കൊച്ചി: ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ എന്‍ഐഎയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്.
ഐ.എസ് അടക്കമുള്ള വിദേശ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള സംഘടന രാജ്യത്തെ യുവാക്കളെ അല്‍ ഖ്വയ്ദ, ലഷ്‌കര്‍ ഇ തെയ്ബ, ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകളില്‍ ചേരാനും ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനത്തിനും പ്രേരിപ്പിച്ചുവെന്ന് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ചില പ്രത്യേക സമുദായങ്ങളില്‍പ്പെട്ട നേതാക്കളെ ലക്ഷ്യമിട്ടുള്ള ഹിറ്റ് ലിസ്റ്റും കണ്ടെടുത്തിട്ടുണ്ട്.
ജിഹാദിന്റെ ഭാഗമായി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു, സര്‍ക്കാരിന്റെ നയങ്ങള്‍ തെറ്റായ രീതിയില്‍ വളച്ചൊടിച്ച് സമൂഹത്തില്‍ വിദ്വേഷ പ്രചാരണത്തിന് പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചു തുടങ്ങിയ കാര്യങ്ങളും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. നേതാക്കളുടെ അറസ്റ്റിനെ തുടര്‍ന്ന് കേരളത്തില്‍ ഇന്ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിലൂടെ ഇവരുടെ വിപുലമായ സ്വാധീനം വെളിവാക്കപ്പെട്ടെന്നും എന്‍ഐഎ ചൂണ്ടിക്കാണിച്ചു.
രഹസ്യമായി വിവരങ്ങള്‍ കൈമാറുന്ന വിവിധ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളാണ് പ്രതികള്‍ ഉപയോഗിച്ചത്. റെയ്ഡില്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ മിറര്‍ ഇമേജസ് അടക്കം പരിശോധിക്കണമെന്നും എന്‍ഐഎ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതോടെ ഉന്നത ഗൂഢാലോചന വ്യക്തമാകുമെന്ന കാര്യവും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. യുഎപിഎയിലെ വിവിധ വകുപ്പുകളും ഗൂഢാലോചന വകുപ്പും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.
കൊച്ചിയിലെ കേസുമായി ബന്ധപ്പെട്ട് ആകെ 14 പ്രതികളാണുള്ളത്. ഇതില്‍ ഒന്നാമത്തെ പ്രതി പോപ്പുലര്‍ ഫ്രണ്ട് സംഘടന തന്നെയാണ്. മറ്റു 13 പേര്‍ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരാണ്. കേസിലെ മൂന്നാം പ്രതിയും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അബ്ദുള്‍ സത്താര്‍, സംസ്ഥാന സെക്രട്ടറി സിഎ റൗഫ് എന്നിവരെ ഇനി പിടികൂടാനുണ്ടെന്നും ഇവരാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതെന്നും എന്‍ഐഎ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.