ക്വാണ്ടസ് സിഡ്നി - ബംഗളൂരു നോണ്‍ സ്റ്റോപ്പ് സര്‍വീസ് ആരംഭിച്ചു; കൊച്ചിയിലേക്കു കണക്ഷന്‍ സര്‍വീസ്

ക്വാണ്ടസ് സിഡ്നി - ബംഗളൂരു നോണ്‍ സ്റ്റോപ്പ് സര്‍വീസ് ആരംഭിച്ചു; കൊച്ചിയിലേക്കു കണക്ഷന്‍ സര്‍വീസ്

സിഡ്‌നി: മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസമായി ഓസ്‌ട്രേലിയന്‍ ദേശീയ വിമാനക്കമ്പനിയായ ക്വാണ്ടസ് സിഡ്നി - ബംഗളൂരു നോണ്‍ സ്റ്റോപ്പ് സര്‍വീസ് ആരംഭിച്ചു. ഇതാദ്യമായാണ് ഓസ്‌ട്രേലിയയില്‍ നിന്ന് ദക്ഷിണേന്ത്യയിലേക്കു നേരിട്ടുള്ള വിമാനസര്‍വീസ് യാഥാര്‍ത്ഥ്യമാകുന്നത്. ഇന്‍ഡിഗോയുമായി ചേര്‍ന്ന് കൊച്ചിയിലേക്കും കണക്ഷന്‍ സര്‍വീസ് ലഭിക്കുമെന്നതിനാല്‍ മലയാളികള്‍ക്ക് ഏറെ ആഹ്‌ളാദം പകരുന്നതാണ് ക്വാണ്ടസിന്റെ ഈ നടപടി.

സെപ്റ്റംബര്‍ 14-നാണ് ആദ്യ വിമാനം പറന്നുയര്‍ന്നത്. 11 മണിക്കൂറാണ് യാത്രാസമയം. ബുധന്‍, വെള്ളി, ശനി, ഞായര്‍ തുടങ്ങി ആഴ്ച്ചയില്‍ നാലു സര്‍വീസുകളാണ് ബംഗളൂരുവിലേക്കുള്ളത്.

എയര്‍ ഇന്ത്യയുടെ സിഡ്നി-ന്യൂഡല്‍ഹി വിമാനം മാത്രമാണ് നിലവില്‍ ഇന്ത്യയിലേക്കുള്ള ഒരേയൊരു നോണ്‍ സ്റ്റോപ്പ് സര്‍വീസ്.

സിഡ്നിയിലെ കിംഗ്സ്ഫോര്‍ഡ് സ്മിത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍നിന്നാണ് സര്‍വീസ് ആരംഭിക്കുന്നത്. ബംഗളൂരുവിലെ കെംപഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് വിമാനമിറങ്ങുക. ഈ റൂട്ടിലൂടെ ഇന്ത്യ-ഓസ്‌ട്രേലിയ യാത്രയുടെ ദൈര്‍ഘ്യം മൂന്നു മണിക്കൂറെങ്കിലും കുറയും. സര്‍വീസിന് വലിയ സ്വീകാര്യതയാണ് യാത്രക്കാരില്‍നിന്ന് ഉണ്ടായത്. ആദ്യ സര്‍വീസിന്റെ എല്ലാ ടിക്കറ്റുകളും പെട്ടെന്നു തന്നെ വിറ്റുതീര്‍ന്നിരുന്നു.

കൂടുതല്‍ സര്‍വീസ് വരുന്നതോടെ ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തിലും വര്‍ധന ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ക്വാണ്ടസ് സിഇഒ അലന്‍ ജോയ്‌സ് വ്യക്തമാക്കി. ഇന്‍ഡിഗോയുമായി സഹകരിച്ചാണ് ക്വാണ്ടസിന്റെ പുതിയ സര്‍വീസുകള്‍.

ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്കാണ് പുതിയ സര്‍വീസുകളുടെ ഗുണം ലഭിക്കുന്നത്. നിരവധി മലയാളികളാണ് ഓസ്‌ട്രേലിയയില്‍ താമസിക്കുന്നത്. കൂടുതല്‍ സര്‍വീസുകള്‍ വരുന്നതോടെ യാത്രനിരക്കിലും കുറവുണ്ടായേക്കുമെന്നാണ് പ്രതീക്ഷ.

വിശദമായ വായനയ്ക്ക്:

സിഡ്നി-ബെംഗളൂരു നോണ്‍ സ്റ്റോപ്പ് സര്‍വീസുമായി ക്വാണ്ടസ്; സെപ്റ്റംബര്‍ 14 മുതല്‍ ആഴ്ച്ചയില്‍ നാലു സര്‍വീസുകള്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.