തിരുവനന്തപുരം: ഒരു ദുരന്ത രക്ഷാപ്രവർത്തകന് നേരിടേണ്ടി വരുന്ന വെല്ലുവിളികൾ അനവധിയാണ്. അത് കൊണ്ട് തന്നെ അധികമാരും കടന്നു വരാത്ത ഒരു മേഖലയാണിത്. ഈ സാഹചര്യത്തിലാണ് ആരും വിളിക്കാതെ മുതലപ്പൊഴി ദുരന്തമുഖത്ത് രക്ഷയ്ക്കായി എത്തിയ തിരുവനന്തപുരം വിതുര സ്വദേശിയായ രഞ്ജിത്ത് ഇസ്രായേൽ വേറിട്ട് നിൽക്കുന്നത്.
ഉത്തരാഖണ്ഡ് മുതല്‍ പെട്ടിമുടിവരെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ രഞ്ജിത്ത് നിലവിൽ എൻഡിആർഎഫ് സംഘത്തിനൊപ്പം രക്ഷാ പ്രവർത്തനം നടത്തുന്ന ഏക സിവിലിയനാണ്. രാജ്യത്തിന്റെ അങ്ങിങ്ങായി നടന്നിട്ടുള്ള പ്രകൃതി ദുരന്തങ്ങളിലെല്ലാം തന്നാൽ കഴിയുന്ന സമയത്തിനുള്ളിൽ എത്തി ചേർന്ന് രക്ഷാ ദൗത്യത്തിന്റെ ഭാഗമായിട്ടുണ്ട് ഈ 33കാരൻ.
മുതലപ്പൊഴി ദുരന്ത വാര്‍ത്ത അറിഞ്ഞയുടനെ ഗൂഗില്‍ മാപ്പ് നോക്കി രഞ്ജിത്ത് വിതുരയിലെ വീട്ടില്‍ നിന്നും മുതലപ്പൊഴിയിലേക്ക് എത്തുകയായിരുന്നു. കടലില്‍ കാണാതായ മൂന്ന് പേര്‍ക്കുള്ള തെരച്ചിലില്‍ ദുരന്ത നിവാരണ സേനക്കും, നേവിയ്ക്കും നാട്ടുകാരായ മത്സ്യതൊഴിലാളികള്‍ക്കുമൊപ്പം രജ്ഞിത്ത് നടത്തിയ സേവനം ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു.
2013ല്‍ ഉത്തരാഖണ്ഡില്‍ നടന്ന മേഘ വിസ്ഫോടനം, 2018ല്‍ കേരളത്തെ നടുക്കിയ പ്രളയദുരന്തം, 2019ലെ കവളപ്പാറ ഉരുള്‍പൊട്ടല്‍, 2020ലെ ഇടുക്കി പെട്ടിമുടി ഉരുള്‍പൊട്ടല്‍, ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ തപോവന്‍ ടണല്‍ ദുരന്തം ഇവിടെയൊക്കെ രക്ഷാപ്രവര്‍ത്തകനായി രഞ്ജിത്ത് മുൻനിരയിൽ ഉണ്ടായിരുന്നു. കുട്ടാനാട്ടിലെ വെള്ളപ്പൊക്കത്തിലും രക്ഷപ്രവര്‍ത്തനത്തിനായി രഞ്ജിത്ത് എത്തിയിരുന്നു. പ്രതിഫലം ഒന്നുമില്ലാതെയാണ് രഞ്ജിത്തിന്റെ സേവനമെല്ലാം.
സൈന്യത്തില്‍ കമാന്‍ഡോ ആകാനായിരുന്നു രഞ്ജിത്തിന്‍റെ എറ്റവും വലിയ മോഹം. അതിനായി കുട്ടിക്കാലം മുതല്‍ കായികരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. പഞ്ചഗുസ്തി, ബോഡി ബില്‍ഡിങ്, നീന്തല്‍ എന്നിവയിലൊക്കെ പ്രതിഭ തെളിയിച്ചു. മൂന്നു തവണ ജൂനിയര്‍ മിസ്റ്റര്‍ ട്രിവാന്‍ഡ്രമായി. 2005ല്‍ ജൂനിയര്‍ മിസ്റ്റര്‍ ഇന്ത്യക്കായി മധ്യപ്രദേശില്‍ നടന്ന ദേശീയ ബോഡി ബില്‍ഡിങ് മത്സരത്തില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത രഞ്ജിത്ത് ആദ്യ പത്തിലെത്തി. രഞ്ജിത്തിന്റെ സൈനിക സ്വപ്നങ്ങള്‍ തകര്‍ത്തത് 21-ാം വയസില്‍ തലച്ചോറിനെ ബാധിച്ച ഗുരുതര രോഗമായിരുന്നു. നീണ്ട നാളത്തെ ചികിത്സകള്‍ക്ക് ശേഷം രോഗം ഭേദമായി. അപ്പോഴേക്കും സൈന്യത്തില്‍ ചേരാനുള്ള പ്രായം അതിക്രമിച്ചു.
സൈന്യത്തില്‍ ചേരാനായില്ലെങ്കിലും ദുരന്തങ്ങള്‍ നടക്കുന്നിടത്ത് രക്ഷകനായി ഓടിയെത്താന്‍ രഞ്ജിത്ത് തീരുമാനിച്ചു. അതിനായി ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലൈഫ് സേവിങ് ടെക്നിക്സ്, പര്‍വതാരോഹണം, ഫോറസ്റ്റ് സര്‍വൈവിങ് ടെക്നിക്സ്, പവര്‍ബോട്ട് ഓപ്പറേഷന്‍സ് എന്നിവയിലൊക്കെ പരിശീലനം നേടി. തുടര്‍ന്ന് സൗജന്യ സേവനവുമായി ദുരന്തമുഖങ്ങളിലേക്ക്. മികവാര്‍ന്ന സേവനത്തിന് അതതു ജില്ലകളിലെ കളക്ടര്‍മാര്‍ നല്‍കിയിട്ടുള്ള അനുമോദന സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് രഞ്ജിത്തിന് ആകെയുള്ള സമ്പാദ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.