തിരക്കഥ അജിത് ഡോവല്‍; സംവിധാനം അമിത് ഷാ: 'ഓപ്പറേഷന്‍ ഒക്ടോപ്പസ്' മെഗാ ഹിറ്റ്

തിരക്കഥ അജിത് ഡോവല്‍; സംവിധാനം അമിത് ഷാ: 'ഓപ്പറേഷന്‍ ഒക്ടോപ്പസ്' മെഗാ ഹിറ്റ്

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളെ ഞെട്ടിച്ച് വെറും ആറ് മണിക്കൂറിനുള്ളില്‍ രാജ്യത്തെ പ്രധാന നേതാക്കളെയെല്ലാം പൊക്കിയ 'ഓപ്പറേഷന്‍ ഒക്ടോപ്പസ്' ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതിന് പിന്നില്‍ രണ്ട് ബുദ്ധി കേന്ദ്രങ്ങള്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും. രണ്ടു പേരും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിശ്വസ്തരില്‍ വിശ്വസ്തര്‍.

മാസങ്ങള്‍ നീണ്ട രഹസ്യ ആസൂത്രണമാണ് ഇതിനായി നടത്തിയത്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ തലവന്‍മാരോട് മാത്രമാണ് ഓപ്പറേഷനെക്കുറിച്ച് ആദ്യമറിയിച്ചത്. പിന്നീട് ഇവരുമായി അമിത് ഷായും അജിത് ഡോവലും പലവട്ടം ചര്‍ച്ച നടത്തി പദ്ധതിയുടെ ഏകദേശ രൂപമുണ്ടാക്കി.

പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന നേതാക്കളെല്ലാം കേരളത്തില്‍ നിന്നുള്ളവരായതിനാല്‍ കേരളം തന്നെയായിരുന്നു പ്രധാന ടാര്‍ഗറ്റ്. എന്നിരുന്നാലും കേരള പൊലീസിലെ ഉന്നതരെപ്പോലും തുടക്കത്തില്‍ കാര്യങ്ങള്‍ അറിയിച്ചിരുന്നില്ല.

ഇന്ത്യന്‍ നേവിയുടെ പടക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് കമ്മിഷന്‍ ചെയ്യുന്നതിന് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊച്ചിയിലെത്തിയപ്പോള്‍ നിഴലായി മറ്റൊരാള്‍ക്കൂടി ഉണ്ടായിരുന്നു... സാക്ഷാല്‍ അജിത് ഡോവല്‍.

വിക്രാന്ത് ആയിരുന്നില്ല ഡോവലിന്റെ ലക്ഷ്യം. പകരം രാജ്യ സുരക്ഷയ്ക്ക് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിനെ പടിപിടിയായി ഉന്മൂലനം ചെയ്യുക എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ മനസില്‍. അതിനായി വിക്രാന്തിലെ അതീവ സുരക്ഷാ കോറിഡോറില്‍ ഡോവല്‍ ഒരു രഹസ്യ മീറ്റിങ് വിളിച്ചു കൂട്ടി.

കേരള പൊലീസിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ആ യോഗത്തില്‍ ഇന്ത്യയില്‍ നിന്ന് പോപ്പുലര്‍ ഫ്രണ്ടിനെ തുടച്ചു നീക്കാനുള്ള തന്റെ പദ്ധതി ഡോവല്‍ വിവരിച്ചു. വ്യാപക റെയ്ഡ് സംബന്ധിച്ച് സൂചന നല്‍കിയതിനൊപ്പം വിവരം അതീവ രഹസ്യമായി സൂക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശവും നല്‍കി.

തുടര്‍ന്ന് മുംബൈലേക്ക് തിരിച്ച ഡോവല്‍ അവിടെ വച്ചാണ് ആസൂത്രണങ്ങള്‍ ഓരോന്നായി നടപ്പിലാക്കിയത്. ജമ്മു കാശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദു ചെയ്യാനും ഉറിയിലെ സര്‍ജിക്കള്‍ സ്‌ട്രൈക്കിനും നടത്തിയ പ്ലാനിംഗുകള്‍ക്ക് സമാനമായിരുന്നു 'ഓപ്പറേഷന്‍ ഒക്ടോപ്പസ്' എന്ന് പേരിട്ട് ഈ പദ്ധതിയും.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഓരോ നീക്കവും ഡോവല്‍ സമയാസമയം അറിയിച്ചുകൊണ്ടിരുന്നു. ഓപ്പറേഷന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ രാജ്യത്തെ പ്രധാന ഇസ്ലാമിക നേതാക്കളുമായി ഡോവല്‍ ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു എന്നാണ് സൂചന. അവരില്‍ നിന്നും തന്ത്രപൂര്‍വ്വം ചോര്‍ത്തിയെടുത്ത ചില കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 'ഓപ്പറേഷന്‍ ഓക്ടോപ്പസിന്' അന്തിമ രൂപരേഖയുണ്ടാക്കിയത്.

പിന്നീട് ഐ.ബി, എന്‍.ഐ.എ, ഇ.ഡി, ആന്റി ടെറര്‍ സ്‌ക്വാഡ് എന്നീ വിഭാഗങ്ങളില്‍ നിന്നായി ഇരുന്നൂറോളം ഉദ്യോഗസ്ഥരെ 'ഓപ്പറേഷന്‍ ഒക്ടോപ്പസിനായി തിരഞ്ഞെടുത്തു. 11 സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലാണ് ഇവര്‍ വ്യാപക റെയ്ഡ് നടത്തിയത്. നേവിയുടെ പ്രത്യേക വിമാനങ്ങളും ഇതിനായി ഉപയോഗിച്ചു.

കൃത്യതയാര്‍ന്ന ഓപ്പറേഷനില്‍ നൂറിലധികം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളാണ് ഇരുട്ടി വെളുത്തപ്പോഴേക്കും വലയിലായത്. സംഘര്‍ഷ സാഹചര്യമുണ്ടായാല്‍ പിടികൂടിയ നേതാക്കളെ റാഞ്ചിക്കൊണ്ടു പോകുന്നതിനായി എയര്‍ക്രാഫ്റ്റുകള്‍ വരെ ഡോവല്‍ തയ്യാറാക്കി നിറുത്തിയിരുന്നുവെന്നാണ് ഉന്നത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.

പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ഇരുനൂറോളം ഉദ്യോഗസ്ഥര്‍ 11 സംസ്ഥാനങ്ങളില്‍ രാത്രി റെയ്ഡ് നടത്തുമ്പോള്‍ ഇന്ദ്രപ്രസ്ഥത്തില്‍ അജിത് ഡോവല്‍ എന്ന സൂത്രധാരന്‍ കണ്ണും കാതും കൂര്‍പ്പിച്ച് ഉണര്‍ന്നിരുന്നു. ഒരൊറ്റ ബുള്ളറ്റ് പോലും ഉപയോഗിക്കാതെയാകണം ടാസ്‌ക് പൂര്‍ത്തീകരിക്കേണ്ടതെന്ന് ഡോവല്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് പ്രത്യേകം നിര്‍ദേശവും നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.