വാഷിങ്ടണ്‍: തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിനെ അമേരിക്കയുടെ പുതിയ ഭൂപ്രദേശമായി പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ ഹോര്‍മുസിനെ അമേരിക്കയുടെ ഭാഗമായി ചിത്രീകരിക്കുന്ന മാപ്പ് പങ്കുവെച്ചുകൊണ്ടാണ് അദേഹം ഈ പ്രഖ്യാപനം നടത്തിയത്. ഈ അന്താരാഷ്ട്ര കപ്പല്‍പ്പാതയ്ക്ക് മേല്‍ അമേരിക്കയ്ക്ക് പൂര്‍ണ നിയന്ത്രണമുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
എന്നാല്‍ അമേരിക്കയുടെ വാദങ്ങളെ പൂര്‍ണമായും തള്ളി ഇറാന്‍ രംഗത്തെത്തി. തങ്ങള്‍ മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍ യു.എസ് അംഗീകരിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം അനുവദിക്കില്ലെന്ന് ഇറാന്റെ പ്രതിനിധി മുഹമ്മദ് ബഖര്‍ ഖാലിബാഫ് വ്യക്തമാക്കി. അമേരിക്കന്‍ നാവിക ഉപരോധം നീക്കുക, എണ്ണ വ്യാപാരത്തിന്മേലുള്ള ഉപരോധം പിന്‍വലിക്കുക, വിദേശ രാജ്യങ്ങളില്‍ മരവിപ്പിച്ച ഇറാന്റെ ആസ്തികള്‍ വിട്ടുനല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാന്‍ മുന്നോട്ടുവെക്കുന്നത്. കഴിഞ്ഞ ജൂണില്‍ അമേരിക്കയുമായി ഉണ്ടാക്കിയ കരാറിന്റെ ഭാഗമാണ് ഈ ആവശ്യങ്ങളെന്നും എന്നാല്‍ പിന്നീട് യു.എസ് ഈ കരാര്‍ പാലിച്ചില്ലെന്നുമാണ് ഇറാന്റെ നിലപാട്.
അതേസമയം മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഒമാന്റെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഒമാനെതിരെ ട്രംപ് പരസ്യമായി ഭീഷണി മുഴക്കി. ഇറാനുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്കിടയില്‍ ഒമാന്‍ തടസം സൃഷ്ടിച്ചാല്‍ അവിടെ ബോംബാക്രമണം നടത്തുമെന്നാണ് ട്രംപിന്റെ പുതിയ മുന്നറിയിപ്പ്.
ഇരു രാജ്യങ്ങളും തമ്മില്‍ അനുരഞ്ജന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ട്രംപിന്റെ അനുയായിയായ ജാരദ് കുഷ്നറും സ്ഥിരീകരിച്ചു. ഒരു കരാറിലെത്താന്‍ ഇറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും യു.എസ് മുന്നോട്ട് വെക്കുന്ന കടുപ്പമേറിയ നിബന്ധനകള്‍ അംഗീകരിക്കാന്‍ അവര്‍ തയ്യാറാകുന്നില്ലെന്ന് അദേഹം പറഞ്ഞു. പ്രകോപനങ്ങള്‍ നിലനില്‍ക്കെത്തന്നെ, ഇറാനെ ഒരു കാരണവശാലും ആണവായുധം നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന കാര്യവും കുഷ്നര്‍ ആവര്‍ത്തിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.