മറ്റെന്തിനെക്കാളും ഈശോയെ സ്നേഹിക്കുന്നവര്‍ക്ക് മാത്രമേ വിശുദ്ധയാകാൻ സാധിക്കൂ: മാർ ജോസഫ് പാംപ്ലാനി

മറ്റെന്തിനെക്കാളും ഈശോയെ സ്നേഹിക്കുന്നവര്‍ക്ക് മാത്രമേ വിശുദ്ധയാകാൻ സാധിക്കൂ: മാർ ജോസഫ് പാംപ്ലാനി

കണ്ണൂർ: മറ്റെന്തിനെക്കാളും ഈശോയെ സ്നേഹിക്കുന്നവര്‍ക്ക് മാത്രമേ വിശുദ്ധരാകാൻ സാധിക്കൂവെന്നും ധന്യപദവിയിലേക്ക് ഉയർത്തപ്പെട്ട സിസ്റ്റർ മരിയ സെലിൻ കണ്ണനായ്ക്കൽ വിശുദ്ധിയെക്കുറിച്ചുള്ള എല്ലാ സങ്കല്പങ്ങളെയും തിരുത്തി വായിക്കുവാൻ പ്രേരിപ്പിച്ചെന്നും തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ദൈവദാസി സിസ്റ്റർ മരിയ സെലിനെ ഫ്രാൻസിസ് മാർപാപ്പ ധന്യപദവിയിലേക്ക് ഉയർത്തിയതിന്റെ ഭാഗമായി കണ്ണൂർ പയ്യാമ്പലം ഉർസുലൈൻ കോൺവന്റ് അങ്കണത്തിൽ നടന്ന കൃതജ്ഞതാബലി മധ്യേ വചനപ്രഘോഷണം നടത്തുകയായിരുന്നു ആർച്ച്ബിഷപ്പ്. കൃതജ്ഞതാബലിയിൽ കോഴിക്കോട് ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കൽ മുഖ്യകാർമികത്വം വഹിച്ചു.

വിശ്വാസത്തിന്റെ വഴികൾ സ്നേഹത്തിന്റെ കൃത്യതകൊണ്ട് അലങ്കരിച്ച ഒരു മഹാവിശുദ്ധയാണ് സിസ്റ്റർ. ഈശോമിശിഹായെ സിസ്റ്റർ അഗാധമായി സ്നേഹിച്ചു. മറ്റെന്തിനെക്കാളും ഉപരിയായി ഈശോമിശിഹായെ ജീവനിലേക്കു ചേർത്തുവയ്ക്കുന്നവർക്ക് മാത്രമേ വിശുദ്ധരാകാൻ സാധിക്കുവെന്നു സിസ്റ്ററുടെ ജീവിതം കാണിച്ചുതന്നു. സിസ്റ്റർ സെലിൻ മരിയ എത്രയും പെട്ടെന്ന് വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടട്ടെയെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.

മലബാറിൽ ക്രിസ്ത്യാനികളുടെ 500 വർഷത്തെ ചരിത്രത്തിനിടയിൽ ആദ്യമായി ധന്യപദവിയിലേക്ക് ഉയർത്തപ്പെട്ട വ്യക്തിയാണ് സിസ്റ്റർ മരിയ സെലിനെന്ന് അദ്ദേഹം പറഞ്ഞു. സിസ്റ്റർ മരിയ സെലിൻ കണ്ണൂർ, കോഴിക്കോട്, തലശ്ശേരി, താമരശേരി, തൃശൂർ രൂപതകൾക്ക് വളരെ പ്രിയപ്പെട്ടവളാണ്. സിസ്റ്റർ ജനിച്ചുവളർന്നതും പ്രവർത്തിച്ചതുമെല്ലാം ഈ രൂപതകളിലായിരുന്നു. .

ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കലിന്റെ കാർമികത്വത്തിൽ ബിഷപ്പുമാരും വൈദികരും ചേർന്ന് സിസ്റ്റർ മരിയ സെലിന്റെ കബറിടത്തിൽ പ്രാർത്ഥന നടത്തി. തുടർന്ന് പ്രദക്ഷിണമായിട്ടാണ് കൃതജ്ഞതാബലിവേദിയിലേക്ക് എത്തിയത്. കൃതജ്ഞതാബലിക്കുശേഷം താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, ആർച്ച്ബിഷപ്പ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം എന്നിവരും വിവിധ രൂപതകളിലെ നൂറോളം വൈദികരും ചടങ്ങിൽ കാർമികരായിരുന്നു.

സിസ്റ്റർ മരിയ സെലിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ബ്രദർ ആന്റണി പന്തല്ലൂർ പറമ്പിൽ രചിച്ച 'സക്രാരിയുടെ കൂട്ടുകാരി' എന്ന പുസ്തകവും ഉർസുലൈൻ സഭാസ്ഥാപക വാഴ്ത്തപ്പെട്ട മദർ ബ്രിജിറ്റ് മൊറെല്ലോയുടെ ജീവചരിത്രത്തിന്റെ മലയാള വിവർത്തനമായ "സ്നേഹദീപം" എന്ന പുസ്തകവുംകൃതജ്ഞതാബലിക്കുശേഷം നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. സിസ്റ്റർ മരിയ സെലിന്റെ സഹോദരങ്ങളായ കെ.പി. കുര്യൻ, സിസിലി എന്നിവരെ ചടങ്ങിൽ ആദരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.