കൗമാര പ്രായത്തിൽ ബഹിരാകാശത്ത് അമ്യൂസ്മെന്റ് പാർക്ക് സ്വപ്നം കണ്ട ജെഫ്രി പ്രെസ്റ്റൺ ബെസോസ്

കൗമാര പ്രായത്തിൽ ബഹിരാകാശത്ത് അമ്യൂസ്മെന്റ് പാർക്ക് സ്വപ്നം കണ്ട ജെഫ്രി പ്രെസ്റ്റൺ ബെസോസ്

അമേരിക്കയിലെ മയാമിയിലുള്ള പാൾമെറ്റോ ഹൈസ്കൂളിലെ അവസാന വർഷ വിദ്യാർത്ഥികളുടെ വിടവാങ്ങൽ ചടങ്ങ് നടക്കുന്നു. ആ വർഷത്തെ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കൗമാരക്കാരനെ പ്രസംഗത്തിനായി ക്ഷണിച്ചു. സാധാരണ പറയാറുള്ള നന്ദികൾക്കും പുകഴ്ത്തലുകൾക്കുമപ്പുറം വളരെ ആത്മവിശ്വാസത്തോടെ അന്നയാൾ പറഞ്ഞ് തുടങ്ങി. "മനുഷ്യരാശിയുടെ ഭാവി ഇനി ഈ ഭൂമി എന്ന് പറയുന്ന ഗ്രഹത്തിലല്ല. ബഹിരാകാശത്തും മറ്റ് ഗോളങ്ങളിലും അമ്യൂസ്മെന്റ് പാർക്കുകളും, ഹോട്ടലുകളും, ഉല്ലാസ നൗകകളും പണിയുക എന്നത് എന്റെ സ്വപനമാണ്. ഭൂമിയെ സംരക്ഷിക്കുക എന്നതാണ് എന്റെ പ്രധാന ലക്‌ഷ്യം. എല്ലാവരെയും ഇവിടെ നിന്ന് അന്യഗ്രഹങ്ങളിലേക്കും ബഹിരാകാശത്തേക്കും അയച്ചതിന് ശേഷം ഈ ഭൂമിയെ ഒരു വല്യ ഉദ്യാനമായി നമുക്ക് സംരക്ഷിക്കണം."

അധ്യാപകരും സഹപാഠികളും ഈ വാക്കുകൾ കേട്ട് ഞെട്ടിത്തരിച്ചിരുന്നുപോയി. മറ്റ് ചിലർ മനോഹരമായ ഒരു ചെറുകഥ കേൾക്കും പോലെ മീശ കിളിർക്കാത്ത ആ പയ്യന്റെ വാക്കുകൾ കേട്ടിരുന്ന് രസിച്ചു. ഈ വാർത്ത പിറ്റേ ദിവസത്തെ പ്രാദേശിക പത്രത്തിൽ ചെറുതായി അച്ചടിച്ച് വന്നതല്ലാതെ മറ്റാരും അത്ര ഗൗരവമായി അതിനെ എടുത്തില്ല. അധ്യാപകരും കൂട്ടുകാരുമൊക്കെ അയാളുടെ വാക്കുകൾ മറന്നു. എന്നാൽ അയാൾ മാത്രം അതു മറന്നില്ല. തന്റെ സ്വപ്നം നിറവേറ്റാൻ അയാൾ പരിശ്രമിച്ചു, പരിശീലങ്ങൾ നടത്തി. അവസാനം 40 വർഷങ്ങൾക്ക് ശേഷം 2021 ജൂലൈ 20 ന് വെസ്റ്റ് ടെക്സസിൽ നിന്നും അയാളെയും വഹിച്ച് കൊണ്ട് അയാളുടെ ന്യു ഷെപ്പേർഡ് എന്ന റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചുയർന്നു. ബഹിരാകാശ വിദഗ്ദ്ധരോ ശാസ്ത്രഞ്ജന്മാരോ പൈലറ്റുമാരോ ഇല്ലാത്ത, സ്വന്തം കമ്പനിയുടെ ബഹിരാകാശ വാഹനത്തിൽ അയാളും മറ്റ് രണ്ട് പേരും ബഹിരാകാശ യാത്ര ചെയ്ത്, സ്വപ്ന സാക്ഷാൽക്കാരത്തിന്റെ ആത്മസംതൃപ്തിയുമായി ഭൂമിയിൽ തിരികെ എത്തി.

1982 ൽ ആ വലിയ സ്വപ്നം കണ്ട, 2021 ൽ അതിന്റെ ആദ്യപടി പൂർത്തിയാക്കിയ ഈ അത്ഭുതമനുഷ്യൻ ലോകത്തെ മുഴുവൻ തന്നിലേക്ക് ആകർഷിച്ചു കഴിഞ്ഞു. സാധാരണ കുടുംബത്തിൽ ജനിച്ചു. അദ്ദേഹത്തിന്റെ അമ്മ തന്റെ കോളേജ് പഠനം പൂർത്തിയാക്കും മുമ്പ്, അദ്ദേഹത്തെ പ്രസവിച്ചു. തുടർന്ന് അച്ചൻ ​ഉപേക്ഷിച്ചു പോയ കുഞ്ഞിനെ 4 വയസ്സുള്ളപ്പോൾ അമ്മയുടെ രണ്ടാം ഭർത്താവ് ദത്തെടുത്തു. പ്രതിസന്ധികൾ നിറഞ്ഞ ബാല്യത്തെയും യൗവ്വനത്തെയും അതിജീവിച്ച് മിടുക്കനായി വളർന്ന അദ്ദേഹം ഇന്ന് ലോകത്തെ ഏറ്റവും വലിയ ധനികരിൽ ഒരാളായ, മുഖവുര ആവശ്യമില്ലാത്ത ആമസോൺ എന്ന കമ്പനിയുടെ ഉടമ ജെഫ്രി പ്രെസ്റ്റൺ ബെസോസ് ആണ്. കൗമാര പ്രായത്തിൽ കണ്ടു തുടങ്ങിയ ബഹിരാകാശ സ്വപ്നവും അന്യഗ്രഹ ജീവിതവും കഠിന പ്രയത്നത്തിലൂടെ നേടും എന്ന ഉറച്ച തീരുമാനത്തോടെ ബെസോസ് തന്റെ യാത്ര തുടരുന്നു.. ലോകത്തെ അമ്പരപ്പിച്ച് കൊണ്ട്...


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.