5 ജി ഒക്ടോബര്‍ ഒന്നു മുതല്‍; 4 ജിയെക്കാള്‍ 100 മടങ്ങ് വേഗം

5 ജി ഒക്ടോബര്‍ ഒന്നു മുതല്‍; 4 ജിയെക്കാള്‍ 100 മടങ്ങ്  വേഗം

ന്യൂഡല്‍ഹി: രാജ്യത്ത് 5 ജി സേവനം ഒക്ടോബര്‍ ഒന്നു മുതല്‍ ലഭ്യമായിത്തുടങ്ങും.ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി 5 ജി സേവനങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദേശീയ ബ്രോഡ്ബാന്റ് മിഷനാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

5 ജി സേവനങ്ങള്‍ രാജ്യത്ത് ഘട്ടം ഘട്ടമായിട്ടാകും നടപ്പിലാക്കുകയെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ 13 നഗരങ്ങളിലാകും 5 ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാകുക.

അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലക്‌നൗ, മുംബൈ, പൂനെ എന്നീ നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ 5 ജി പ്രവര്‍ത്തനം തുടങ്ങുക. ഈ നഗരങ്ങളിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ മാത്രമായിരിക്കും ആദ്യം 5 ജി സേവനം നല്‍കുകയെന്ന് വിവിധ ടെലികോം കമ്പനികള്‍ അറിയിച്ചിട്ടുള്ളത്.

4 ജിയെക്കാള്‍ 100 മടങ്ങ് വേഗതയാകും 5 ജിക്ക് നല്‍കാന്‍ കഴിയുക. അതിനാല്‍ ബഫറിംഗ് ഇല്ലാതെ വീഡിയോകള്‍ കാണാനും വേഗത്തില്‍ കണ്ടന്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.

പല വിദേശ രാജ്യങ്ങളും നിരവധി വര്‍ഷങ്ങള്‍ എടുത്താണ് 50 ശതമാനം 5 ജി സര്‍വീസ് എന്ന ലക്ഷ്യത്തിലെത്തിയതെന്നും ഇന്ത്യയ്ക്ക് അനായാസമായി ആ തടസം മറികടക്കാന്‍ കഴിഞ്ഞുവെന്നും കേന്ദ്ര ഐ.ടി മന്ത്രി അശ്വനി വൈഷ്ണവ് അവകാശപ്പെട്ടു.

5 ജി സേവനം ആരംഭിക്കുന്നതോടെ ഇന്ത്യന്‍ സാങ്കേതിക രംഗം അഭൂതപൂര്‍വമായ കുതിപ്പിന് സാക്ഷ്യം വഹിക്കുമെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ഇതുവഴി 2023 നും 2040 നും ഇടയില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് 455 ബില്യണ്‍ ഡോളറിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.