അമരാവതി: 'മോന്ത' ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ ആന്ധ്ര പ്രദേശില്‍ വ്യാപക നാശനഷ്ടം. ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും മഴക്കെടുതികളില്‍ ആന്ധ്രയില്‍ ആറ് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ആന്ധ്രാപ്രദേശിലെ കാക്കിനടയ്ക്ക് സമീപമാണ് ചുഴലിക്കാറ്റ് കര തൊട്ടത്. 'മോന്ത'യുടെ സ്വാധീന പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണെങ്കിലും അന്ധ്രയിലെ റെഡ് അലര്‍ട്ട് ഐഎംഡി പിന്‍വലിച്ചു. മണിക്കൂറില്‍ 90 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. കാക്കിനടയില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. വീടുകളില്‍ വെള്ളം കയറുകയും റോഡുകള്‍ തകരുകയും ചെയ്തു. തീരദേശ ജില്ലകളിലെ 65 ഗ്രാമങ്ങളില്‍ നിന്നായി 10000 ത്തിലധികം പേരെയാണ് ക്യാംപുകളിലേക്ക് മാറ്റി പാര്‍പ്പിച്ചത്.
അതിനിടെ രാജമുന്ദ്രി വിമാനത്താവളത്തില്‍ നിന്നുള്ള എട്ട് വിമാനങ്ങള്‍ റദ്ദാക്കി. തിരുപ്പതി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.

അയല്‍ സംസ്ഥാനമായ ഒഡീഷയിലും ചുഴലിക്കാറ്റിന്റെ ആഘാതം അനുഭവപ്പെട്ടു. ഒഡിഷയിലെ 15 ജില്ലകളില്‍ ജന ജീവിതത്തെ ബാധിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വലിയ മുന്‍കരുതലാണ് ഒഡിഷ സര്‍ക്കാര്‍ സ്വീകരിച്ചത്. മുപ്പതിനായിരത്തോളം പേരെയാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. 2040 ദുരിതാശ്വാസ ക്യാംപുകളും തയ്യാറാക്കിയിട്ടുണ്ട്. 30 ഒഡിആര്‍എഫ്, 123 ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍, അഞ്ച് എന്‍ഡിആര്‍എഫ് ടീമുകളെയും വിന്യസിച്ചിട്ടുണ്ട്.
ആന്ധ്രയിലും ഒഡീഷയിലുമായി വ്യാപക വിള നാശം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. ചുഴലിക്കാറ്റിന്റെ ആഘാതം കുറഞ്ഞതായും തെക്കന്‍ ഒഡീഷയില്‍ കനത്തതോ അതിശക്തമോ ആയ മഴ പെയ്യുമെന്നും ഐഎംഡി അറിയിച്ചു. കാറ്റിന്റെ വേഗം വൈകാതെ 80 കിലോമീറ്റര്‍ ആയി കുറയുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.