ആര്യാടനെ അനുസ്മരിച്ച് നേതാക്കള്‍: മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച സാമാജികനെന്ന് മുഖ്യമന്ത്രി; തീരാനഷ്ടമെന്ന് രാഹുല്‍ ഗാന്ധി

ആര്യാടനെ അനുസ്മരിച്ച് നേതാക്കള്‍: മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച സാമാജികനെന്ന് മുഖ്യമന്ത്രി; തീരാനഷ്ടമെന്ന് രാഹുല്‍ ഗാന്ധി

കൊച്ചി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഏറെക്കാലം മന്ത്രിയുമായിരുന്ന ആര്യാടന്‍ മുഹമ്മദിനെ അനുസ്മരിച്ച് ദേശീയ സംസ്ഥാന നേതാക്കള്‍. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച നിയമസഭാ സാമാജികനായിരുന്നു ആര്യാടന്‍ മുഹമ്മദ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. 

ഇടതുപക്ഷവുമായി യോജിച്ചും വിയോജിച്ചും പ്രവര്‍ത്തിച്ച രാഷ്ട്രീയ പശ്ചാത്തലം അദ്ദേഹത്തിനുണ്ടായിരുന്നു. ശ്രദ്ധേയനായ നിയമസഭാ സാമാജികനായിരുന്നു. തന്റെ വാദമുഖങ്ങള്‍ ശക്തമായി നിയമസഭയില്‍ അവതരിപ്പിക്കുന്നതില്‍ മികവ് പുലര്‍ത്തിയിരുന്ന സാമാജികനായിരുന്നു ആര്യാടന്‍ മുഹമ്മദ് എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

മികച്ച നിയമസഭാ സാമാജികന്‍ എന്ന നിലയിലും മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് മുന്‍പന്തിയില്‍ നിന്ന വ്യക്തി എന്ന നിലയിലും ആര്യാടന്‍ മുഹമ്മദ് ശ്രദ്ധേയനായിരുന്നെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അനിശോചിച്ചു. ജനകീയനായ നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു. 

ആര്യാടന്‍ മുഹമ്മദിന്റെ വിയോഗം പാര്‍ട്ടിക്കും വ്യക്തിപരമായി തനിക്കും നഷ്ടമാണെന്ന് രാഹുല്‍ ഗാന്ധിയും അനുശോചിച്ചു. വ്യക്തിപരമായി സൗഹൃദം പുലര്‍ത്തിയിരുന്ന ആളാണ്. ഭാരത് ജോഡോ യാത്രയ്ക്ക് തടസമുണ്ടാകാത്ത വിധം നിലമ്പൂരിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി അന്ത്യോമപചാരം അര്‍പ്പിക്കുമെന്നും കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

ആര്യാടന്‍ മുഹമ്മദിന്റെ മരണം തീരാനഷ്ടമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു. നികത്താനാകാത്ത നഷ്ടമാണ് കേരളത്തിനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും ഉണ്ടായിരിക്കുന്നതെന്ന് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എ.കെ. ആന്റണി പ്രതികരിച്ചു. വ്യക്തിപരമായി തനിക്ക് വലിയ നഷ്ടമാണ് ആര്യാടന്റെ വിയോഗമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. മതേതര കേരളത്തിന് തീരാനഷ്ടമാണ് ഉണ്ടായതെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.