പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചാലും പേരുമാറ്റി വീണ്ടും വരുമെന്ന് നിഗമനം

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചാലും പേരുമാറ്റി വീണ്ടും വരുമെന്ന് നിഗമനം

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചാലും പേരുമാറ്റി വീണ്ടും വരുമെന്ന് കേന്ദ്ര നിഗമനം. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതിനെക്കുറിച്ച് 2017ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നിരുന്നു. ഏതെങ്കിലും സംഘടനയെ നിരോധിച്ചാല്‍ പേരുമാറ്റി പുതുരൂപത്തില്‍ വരുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിരീക്ഷണം.

നിരോധിക്കപ്പെട്ട സംഘടനയായ സിമിയിലെ പ്രധാന നേതാക്കളായിരുന്നു കഴിഞ്ഞ ദിവസം പിടിയിലായ എസ്.ഡി.പി.ഐ സ്ഥാപകാധ്യക്ഷന്‍ ഇ. അബൂബക്കര്‍, പി.എഫ്.ഐ വൈസ് ചെയര്‍മാന്‍ ഇ.എം അബ്ദുള്‍ റഹിമാന്‍, ദേശീയ കൗണ്‍സില്‍ അംഗം പ്രൊഫ. പി. കോയ എന്നിവര്‍.

സമാനരീതിയില്‍ പി.എഫ്.ഐയും പുതിയ രൂപത്തിലെത്തുമെന്നായിരുന്നു നിരോധനത്തെ എതിര്‍ത്തവര്‍ ചൂണ്ടിക്കാട്ടിയത്. പ്രൊഫ. ടി.ജെ ജോസഫിന്റെ കൈവെട്ടുകേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ കേരള സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയതും പി.എഫ്.ഐ സിമിയുടെ പുതുരൂപമെന്നായിരുന്നു.

2006ല്‍ കേരളത്തില്‍ പി.എഫ്.ഐ രൂപം കൊള്ളുന്നത് ബാബറി മസ്ജിദ് പൊളിച്ചതിനു ശേഷം രൂപം കൊണ്ട എന്‍.ഡി.എഫ്, തമിഴ്‌നാട്ടിലെ മനിത നീതി പാസറെ, കര്‍ണാടകയിലെ കര്‍ണാടക ഫോറം ഓഫ് ഡിഗ്നിറ്റി, ഗോവയിലെ സിറ്റിസണ്‍ ഫോറം, രാജസ്ഥാനിലെ കമ്യൂണിറ്റി ആന്‍ഡ് സോഷ്യല്‍ എജ്യുക്കേഷന്‍ സൊസൈറ്റി, ആന്ധ്രപ്രദേശിലെ നാഗ്രിക് അധികാര്‍ സുരക്ഷാ സേന എന്നീ സംഘടനകള്‍ കൂടിച്ചേര്‍ന്നായിരുന്നു.

2007 ഫെബ്രുവരിയില്‍ ബെംഗളൂരുവില്‍ ചേര്‍ന്ന ത്രിദിന സമ്മേളനത്തിലൂടെയായിരുന്നു ഇതിന് ഔദ്യോഗിക സ്വഭാവം കൈവരുന്നത്. പിന്നാലെ, പി.എഫ്.ഐയുടെ രാഷ്ട്രീയ പാര്‍ട്ടിയായ എസ്.ഡി.പി.ഐയും രൂപം കൊണ്ടു.

കേരളത്തില്‍ പി.എഫ്.ഐയുടെ സ്വാധീനം മറ്റൊരിടത്തും ഇല്ലാത്തവിധം ആഴത്തിലുള്ളതാണെന്നാണ് വെള്ളിയാഴ്ചത്തെ ഹര്‍ത്താലോടെ വ്യക്തമാവുന്നത്.15 സംസ്ഥാനങ്ങളില്‍ നടന്ന റെയ്ഡില്‍ മറ്റൊരിടത്തും കാര്യമായി പ്രതിഷേധമുണ്ടായില്ലെങ്കിലും കേരളത്തില്‍ വലിയ തോതില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.