പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയുള്ള സിബിഐ കേസുകളില്‍ 95 ശതമാനത്തിന്റെ വര്‍ധനവ്; കേസുകള്‍ എടുക്കുന്നതില്‍ മോദി സര്‍ക്കാര്‍ മുന്നില്‍

പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയുള്ള സിബിഐ കേസുകളില്‍ 95 ശതമാനത്തിന്റെ വര്‍ധനവ്; കേസുകള്‍ എടുക്കുന്നതില്‍ മോദി സര്‍ക്കാര്‍ മുന്നില്‍

ന്യൂഡല്‍ഹി: ബിജെപി ഭരണത്തില്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ സിബിഐ കേസുകളില്‍ 95 ശതമാനത്തിന്റെ വര്‍ധനവ്. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന് കീഴില്‍ 124 നേതാക്കള്‍ക്കെതിരെ സിബിഐ കേസെടുത്തു. ഇതില്‍ 118 പേരും പ്രതിപക്ഷത്തുനിന്നുള്ളവരാണ്.

കഴിഞ്ഞ 18 വര്‍ഷത്തിനിടെ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും സര്‍ക്കാരുകളുടെ കാലത്ത് സിബിഐ കേസെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ റെയ്ഡ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്ത 200 ഓളം പ്രധാന രാഷ്ട്രീയക്കാരില്‍ 80 ശതമാനത്തിലധികം നേതാക്കളും പ്രതിപക്ഷ നിരയിലുള്ളവരാണ്. 2014 ല്‍ എന്‍ഡിഎ അധികാരമേറ്റതിനുശേഷം ഇത് കുത്തനെ കൂടിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയുടെ 2004 മുതല്‍ 2014 വരെയുള്ള 10 വര്‍ഷത്തെ ഭരണത്തില്‍ 72 രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ സിബിഐ കേസെടുത്തു. ഇവരില്‍ 43 പേരും (60 ശതമാനം) പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ളവരായിരുന്നു. മോദി സര്‍ക്കാരിന്റെ കാലത്ത് 124 കേസുകളില്‍ 118 പേരും പ്രതിപക്ഷത്ത് നിന്നുള്ളവരാണ്. യുപിഎയില്‍ നിന്നുള്ള 72 പേരുടെയും എന്‍ഡിഎയില്‍ നിന്നുള്ള 124 നേതാക്കളുടെയും മുഴുവന്‍ പട്ടികയും സമാഹരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ വെബ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2-ജി സ്പെക്ട്രം കേസ് മുതല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ്, കല്‍ക്കരിപ്പാടം അനുവദിക്കല്‍ തുടങ്ങിയ നിരവധി അഴിമതികള്‍ യുപിഎ ഭരണത്തെ പിടിച്ചുലച്ച സാഹചര്യത്തില്‍, 2004 മുതല്‍ 2014 വരെ സിബിഐ അന്വേഷിച്ച 72 പ്രധാന നേതാക്കളില്‍ 29 പേരും കോണ്‍ഗ്രസില്‍ നിന്നോ ഡിഎംകെപോലുള്ള സഖ്യകക്ഷികളില്‍ നിന്നോ ഉള്ളവരാണ്. തുടര്‍ന്ന് എന്‍ഡിഎ അധികാരത്തിലെത്തിയപ്പോള്‍ വെറും ആറ് നേതാക്കള്‍ മാത്രമാണ് സിബിഐ അന്വേഷണം നേരിട്ടത്.

യുപിഎ കാലത്ത് സിബിഐ അന്വേഷണം നേരിട്ട 43 പ്രതിപക്ഷ നേതാക്കളില്‍ കൂടുതലും ബിജെപിയില്‍ നിന്നുള്ളവരായിരുന്നു. സൊഹ്റാബുദ്ദീന്‍ ഷെയ്ഖിനെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നാരോപിച്ച് അന്ന് ഗുജറാത്ത് മന്ത്രിയായിരുന്ന ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അറസ്റ്റ് ചെയ്തിരുന്നു. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ ഉള്‍പ്പെടെയുള്ള എന്‍ഡിഎ നേതാക്കള്‍ അന്വേഷണ പരിധിയില്‍ വന്നു. ബെല്ലാരി ഖനി വ്യവസായി ഗാലി ജനാര്‍ദന്‍ റെഡ്ഡിയും മുന്‍ പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസും. 2012ല്‍ 2ജി സ്പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട കുറ്റപത്രത്തില്‍ പ്രമോദ് മഹാജന്റെ മരണശേഷവും സിബിഐ അന്വേഷണം തുടര്‍ന്നു.

2014 മുതല്‍ എന്‍ഡിഎ-ബിജെപി സര്‍ക്കാരിന്റെ കീഴില്‍ സിബിഐ അന്വേഷണം നേരിട്ട 118 പ്രതിപക്ഷ നേതാക്കളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് (30), കോണ്‍ഗ്രസ് (26) എന്നിവരാണ് മുന്നില്‍. ഇതിന് പുറമെ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്, പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസ് രാഷ്ട്രീയക്കാരുടെ അടുത്ത ബന്ധുക്കളും സിബിഐയുടെ അന്വേഷണ പരിധിയില്‍ വന്നു. സ്‌കൂള്‍ ജോലിക്ക് പണം വാങ്ങിയെന്ന കേസില്‍ തൃണമുല്‍ കോണ്‍ഗ്രസ് മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ അറസ്റ്റ് ചെയ്തത് രണ്ട് മാസം മുമ്പാണ്. അതിര്‍ത്തി കടന്നുള്ള പശുക്കടത്ത് റാക്കറ്റിലെ പങ്ക് ആരോപിച്ച് തൃണമൂല്‍ നേതാവ് അനുബ്രത മൊണ്ടലിനെയും അറസ്റ്റ് ചെയ്തു.

തൃണമുല്‍ കോണ്‍ഗ്രസ്(30), കോണ്‍ഗ്രസ് (26), ആര്‍ജെഡി (10), ബിജെഡി (10), വൈഎസ്ആര്‍സിപി (ആറ്), ബിഎസ് പി (അഞ്ച്), ടിഡിപി (അഞ്ച്), എഎപി (നാല്). ), എസ്പി (നാല്), എഐഎഡിഎംകെ (നാല്), സിപിഎം (നാല്), എന്‍സിപി (മൂന്ന്), എന്‍സി (രണ്ട്), ഡിഎംകെ (രണ്ട്), പിഡിപി (ഒന്ന്), ടിആര്‍എസ് (ഒന്ന്) എന്നിങ്ങനെയാണ് മോദി സര്‍ക്കാരിന് കീഴില്‍ സിബിഐ അന്വേഷണം നേരിടുന്ന പ്രതിപക്ഷ പാര്‍ട്ടി തിരിച്ചുള്ള പ്രമുഖ നേതാക്കളുടെ എണ്ണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.