കീവ്: റഷ്യന്‍ സൈന്യത്തില്‍നിന്നു തിരിച്ചുപിടിച്ച ഉക്രെയ്ന്‍ നഗരത്തിനടുത്തുള്ള വനത്തില്‍ 440-ലധികം മൃതദേഹങ്ങള്‍ കൂട്ടത്തോടെ അടക്കം ചെയ്ത നിലയില്‍ കണ്ടെത്തി. കനത്ത പോരാട്ടത്തിനൊടുവില്‍ ഉക്രെയ്ന്‍ സേന തിരിച്ച പിടിച്ച ഇസിയത്തിനു സമീപമുള്ള വനത്തിലാണ് കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയത്. നഗരം തിരിച്ചുപിടിച്ചതോടെയാണ് കൂട്ടക്കുരുതിയുടെ വിവരങ്ങള്‍ പുറത്തുവന്നത്. 17 ഉക്രെയ്ന്‍ സൈനികരെ ഒരൊറ്റ കുഴിമാടത്തില്‍ അടക്കം ചെയ്തതായും കണ്ടെത്തി. കുരിശുകള്‍ സ്ഥാപിച്ചാണ് കുഴിമാടങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നത്.
രാജ്യം നത്തിയ കനത്ത തിരിച്ചടിക്കൊടുവില്‍ കഴിഞ്ഞയാഴ്ച്ചയാണ് റഷ്യന്‍ സൈന്യം ഇസിയത്തില്‍നിന്നു പിന്‍വാങ്ങിയത്. മൃതദേഹാവശിഷ്ടങ്ങള്‍ ആരുടെയൊക്കെയാണെന്നു തിരിച്ചറിയാന്‍ ഫോറന്‍സിക് പരിശോധന നടത്തുമെന്ന് ഖാര്‍കിവ് മേഖലയിലെ ചീഫ് പോലീസ് ഇന്‍വെസ്റ്റിഗേറ്റര്‍ സെര്‍ഹി ബോള്‍വിനോവ് പറഞ്ഞു. പ്രദേശങ്ങളിലെ ഏറ്റവും വലിയ ശ്മശാനങ്ങളിലൊന്നാണ് ഇതെന്നും ബോള്‍വിനോവ് കൂട്ടിച്ചേര്‍ത്തു. സാധാരണക്കാരും സൈനികരുമാണ് കൊല്ലപ്പെട്ടത്.
റഷ്യന്‍ ഷെല്ലാക്രമണത്തിലും വ്യോമാക്രമണത്തിലുമാണ് ഇവരില്‍ പലരും കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ഉത്തരവാദിത്തം റഷ്യക്കാണെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി കുറ്റപ്പെടുത്തി. രാജ്യത്തേക്ക് അധിനിവേശം നടത്തിയ റഷ്യ എന്തൊക്കെ ക്രൂരതകളാണ് ചെയ്തുകൂട്ടിയത് എന്നതിന്റെ തെളിവുകളാണ് ഈ കൂട്ടക്കുഴിമാടങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരിയില്‍ ആരംഭിച്ച റഷ്യന്‍ അധിനിവേശത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ തലസ്ഥാനമായ കീവിനു സമീപമുള്ള ബുച്ചയില്‍ കണ്ടെത്തിയ കൂട്ടക്കുഴിമാടത്തിനു സമാനമാണ് ഇസിയത്തില്‍ കണ്ടെത്തിയതെന്നും സെലന്‍സ്‌കി പറഞ്ഞു. അന്നു നൂറുകണക്കിന് സിവിലിയന്‍മാരുടെ മൃതദേഹങ്ങള്‍ ബുച്ചയുടെ തെരുവിലും അവരുടെ വീടുകള്‍ക്ക് അരികിലും കൂട്ടക്കുഴിമാടങ്ങളിലും കണ്ടെത്തിയിരുന്നു.
ബുച്ച കൂട്ടക്കൊലയില്‍ റഷ്യക്കെതിരേ ഉക്രെയ്ന്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, ആരോപണം നിഷേധിച്ച റഷ്യ ഇത് ഉക്രെയ്ന്‍ പ്രചരണമാണെന്ന് പ്രതികരിച്ചു.
രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ചുള്ള കൂട്ടക്കുരുതിയാണ് ഉക്രെയ്‌നില്‍ നടന്നതെന്നും റഷ്യന്‍ സൈന്യം യുദ്ധക്കുറ്റങ്ങള്‍ തുടരുകയാണെന്നും ഉക്രെയ്‌നും പാശ്ചാത്യ സഖ്യകക്ഷികളും ആരോപിച്ചു. കൂട്ടക്കുരുതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മാധ്യമപ്രവര്‍ത്തകരെ വെള്ളിയാഴ്ച്ച കൂട്ടുക്കുരുതി നടന്ന സ്ഥലത്തേക്കു കൊണ്ടുപോകുമെന്നും വീഡിയോ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്നും റഷ്യന്‍ അധിനിവേശം എന്തിലേക്ക് നയിച്ചെന്നും ലോകം അറിയണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.
മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ മേഖലയില്‍ റഷ്യന്‍ സേന സ്‌ഫോടക വസ്തൃക്കള്‍ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാന്‍ ഉക്രെയ്ന്‍ സേന മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചു പരിശോധന നടത്തുന്നുണ്ട്. കണ്ടെത്തിയ മൃതദേങ്ങള്‍ ഇസിയം പ്രദേശവാസികളായിരുന്ന കുട്ടികളുടെയും മുതിര്‍ന്നവരുടേതുമാണെന്നു ഈ മേഖലയില്‍ താമസിക്കുന്ന സെര്‍ജി ഗൊറോഡ്‌കോ പറഞ്ഞു. റഷ്യന്‍ വ്യോമാക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്ന അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ താമസിച്ചിരുന്നവരാണ് കൊല്ലപ്പെട്ടവരില്‍ അധികവും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.