രൂപയുടെ മൂല്യത്തില്‍ റെക്കോഡ് തകര്‍ച്ച: ഡോളറിനു 81.24 എന്ന നിലയിലെത്തി; ഗള്‍ഫ് കറന്‍സികള്‍ക്ക് ചരിത്ര നേട്ടം

രൂപയുടെ മൂല്യത്തില്‍ റെക്കോഡ് തകര്‍ച്ച: ഡോളറിനു 81.24 എന്ന നിലയിലെത്തി; ഗള്‍ഫ് കറന്‍സികള്‍ക്ക് ചരിത്ര നേട്ടം

ന്യൂഡൽഹി: ഡോളറിനെതിരായ വിനിമ മൂല്യത്തില്‍ രൂപയ്ക്ക് റെക്കോഡ് തകര്‍ച്ച. വെള്ളിയാഴ്ച്ച രാവിലെ വ്യാപാരം ആരംഭിച്ച് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ രൂപയുടെ മൂല്യം ഒരു ഡോളറിന് 81.24 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് രൂപയുടെ വിനിമയം നടക്കുന്നത്.

ഡോളര്‍ അതിവേഗം ശക്തിപ്പെടുന്ന പശ്ചാത്തലത്തില്‍ ആഭ്യന്തര കറന്‍സിയുടെ വികാരം ദുര്‍ബലമായി തുടരുന്നതിനാലാണ് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്ന നിലയിലെത്തിയത്. ഇതോടെ ഗള്‍ഫ് കറന്‍സികള്‍ക്ക് ചരിത്ര ഏറ്റവും വലിയ വിനിമയ മൂല്യം ലഭിച്ചു.

ഈ വര്‍ഷം ഇതുവരെ, ആഭ്യന്തര കറന്‍സി യുഎസ് ഡോളറിനെതിരെ 8.5 ശതമാനം ഇടിഞ്ഞു. ഉയര്‍ന്ന ഇറക്കുമതി കാരണം രാജ്യത്തിന്റെ വ്യാപാര കമ്മി വര്‍ധിച്ചിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍, ഇന്ത്യയുടെ ചരക്ക് കയറ്റുമതി 116.77 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഏപ്രില്‍-ജൂണ്‍ 2021-22 ല്‍ രേഖപ്പെടുത്തിയ 95.54 ബില്യണ്‍ ഡോളറിനേക്കാള്‍ 22.22 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി.

ഫെബ്രുവരി അവസാനം മുതലുള്ള വിപണി ഇടപെടലുകളെത്തുടര്‍ന്ന് ആര്‍ബിഐയുടെ വിദേശനാണ്യ കരുതല്‍ ശേഖരം നിലവില്‍ രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 550 ബില്യണ്‍ ഡോളറിലാണ്. ബാങ്കിംഗ് സംവിധാനത്തിലെ അപര്യാപ്തമായ പണലഭ്യതയാണ് കറന്‍സിയുടെ ഇടിവ് ആര്‍ബിഐക്ക് നികത്താന്‍ കഴിയാത്തതിന്റെ ഒരു കാരണം. രൂപയുടെ മൂല്യം അടുത്ത കാലയളവില്‍ ഒരു ഡോളറിന് 81.80-82.00 ആയി കുറയുന്നതായി കറന്‍സി വിപണിയില്‍ ഗവേഷണം നടത്തുന്ന ഒരു സ്ഥാപനം കണ്ടെത്തിയിരുന്നു.

രൂപയുടെ മൂല്യം ഏറ്റവും താഴെയെത്തിയതോടെ ഗള്‍ഫ് കറന്‍സികളുടെ മൂല്യം ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഖത്തര്‍ റിയാലിന്റെ മൂല്യം 22.20 രൂപയായും ദിര്‍ഹത്തിന് 22.08 രൂപയായുമാണ് ഉയര്‍ന്നത്. സൗദി റിയാല്‍ 21.48, ഒമാന്‍ റിയാല്‍ 210.23, ബഹ്‌റൈന്‍ ദിനാര്‍ 214.39, കുവൈത്ത് ദിനാര്‍ 261.32 രൂപ എന്നിങ്ങനെയാണ് വെള്ളിയാഴ്ച്ച വൈകിട്ട് ലഭിച്ച രാജ്യാന്തര നിരക്ക്. ഈ നിരക്കിനെക്കാള്‍ 10.30 പൈസ വരെ കുറച്ചാണ് ധനവിനിമയ സ്ഥാപനങ്ങള്‍ അതതു രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് ലഭിക്കുമെന്ന വാര്‍ത്ത പരന്നതോടെ പണമയയ്ക്കാന്‍ എക്‌സ്‌ചേഞ്ചുകളില്‍ തിരക്കേറി. ഖത്തര്‍ റിയാലിന് 22 രൂപ 2 പൈസ വരെ ലഭിച്ചു. 1,000 റിയാല്‍ അയച്ചാല്‍ നാട്ടില്‍ 22,020 രൂപ ലഭിക്കും. ദിര്‍ഹത്തിന് 22.08 രൂപ ലഭിച്ചതോടെ യുഎഇയിലും പ്രവാസികള്‍ക്ക് നേട്ടമായി. 2020 മാര്‍ച്ചിലാണ് രൂപയും റിയാലും തമ്മിലുള്ള വിനിമയ മൂല്യം 20 രൂപയായത്. പിന്നീട് ഏറ്റക്കുറച്ചിലുകള്‍ക്ക് ശേഷം ഇക്കഴിഞ്ഞ മേയിലാണ് 21ലേയ്ക്ക് എത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.