭയില്‍ നിന്നുള്ള 15 മെത്രാപ്പൊലീത്തമാരും സിറിയ, ലബനന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പത്ത് ബിഷപ്പുമാരും സഹകാര്‍മികരായിരുന്നു. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായെയും മറ്റു മെത്രാപ്പൊലീത്തമാരെയും വിശ്വാസി സമൂഹം പ്രദക്ഷിണമായാണ് ചാപ്പലിലേക്കു വരവേറ്റത്.

മെത്രാന്‍ സ്ഥാനികളെ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് എന്നിവര്‍ ചേര്‍ന്നാണ് അനുഗമിച്ചത്. അഭിഷിക്തരായ മെത്രാപ്പൊലീത്തമാരുടെ ബന്ധുക്കള്‍ക്കു പുറമേ അമേരിക്ക, യു.കെ, ഷാര്‍ജ, ദുബായ്, മസ്‌കറ്റ് എന്നിവിടങ്ങളില്‍ നിന്നായി 350 പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു.

യാക്കോബായ സുറിയാനി സഭാ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ്, ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ്, എല്‍ദോ മാര്‍ തീത്തോസ്, കുര്യാക്കോസ് മാര്‍ യൗസേബിയോസ്, മര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ്, കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാര്‍ ഇവാനിയോസ്, ആയൂബ് മാര്‍ സില്‍വാനിയോസ്, യാക്കോബ് മാര്‍ അന്തോണിയോസ്, കുര്യാക്കോസ് മാര്‍ ക്ലിമ്മീസ്, സഖറിയാസ് മാര്‍ പീലക്സിനോസ്, ഏലിയാസ് മാര്‍ യൂലിയോസ്, ഡോ. മാത്യൂസ് മാര്‍ അന്തിമോസ്, മാത്യൂസ് മാര്‍ തിമോത്തിയോസ് എന്നിവരും ശുശ്രൂഷകളില്‍ സഹകാര്‍മികരായിരുന്നു.

സ്ലീബാ പെരുന്നാള്‍ ശുശ്രൂഷയ്ക്കു ശേഷമായിരുന്നു സ്ഥാനാഭിഷേക ശുശ്രൂഷകള്‍ക്ക് തുടക്കം കുറിച്ചത്. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ മുന്‍പില്‍ മുട്ടുകുത്തി നിന്ന മെത്രാന്‍സ്ഥാനികളുടെ ശിരസില്‍ വിശുദ്ധ വേദപുസ്തകം വച്ചു വായിച്ചു. തുടര്‍ന്നു മെത്രാന്‍സ്ഥാനികള്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ മുന്‍പാകെ വിശ്വാസം ഏറ്റുപറഞ്ഞ് ഉടമ്പടി ചെയ്തു. പ്രധാന കാര്‍മികന്‍ നിയുക്ത മെത്രാന്മാരെ തന്റെ അംശവസ്ത്രത്തിനുള്ളില്‍ അണച്ചുപിടിച്ചു അഭിഷേകം നടത്തി പേര്‍ചൊല്ലി വിളിച്ചു.

സ്ഥാനചിഹ്നങ്ങളായ അംശ വസ്ത്രം ധരിപ്പിച്ചു വലതു കയ്യില്‍ സ്ലീബ നല്‍കി. തുടര്‍ന്നു സിംഹാസനത്തില്‍ ഇരുത്തി വൈദികര്‍ ഉയര്‍ത്തി 'ഞാന്‍ നല്ല ഇടയനാകുന്നു, നല്ല ഇടയന്‍ ആടുകള്‍ക്കു വേണ്ടി തന്റെ ജീവനെ കൊടുക്കും' എന്ന വേദ ഭാഗം വായിച്ചു. ഈ സമയം നവാഭിഷിക്തരായ മെത്രാപ്പൊലീത്തമാര്‍ വിശ്വാസികളെ അനുഗ്രഹിച്ചു. വിശ്വാസികള്‍ 'ഇവന്‍ യോഗ്യന്‍' എന്ന അര്‍ഥമുള്ള 'ഓസ്‌കിയോസ്, ഓസ്‌കിയോസ്' എന്നു പ്രതിവാക്യം ചൊല്ലി. പുതിയ മെത്രാപ്പൊലീത്തമാര്‍ക്ക് അംശവടിയും നല്‍കി.

ശുശ്രൂഷകളില്‍ പങ്കെടുത്തവര്‍ക്കു പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ വിരുന്നൊരുക്കിയിരുന്നു. മലബാര്‍ ഭദ്രാസന സെക്രട്ടറി ഫാദര്‍ മത്തായി അതിരമ്പുഴയില്‍, യാക്കോബായ സഭ മുന്‍ ജോയിന്റ് സെക്രട്ടറി കെ.പി. തോമസ്, അലക്സാണ്ടര്‍ തോമസ്, സഭാ വര്‍ക്കിങ് കമ്മിറ്റി അംഗം സാബു പട്ടശേരില്‍ എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. ഗീവര്‍ഗീസ് മാര്‍ സ്തേഫാനോസ് മലബാര്‍ ഭദ്രാസനത്തിലെ സിംഹാസന പള്ളികളുടെ ചുമതല വഹിക്കും. മര്‍ക്കോസ് മാര്‍ ക്രിസ്റ്റഫോറസ് പാത്രിയര്‍ക്കാ ആസ്ഥാനത്തു മലങ്കര കാര്യങ്ങളുടെ സെക്രട്ടറിയായി തുടരും. ഗീവര്‍ഗീസ് മാര്‍ സ്തേഫാനോസ് ഇന്ന് കൊച്ചിയില്‍ എത്തി. മര്‍ക്കോസ് മാര്‍ ക്രിസ്റ്റഫോറസ് നാളെ കൊച്ചിയില്‍ എത്തും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26