എസ്ഐആര്‍: പുതുപ്പള്ളി മണ്ഡലത്തില്‍ നിരവധി പരാതികള്‍; സുപ്രീം കോടതിയെ സമീപിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ

എസ്ഐആര്‍: പുതുപ്പള്ളി മണ്ഡലത്തില്‍ നിരവധി പരാതികള്‍; സുപ്രീം കോടതിയെ സമീപിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ

ന്യൂഡല്‍ഹി: കേരളത്തില്‍ നടക്കുന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ (എസ്‌ഐആര്‍) നിന്ന് ഒഴിവാക്കിയെന്ന പരാതിയുമായി പുതുപ്പള്ളിയിലെ നിരവധി വോട്ടര്‍മാര്‍ തന്നെ ദിവസവും സമീപിക്കുന്നതായി കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മന്‍ എംഎല്‍എ.

എസ്‌ഐആറിനെതിരെ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കക്ഷി ചേരല്‍ അപേക്ഷയിലാണ് ചാണ്ടി ഉമ്മന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിലെ എസ്‌ഐആറുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ബുധനാഴ്ച ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് ചാണ്ടി ഉമ്മന്‍ കക്ഷി ചേരല്‍ അപേക്ഷ നല്‍കിയത്.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ എസ്‌ഐആര്‍ ഉടന്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപെട്ട് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടി നല്‍കിയ ഹര്‍ജിയിലാണ് അഭിഭാഷകന്‍ ജോബി പി വര്‍ഗീസ് മുഖേന ചാണ്ടി ഉമ്മന്‍ കക്ഷി ചേരല്‍ അപേക്ഷ ഫയല്‍ ചെയ്തത്. നിലവില്‍ നടക്കുന്ന എസ്‌ഐആര്‍ നടപടി എംഎല്‍എ കൂടിയായ തന്നെ നേരിട്ട് ബാധിക്കുന്നതാണെന്നും ചാണ്ടി ഉമ്മന്‍ കക്ഷി ചേരല്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പുതുപ്പളളി മണ്ഡലത്തിലെ 61, 67, 92 നമ്പര്‍ ബൂത്തുകളില്‍ എസ്‌ഐആര്‍ ഫോം വിതരണം പൂര്‍ത്തിയായെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. എന്നാല്‍ ഇതുവരെയും ഫോം ലഭിക്കാത്ത വോട്ടര്‍മാരുണ്ടെന്നും ഇവരുടെ പേരുകള്‍ കൈമാറാന്‍ തയ്യാറാണെന്നും ചാണ്ടി ഉമ്മന്‍ സുപ്രീം കോടതിയെ അറിയിച്ചു.

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ എസ്‌ഐആര്‍ നടപടികളുടെ ഭാഗമായി പ്രത്യേക ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഇത്തരം പ്രത്യേക ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടില്ലന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.