എലിസബത്ത് രാജ്ഞിയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ദ്രൗപദി മുര്‍മു; ഇന്ത്യന്‍ ജനതയ്ക്കായി അനുശോചന പുസ്തകത്തില്‍ ഒപ്പുവെച്ചു

എലിസബത്ത് രാജ്ഞിയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ദ്രൗപദി മുര്‍മു; ഇന്ത്യന്‍ ജനതയ്ക്കായി അനുശോചന പുസ്തകത്തില്‍ ഒപ്പുവെച്ചു

ലണ്ടന്‍: ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിച്ച് എലിസബത്ത് രാജ്ഞിയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു. സര്‍ക്കാരിനു വേണ്ടി രാഷ്ട്രപതി അനുശോചന പുസ്തകത്തില്‍ സന്ദേശം രേഖപ്പെടുത്തി. വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്രയുടെ സാന്നിധ്യവും രാഷ്ട്രപതിയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

ബര്‍മിങ്ഹാം കൊട്ടാരത്തിന് സമീപമുള്ള ലങ്കാസ്റ്റര്‍ ഹൗസില്‍ വച്ചാണ് അനുശോചന പുസ്തകത്തില്‍ ഒപ്പുവെച്ചത്. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. പ്രാദേശിക സമയം രാവിലെ പതിനൊന്നിന് ചടങ്ങുകള്‍ ആരംഭിക്കും. ചടങ്ങില്‍ ഏകദേശം രണ്ട് മിനിറ്റ് മൗന പ്രാര്‍ത്ഥനയുണ്ടാകും. 500 ലോക നേതാക്കളും ലോകമെമ്പാടുമുള്ള രാജകുടുംബത്തിലെ അംഗങ്ങളും ഉള്‍പ്പടെ 2,000 ത്തോളം പേര്‍ പങ്കെടുക്കും.

സംസ്‌കാര ചടങ്ങുകള്‍ക്ക് മുന്‍പായി ചാള്‍സ് രാജകുമാരന്‍ ലോക നേതാക്കള്‍ക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്. രാവിലെ പതിനൊന്നിന് മുന്‍പായി നടക്കുന്ന സ്വീകരണത്തിലും രാഷ്ട്രപതി പങ്കെടുക്കും. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം യുകെയുടെ വിദേശ, കോമണ്‍വെല്‍ത്ത്, വികസനകാര്യ സെക്രട്ടറി ജെയിംസ് ക്ലവേര്‍ലിയുമായി കൂടിക്കാഴ്ച നടത്തും.
ലണ്ടനിലെ ഗാറ്റവിക്ക് വിമാനത്താവളത്തിലാണ് രാഷ്ട്രപതിയും സംഘവും എത്തിയത്. ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ രാഷ്ട്രപതിയെ സ്വീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.