ട്രിപ്പിൾ വിൻ പദ്ധതി സഫലം: നഴ്സുമാരുടെ ആദ്യബാച്ച് 25 -ന് ജർമ്മനിയിലേയ്ക്ക് യാത്രയാകും.

ട്രിപ്പിൾ വിൻ പദ്ധതി സഫലം: നഴ്സുമാരുടെ ആദ്യബാച്ച് 25 -ന് ജർമ്മനിയിലേയ്ക്ക് യാത്രയാകും.

ആദ്യബാച്ചിന് വിമാന ടിക്കറ്റ് കൈമാറി.

നോര്‍ക്ക റൂട്ട്‌സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി ജര്‍മ്മനിയിലേയ്ക്ക് ജോലിയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബാച്ചിലെ നഴ്‌സുമാര്‍ക്കുളള യാത്രാ ടിക്കറ്റുകള്‍ വിതരണം ചെയ്തു.

തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ ആദ്യ ബാച്ചില്‍ നിന്നുളള അയോണ ജോസ്, ജ്യോതി ഷൈജു എന്നിവര്‍ക്ക് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ടിക്കറ്റുകള്‍ കൈമാറി.

ഇരുവരും സെപ്റ്റംബര്‍ 25 ന് കൊച്ചി എയർ പോർട്ടിൽ നിന്ന് ജര്‍മ്മനിയിലേയ്ക്ക് തിരിക്കും. പദ്ധതിയുടെ ഫാസ്റ്റ് ട്രാക്ക് സ്ട്രീമിലൂടെ തെരഞ്ഞെടുക്കപ്പെട്ടവരാണ് ഇരുവരും. റഗുലർ സ്ട്രീമിലുള്ളവരുടെ പരിശീലനം അന്തിമ ഘട്ടത്തിലാണ്.

ആതുരസേവന മേഖലയില്‍ മാത്രമല്ല മറ്റ് വിഭാഗങ്ങളിലേയും ആഗോള തൊഴില്‍ സാധ്യതകള്‍ കണ്ടെത്താനാണ് നോര്‍ക്ക റൂട്ട്‌സിന്റെ ശ്രമമെന്ന് പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.

സുതാര്യതയും വിശ്വസ്തതയുമാണ് റിക്രൂട്ടിങ്ങ് ഏജന്‍സികള്‍ക്ക് ഏറ്റവും അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിലെ വലിയൊരു സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന്റെ സന്തോഷവും ഇതിനായുളള നോര്‍ക്ക റൂട്ട്‌സിന്റെ പിന്തുണയ്ക്കും ചടങ്ങളില്‍ അയോണ ജോസ്, ജ്യോതി ഷൈജു എന്നിവര്‍ നന്ദി അറിയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സും, ജര്‍മ്മന്‍ ഗവണ്‍മെന്റും സംയുക്തമായി നടപ്പിലാക്കുന്ന നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍. നഴ്‌സിങ്ങ് പ്രൊഫഷണലുകളെ കേരളത്തില്‍ നിന്നും ജര്‍മ്മനിയിലെ ആരോഗ്യമേഖലയിലേയ്ക്ക് റിക്രൂട്ട് ചെയ്യുക എന്നതാണ് ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായി കേരളത്തിലും ജര്‍മ്മനിയില്‍ എത്തിയശേഷവുമുളള ജര്‍മ്മന്‍ ഭാഷാ പഠനവും, യാത്രാചിലവുകള്‍, റിക്രൂട്ട്‌മെന്റ് ഫീസ് എന്നിവയും പൂര്‍ണ്ണമായും സൗജന്യമാണ്. ട്രിപ്പിള്‍ വിന്‍ ന്റെ മൂന്നാമത്തെ ബാച്ചിലേയ്ക്കുളള നടപടിക്രമങ്ങളാണ് നിലവില്‍ പുരോഗമിക്കുന്നത്.

ജര്‍മ്മന്‍ ഭാഷാ പഠനത്തിനു ശേഷമാണ് ഇരുവരും ജോലിയ്ക്കായി ജര്‍മ്മനിയിലേയ്ക്ക് യാത്രതിരിക്കുന്നത്. ആദ്യ ബാച്ചില്‍ നിന്നുളള നാലു നഴ്‌സുമാര്‍ കൂടി വീസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് അടുത്ത മാസത്തോടെ ജര്‍മ്മനിയിലേയ്ക്ക് തിരിക്കും.

ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി, റിക്രൂട്ട്മെന്റ് മാനേജര്‍ ശ്യാം, ജര്‍മ്മന്‍ ഏജന്‍സിയായ ജി.ഐ.സെഡ്ഡ് കോ ഓര്‍ഡിനേറ്റര്‍ സിറിള്‍ സിറിയക്ക്, അഡൈ്വസര്‍ സുനേഷ് ചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.