ജയ്പൂര്: മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനാര്‍ത്ഥിത്വത്തെ തുടര്‍ന്ന് കലങ്ങിമറിഞ്ഞ രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ ചില നിര്‍ണായക തീരുമാനങ്ങള്‍ക്ക് ഇന്ന് വഴിയൊരുങ്ങിയേക്കും. വൈകിട്ട് ഏഴിന് ജയപ്പൂരില്‍ നടക്കുന്ന നിയമസഭ കക്ഷിയോഗത്തില്‍ രാജസ്ഥാന് പുതിയ മുഖ്യമന്ത്രി അടക്കമുള്ള തീരുമാനങ്ങളിലേക്ക് കടന്നേക്കുമെന്നാണ് സൂചന.
അശോക് ഗെലോട്ട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഉറപ്പായതോടെ പുതിയ മുഖ്യമന്ത്രി കണ്ടെത്തണമെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും നിലപാട്. നിലവിലെ ഉപമുഖ്യമന്ത്രിയും യുവ കോണ്‍ഗ്രസ് നേതാവുമായി സച്ചിന്‍ പൈലറ്റാകും പകരം മുഖ്യമന്ത്രി. കോണ്‍ഗ്രസ് പ്രസിഡന്റായാലും മുഖ്യമന്ത്രിപദവും ഒരുമിച്ച് കൊണ്ടുപോകാമെന്ന ആത്മവിശ്വാസം ഗെലോട്ട് പ്രകടിപ്പിച്ചെങ്കിലും ഹൈക്കമാന്‍ഡ് അതിനോട് താല്‍പര്യപ്പെട്ടിട്ടില്ല. ഒരാള്‍ക്ക് ഒരു പദവി എന്ന മുന്‍ ധാരണ നടപ്പാക്കാനാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം.
ഹൈക്കമാന്‍ഡ് നിരീക്ഷകരായി മല്ലാകാര്‍ജുന്‍ ഖാര്‍ഗെ, അജയ് മാക്കന്‍ എന്നിവര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നതിനാല്‍ വിഷയത്തില്‍ നിര്‍ണായക തീരുമാനം ഉണ്ടായേക്കും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താന്‍ അണിയറയില്‍ സച്ചില്‍ പൈലറ്റ് തിരക്കിട്ട നീക്കങ്ങള്‍ നടത്തുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് എംഎല്‍എ മാരില്‍ ഭൂരിപക്ഷവും ഗെലോട്ടിനൊപ്പമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാനാണ് ഹൈക്കമാന്‍ഡിന് താല്‍പര്യം.
അതേസമയം മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നാല്‍ തന്റെ വിശ്വസ്തനായ സി.പി. ജോഷി അടക്കമുള്ളവരുടെ പേരുകളാണ് ഗെലോട്ട് മുന്നോട്ടുവെക്കുന്നത്. ഇത് ഹൈക്കമാന്‍ഡ് പരിഗണിച്ചിട്ടില്ല. ഇതിനിടെ അശോക് ഗെലോട്ടുമായി ബന്ധമുള്ള എംഎല്‍എമാരുമായി സച്ചിന്‍ കൂടിക്കാഴ്ച്ച നടത്തി. എംഎല്‍എമാരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ചാണ് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും ഹൈക്കമാഡ് വ്യക്തമാക്കി.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനവും രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനവും ഒരുമിച്ച് വേണമെന്ന അശോക് ഗെലോട്ടിന്റെ ആവശ്യത്തോട് ചിന്തന്‍ ശിവിറിലെ തീരുമാനം മാനിക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഒരു നേതാവ്, ഒരു സ്ഥാനം എന്ന തീരുമാനം ഉദയ്പൂരിലെ ചിന്തന്‍ ശിവിറില്‍ എടുത്തിട്ടുണ്ട്. ഈ തീരുമാനം നടപ്പിലാക്കുമെന്നാണ് കരുതുന്നതെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. അതേ സമയം അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ആദ്യദിനം ആരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.