സിഡ്നി: സിഡ്‌നിയില്‍നിന്ന് ബെംഗളൂരുവിലേക്ക് ആദ്യമായി നോണ്‍ സ്റ്റോപ്പ് സര്‍വീസുമായി ഓസ്ട്രേലിയന്‍ എയര്‍ലൈനായ ക്വാണ്ടസ്. ബെംഗളൂരുവിലേക്കുള്ള വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി മലയാളികള്‍ക്ക് ഉള്‍പ്പെടെ ഗുണം ചെയ്യുന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 14 മുതല്‍ ആഴ്ച്ചയില്‍ നാലു സര്‍വീസുകള്‍ ബെംഗളൂരുവിലേക്ക് തുടങ്ങാനാണ് പദ്ധതി.
എയര്‍ ഇന്ത്യയുടെ സിഡ്‌നി-ന്യൂഡല്‍ഹി വിമാനം മാത്രമാണ് നിലവില്‍ ഇന്ത്യയിലേക്കുള്ള ഒരേയൊരു നോണ്‍ സ്റ്റോപ്പ് സര്‍വീസ്. ഇതാദ്യമായാണ് ഒരു ഓസ്ട്രേലിയന്‍ വിമാനക്കമ്പനി ദക്ഷിണേന്ത്യയിലേക്കു നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നത്.
ഇന്ത്യ-ഓസ്ട്രേലിയ വ്യാപാര കരാര്‍ ഒപ്പുവച്ച് ഒരാഴ്ച്ച പിന്നിടുമ്പോഴാണ് ഈ തീരുമാനം വരുന്നത്. നേരിട്ടുള്ള വിമാന സര്‍വീസിന്റെ എണ്ണം വര്‍ധിക്കുന്നതിന്റെ ഗുണം ലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് ലഭിക്കും.
ബെംഗളൂരുവിലെ കെംപഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനും സിഡ്‌നിയിലെ കിംഗ്‌സ്‌ഫോര്‍ഡ് സ്മിത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനും ഇടയിലുള്ള പുതിയ റൂട്ടിലൂടെ ഇന്ത്യ-ഓസ്ട്രേലിയ യാത്രയുടെ ദൈര്‍ഘ്യം മൂന്നു മണിക്കൂറെങ്കിലും കുറയും. മടക്ക യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത് 78,380 രൂപ മുതലാണ്.
പുതിയ തീരുമാനത്തോടെ ഇന്ത്യ-ഓസ്ട്രേലിയ വ്യാപാരം അടുത്ത അഞ്ചു വര്‍ഷത്തില്‍ ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടുതല്‍ സര്‍വീസ് വരുന്നതോടെ ഓസ്ട്രേലിയ സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തിലും വര്‍ധന ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ക്വാണ്ടസ് സിഇഒ അലന്‍ ജോയ്സ് വ്യക്തമാക്കി. ഇന്‍ഡിഗോയുമായി സഹകരിച്ചാണ് ക്വാണ്ടസിന്റെ പുതിയ സര്‍വീസുകള്‍.
മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്കും പുതിയ സര്‍വീസുകള്‍ ഏറെ ഗുണം ചെയ്യും. നിരവധി മലയാളികള്‍ ഓസ്ട്രേലിയയില്‍ താമസിക്കുന്നുണ്ട്. പ്രത്യേകിച്ച് സിഡ്നിയിലും മെല്‍ബണിലുമുള്ള മലയാളികള്‍ക്ക്. കൂടുതല്‍ സര്‍വീസുകള്‍ വരുന്നതോടെ യാത്രനിരക്കിലും കുറവുണ്ടായേക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.