സിപിഐ മലപ്പുറം ജില്ലാ സമ്മേളത്തിലും സർക്കാരിന് രൂക്ഷ വിമർശനം; ആഭ്യന്തരം ഉൾപ്പടെ ഏഴോളം വകുപ്പുകളുടെ പ്രവർത്തനം പോരെന്നു റിപ്പോർട്ട്‌

സിപിഐ മലപ്പുറം ജില്ലാ സമ്മേളത്തിലും സർക്കാരിന് രൂക്ഷ വിമർശനം; ആഭ്യന്തരം ഉൾപ്പടെ ഏഴോളം വകുപ്പുകളുടെ പ്രവർത്തനം പോരെന്നു റിപ്പോർട്ട്‌

മലപ്പുറം: സിപിഐ മലപ്പുറം ജില്ലാ സമ്മേളത്തിലും സർക്കാരിന് രൂക്ഷ വിമർശനം. ആഭ്യന്തരം ഉൾപ്പടെയുള്ള വകുപ്പുകളുടെ പ്രവർത്തനത്തിൽ രാഷ്ട്രീയ ഇച്ഛാശക്തിയുടെ കുറവുണ്ട് എന്ന് മഞ്ചേരിയിൽ നടക്കുന്ന സിപിഐ 24-ാം ജില്ലാ സമ്മേളനത്തിൽ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി അജിത്ത് കൊളാടി അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിൽ വിമർശിച്ചു.

കഴിഞ്ഞ എൽഡിഎഫ് സർക്കാറുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴത്തെ സർക്കാരിന്റെ പ്രവർത്തനങ്ങൾ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല. പല വകുപ്പുകളുടെയും പ്രവർത്തന നിലവാരം താഴെയാണ്. ആഭ്യന്തരം, ധനകാര്യം, ആരോഗ്യം, പൊതുമരാമത്ത്, വിദ്യാഭ്യാസം, കൃഷി, ഗതാഗതം തുടങ്ങിയ വകുപ്പുകളിൽ രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവം പ്രകടമാണ്. റിപ്പോർട്ടിൽ പറയുന്നു.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ ബാധ്യത ഉണ്ടായിരുന്നു. എന്നാലും സാമൂഹ്യ സാഹചര്യങ്ങൾ വിലയിരുത്താനുള്ള അവധാനതയില്ലാതെയാണ് വിധി നടപ്പിലാക്കാൻ ശ്രമിച്ചത്. 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിലെ വലിയ പരാജയത്തിന് ഇത്‌ കാരണമായി.

മത സാമുദായിക ശക്തികളോട് അനാവശ്യമായ മമത കാണിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഇടതുപക്ഷ നേതാക്കളിൽ നിന്നും ഉണ്ടാകുന്നത് ഗുണകരമല്ല. തീരദേശ മേഖലയിലും മലയോര മേഖലയിലും കേന്ദ്രസർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന നിയമങ്ങളും പദ്ധതികളും ജനവികാരം കണക്കിലെടുക്കാത്തതാകുമ്പോൾ സർക്കാർ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.

നിലമ്പൂർ എംഎൽഎ പി.വി. അൻവറിനും കെ.ടി. ജലീലിനും എതിരെ വിമർശനം ഉയർന്നു. ഇടത്പക്ഷ പാരിസ്ഥിതിക നിലപാടുകളെ അൻവർ അപഹാസ്യമാക്കുകയാണ്. അൻവറിന്റെ നടപടികൾ തിരുത്താനുള്ള ജാഗ്രതയും ബാധ്യതയും ബന്ധപ്പെട്ടവർ പുലർത്തേണ്ടതാണ് എന്നും റിപ്പോർട്ടിൽ പറയുന്നു. ജലീൽ ഉയർത്തിയ വിവാദ പ്രസ്താവനകൾ മത നിരപേക്ഷ മനസ്സുകളെ അകറ്റുമെന്നാണ് സിപിഐ നിരീക്ഷണം.

പെരിന്തൽമണ്ണ, കൊണ്ടോട്ടി മണ്ഡലങ്ങളിലെ സ്ഥാനാർഥിത്വം പുതിയ പ്രവണതകൾക്ക് വഴി വെക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മുന്നണി എന്ന നിലയിൽ ഐക്യത്തോടെ മുന്നോട്ട് പോകുന്നതിൽ തുടർച്ചയായി വിഷമങ്ങൾ ഉണ്ടാകുന്നു എന്നും സിപിഐ വിലയിരുത്തി.

സമ്മേളനം ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഗവർണറെ അതിരൂക്ഷമായി വിമർശിച്ചു. ഗവർണർ പദവി തന്നെ അനാവശ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അത് ബ്രിട്ടീഷുകാരുടെ കാലത്തെ സംവിധാനം ആണ്. ഇപ്പോൾ അതിൻ്റെ അവശ്യം ഉണ്ടോ എന്ന് ചിന്തിക്കണം- കാനം പറഞ്ഞു.

നിയമസഭ പാസാക്കിയ നിയമം പരിശോധിക്കണം എന്ന് പറഞ്ഞ് ഗവർണർ മാറ്റി വെച്ച് കൊണ്ടിരിക്കുക ആണ്. ഗവർണർ ശ്രമിക്കുന്നത് പുതിയ വിവാദം ഉണ്ടാക്കാനാണ്. ഇത് രാജ്യ ഭരണം അല്ല, ജനാധിപത്യം ആണ്. ജനാധിപത്യത്തിന് അപമാനം ആണ് ഈ ഗവർണർ. " ഇപ്പോൾ മുഖ്യമന്ത്രി അയച്ച എന്തോ കത്ത് പുറത്ത് വിടും എന്ന് പറഞ്ഞാണ് ഭീഷണി. പ്രസിദ്ധപ്പെടുത്തട്ടെ, പ്രേമലേഖനം ഒന്നും അല്ലല്ലോ " കാനം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.