'ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും'; സാമ്പത്തിക വളര്‍ച്ചയില്‍ ലോകത്തെ ഞെട്ടിക്കുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍

'ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും'; സാമ്പത്തിക വളര്‍ച്ചയില്‍ ലോകത്തെ ഞെട്ടിക്കുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍

ന്യൂഡല്‍ഹി: സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്സ് എല്ലിസ്. ഈ ദശകത്തിന്റെ അവസാനമാകുമ്പോഴേക്കും സമ്പദ് വ്യവസ്ഥയില്‍ ബ്രിട്ടനെ ഇന്ത്യ മറികടക്കും. ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയുള്ള മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്നും എല്ലിസ് വ്യക്തമാക്കി.

ഇന്ത്യയും ബ്രിട്ടനും ഏതാണ്ട് സമാനതകളുളള സാമ്പത്തിക ശക്തികളാണ്. എന്നാല്‍ ഇന്ത്യയുടെ നിലവിലെ വളര്‍ച്ച അതിവേഗമാണ്. ഈ നിലയില്‍ പോയാല്‍ ഈ ദശകത്തിനൊടുവില്‍ ബ്രിട്ടനെ പിന്തളളി ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുരാജ്യങ്ങളുടെയും വ്യാപാര നിക്ഷേപ പങ്കാളിത്ത പരിപാടിയിലായില്‍ സംസാരിക്കുകയായിരുന്നു ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍.

ബ്രിട്ടന്‍ മീറ്റ്‌സ് ഇന്ത്യ റിപ്പോര്‍ട്ട് 2022 പ്രകാരം ഇന്ത്യയില്‍ 618 യുകെ കമ്പനികളാണുളളത്. 4.66 ലക്ഷം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നതിനൊപ്പം 3,634.9 ബില്യന്‍ ആണ് ഈ കമ്പനികളുടെ ടേണ്‍ ഓവര്‍. ഇതില്‍ 58 കമ്പനികള്‍ 500 മില്യനിലധികം ടേണ്‍ ഓവര്‍ ഉളളതാണ്. 2021നെ അപേക്ഷിച്ച് 10 ശതമാനമാണ് ഇവയുടെ വാര്‍ഷിക വളര്‍ച്ചാ നിരക്ക്. യുകെയിലെ കമ്പനികളുടെ ശരാശരി വളര്‍ച്ചാ നിരക്ക് 26 ശതമാനമായി നിലനില്‍ക്കുമ്പോള്‍ ഇന്ത്യയിലെ യുകെ കമ്പനികളുടെ വളര്‍ച്ച 36.3 ശതമാനമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

സ്വന്തം താല്‍പര്യമനുസരിച്ചുളള നയ രൂപീകരണത്തിനായിട്ടാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെ പുറത്തുപോന്നതെന്ന് അലക്‌സ് എല്ലിസ് ചൂണ്ടിക്കാട്ടി. രാഷ്ട്രീയ താല്‍പര്യമുണ്ടെങ്കിലും ഇന്ത്യയുമായി ഏറെ ചേര്‍ന്നു പോകുന്നതാണ് ഈ നയങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അടുത്ത 25 വര്‍ഷത്തിനുളളില്‍ ഇത് ഇന്ത്യയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങളും വളര്‍ച്ചയും അവസരങ്ങളും സൃഷ്ടിക്കും. ഇതോടെ രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ വലിയ പുരോഗതിയുണ്ടാകുമെന്നും എല്ലിസ് കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.