അശോക് ഗെലോട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ ആയേക്കില്ല: തിരക്കിട്ട ചര്‍ച്ചകളുമായി ഹൈക്കമാന്‍ഡ്; പരാതിയുമായി പ്രിയങ്കയ്ക്ക് മുന്നില്‍ സച്ചിന്‍

അശോക് ഗെലോട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ ആയേക്കില്ല: തിരക്കിട്ട ചര്‍ച്ചകളുമായി ഹൈക്കമാന്‍ഡ്; പരാതിയുമായി പ്രിയങ്കയ്ക്ക് മുന്നില്‍ സച്ചിന്‍

ന്യൂഡെല്‍ഹി: മുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റിനെ അംഗീകരിക്കില്ലെന്ന് അശോക് ഗെലോട്ട് പക്ഷക്കാരായ എംഎല്‍എമാര്‍ നിലപാടെടുത്തതോടെ രാജസ്ഥാനില്‍ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട ചര്‍ച്ചകളുമായി ഹൈക്കമാന്‍ഡ്.

പ്രശ്‌നപരിഹാരത്തിനായി ഗെലോട്ടിനെയും സച്ചിനെയും സോണിയാ ഗാന്ധി ഡെല്‍ഹിയിലേക്ക് വിളിപ്പിച്ചു. ഇതിനിടെ ഗെലോട്ടിനെതിരെ സച്ചിന്‍ പൈലറ്റ് പ്രിയങ്ക ഗാന്ധിയോട് പരാതി പറഞ്ഞതായാണ് സൂചന. അശോക് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി.

അതേസമയം ഗെലോട്ട് പക്ഷക്കാരായ 90 എംഎല്‍എമാരില്‍ 83 പേര്‍ സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയതായ വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. കോണ്‍ഗ്രസ് നേതൃത്വം ഇത് സ്ഥിരീകരിച്ചിട്ടില്ല. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രി ആക്കുന്നതിനോട് യോജിപ്പില്ലാത്ത എംഎല്‍എമാരാണിവര്‍. ഗെലോട്ട് പക്ഷക്കരായ മറ്റ് എംഎല്‍എമാരുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല. സച്ചന്‍ പക്ഷക്കാരായ 18 എംഎല്‍എമാര്‍ സച്ചിനെ മുഖ്യമന്ത്രിയാക്കണമെന്ന ശക്തമായ ആവശ്യത്തിലുമാണ്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശപ്രകാരം നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഖര്‍ഗെയും അജയ് മാക്കനും മുഖ്യമന്ത്രി അശോക് ഗെലോട്ട് പക്ഷത്തെ എംഎല്‍എമാരെ കണ്ട് അഭിപ്രായം തേടുന്നുണ്ട്. ഗെലോട്ടിനെ മുഖ്യമന്ത്രിപദത്തില്‍ തുടരാന്‍ അനുവദിക്കണമെന്നും അല്ലെങ്കില്‍ ഭൂരിഭാഗം പേര്‍ നിര്‍ദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്നുമാണ് എംഎല്‍എമാരുടെ ആവശ്യം. ഇത് ഹൈക്കമാന്റ് അംഗകരിച്ചില്ല.

നിര്‍ണായകഘട്ടത്തില്‍ അശോക് ഗെലോട്ട് പാര്‍ട്ടിയെ അപമാനിച്ചെന്ന ആരോപണമാണ് സച്ചിന്‍ വിഭാഗം ഉന്നയിക്കുന്നത്. എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് ഗെലോട്ടിനെ മാറ്റണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നേരിട്ടെത്തി ചര്‍ച്ച നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ അധികാര വടംവലി സങ്കീര്‍ണമായതോടെ എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനം മതിയെന്ന ആലോചനയും ഹൈക്കമാന്റിനുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.