വിചാരണക്കോടതി മാറ്റം: അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

 വിചാരണക്കോടതി മാറ്റം: അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റിയതിനെതിരെ അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അതിജീവിതയുടെ ആവശ്യപ്രകാരം ഹര്‍ജിയില്‍ രഹസ്യവാദമാണ് നടക്കുന്നത്. വിചാരണ എറണാകുളം പ്രത്യേക സിബിഐ കോടതിയില്‍ നിന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സിലേക്ക് മാറ്റിയതിനെതിരെയാണ് ഹര്‍ജി നല്‍കിയത്. സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് വിചാരണ നടത്തരുത് എന്നാണ് ആവശ്യം.

ജഡ്ജ് ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും ജഡ്ജിയുടെ ഭര്‍ത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മില്‍ ബന്ധമുണ്ടെന്നുമാണ് ഹര്‍ജിയിലെ വാദങ്ങള്‍. അതേസമയം കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ഈ മാസം ആദ്യം സുപ്രീം കോടതി അനുവദിച്ചിരുന്നു. അടുത്ത ജനുവരി 31വരെയാണ് സമയം അനുവദിച്ചത്. വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ കൂടുതല്‍ സമയം തേടി ജഡ്ജി ഹണി എം.വര്‍ഗീസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ആറ് മാസം കൂടിയാണ് സമയം തേടിയത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ജസ്റ്റിസ് ബേല എം. ത്രിവേദിയും ഉള്‍പ്പെട്ട ബെഞ്ച് ഈ ആവശ്യം അംഗീകരിച്ച് വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.