'ശിവന്‍കുട്ടി മേശപ്പുറത്ത് കയറി നൃത്തം ചെയ്ത് തളര്‍ന്നു വീഴുകയായിരുന്നു'; പരിഹാസവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

'ശിവന്‍കുട്ടി മേശപ്പുറത്ത് കയറി നൃത്തം ചെയ്ത് തളര്‍ന്നു വീഴുകയായിരുന്നു'; പരിഹാസവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭയിലെ കൈയ്യാങ്കളിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ പരിഹസിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവന്‍കുട്ടിയെ ആരും മര്‍ദ്ദിച്ചിട്ടില്ല. അദ്ദേഹം മേശപ്പുറത്ത് കയറി നൃത്തം ചെയ്ത് തളര്‍ന്നു വീഴുകയായിരുന്നുവെന്നുമാണ് രമേശ് ചെന്നിത്തല പരിഹസിച്ചത്.

ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്റെ വാദങ്ങള്‍ അബദ്ധജഡിലമാണെന്നും ദൃശ്യങ്ങള്‍ ലോകം മുഴുവന്‍ കണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജയരാജന്‍ മര്യാദ ഇല്ലാതെ കള്ളത്തരങ്ങള്‍ വിളിച്ചു പറയുന്നു. ശിവന്‍കുട്ടിയെ ആരും മര്‍ദ്ദിച്ചില്ല. സ്വയം കുഴഞ്ഞു വീഴുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമസഭയില്‍ സംഘര്‍ഷത്തിന് തുടക്കമിട്ടത് യുഡിഎഫാണെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ ആരോപണം. ആസൂത്രിതമായി പദ്ധതി തയാറാക്കിയാണ് യുഡിഎഫ് അംഗങ്ങള്‍ അന്ന് സഭയിലെത്തിയതെന്നും ഇന്നത്തെ മന്ത്രി വി. ശിവന്‍കുട്ടിയെ തല്ലി ബോധം കെടുത്തിയെന്നുമായിരുന്നു ആരോപണം. ഇതിനെതിരെയാണ് രമേശ് ചെന്നിത്തല രംഗത്തെത്തിയത്.

പി.ബിയുടെ തീരുമാനം വന്നതോടെ കേരള ഘടകം ആ നിലപാട് അംഗീകരിക്കുകയാണ് വേണ്ടത്. സമൂഹ മാധ്യമങ്ങളിലൂടെ സി.പി.എം നടത്തുന്ന അപകീര്‍ത്തികരമായ പ്രതികരണങ്ങള്‍ അവസാനിപ്പിച്ച് പി.ബി നിലപാടിനൊപ്പം നില്‍ക്കണമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

മന്ത്രിമാരുടെ വിദേശ ഉല്ലാസ യാത്ര തുടരുമ്പോള്‍ മുമ്പ് നടത്തിയ യാത്ര കൊണ്ട് ഉണ്ടായ പ്രയോജനം എന്തെന്ന് പറയണം. ട്രഷറി അടച്ചു പൂട്ടലിന്റെ വക്കില്‍ നില്‍ക്കുമ്പോഴുളള ഈ യാത്ര ഒഴിവാക്കുന്നതിനെ ക്കുറിച്ച് ചിന്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ലക്കും ലഗാനുമില്ലാതെയാണ് കേരളം കടമെടുക്കുന്നത്. ശ്രീലങ്കയ്ക്കുണ്ടായ അനുഭവം കേരളത്തിനുണ്ടാകുമെന്നും രമേശ് ചെന്നിത്തല ഓര്‍മ്മപ്പെടുത്തി. ഭാരത് ജോഡോ യാത്രയെ എങ്ങനെ സമീപിക്കണമെന്നതില്‍ സി.പി.എമ്മില്‍ ഭിന്നതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.