ദോഹ: ഫുട്ബോള്‍ ലോകകപ്പിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തയ്യാറെടുപ്പുകളുടെ അവസാനഘട്ടത്തിലാണ് ഖത്തർ. ലോകകപ്പ് വേളയില്‍ ഖത്തറിലെ വിമാനത്താവളങ്ങളില്‍ മണിക്കൂറില്‍ 100 വിമാനങ്ങള്‍ക്ക് സർവ്വീസ് നടത്താനാകുന്ന രീതിയില്‍ ക്രമീകരണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. 
നവംബർ മുതലുളള തിരക്ക് മുന്നില്‍ കണ്ടുകൊണ്ടാണ് ഇത്തരം ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുളളതെന്ന്  ഖത്തർ എയർ ട്രാഫിക് കൺട്രോൾ സെന്‍ററില്‍ നിന്നുള്ള മുഹമ്മദ് അൽ അസ്മാഖ് പ്രാദേശിക റേഡിയോയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കി.
പുതുക്കിയ എയർസ്പേസ് ലേ ഔട്ട് അനുസരിച്ച് മൂന്ന് വിമാനങ്ങള്‍ക്ക് ഒരേ സമയം ഇറങ്ങാനാകും. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ക്കും ദോഹ അന്താരാഷ്ട്ര  വിമാനത്താവളത്തില്‍ ഒരു വിമാനത്തിനും ഒരേസമയം ഇറങ്ങാം.
 സമാന രീതയില്‍ പറന്നുയരാനുമാകുമെന്നും അദ്ദേഹം പറഞ്ഞു. വിമാനങ്ങള്‍ കൈകാര്യം ചെയ്യാനുളള ശേഷി വിമാനത്താവളങ്ങളില്‍ ഗണ്യമായി വർദ്ധിപ്പിച്ചു.
വിമാനങ്ങള്‍ ലാന്‍റ് ചെയ്യുന്നതിനുളള കാലതാമസം ഒഴിവാക്കാന്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായി സഹകരിച്ച് എയർ ട്രാഫിക് ഫ്ളോ മാനേജ്മെന്‍റും സ്ഥാപിച്ചിട്ടുണ്ട്. ആധുനിക സംവിധാനങ്ങളിലെ അറിവ് മെച്ചപ്പെടുത്താന്‍ 160 എയർ ട്രാഫിക് കണ്‍ട്രോളർമാർക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. 
 കൂടാതെ, ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (എച്ച്ഐഎ), ദോഹ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയൻ (എഫ്ഐആർ), നിരീക്ഷണ ടവർ, കാലാവസ്ഥാ നിയന്ത്രണം, ദോഹ അന്താരാഷ്ട്ര വിമാനത്താവളം  (ഡിഐഎ) തുടങ്ങി നിരവധി സ്ഥലങ്ങളിൽ എയർ ട്രാഫിക് കൺട്രോളർമാരെ നിയമിച്ചിട്ടുണ്ട്. 
മികച്ച കാഴ്ച ഒരുക്കുന്നതിനായി റഡാറുകളുടെ എണ്ണവും വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.മധ്യപൂർവ്വ ദേശത്ത് ആദ്യമായെത്തുന്ന ഫുട് ബോള്‍ ലോകകപ്പ് ആഘോഷമാക്കുകയാണ് ഖത്തർ. 12 ദശലക്ഷത്തിലധികം സന്ദർശകർ ലോകകപ്പ് കാലയളവില്‍ രാജ്യത്തെത്തുമെന്നാണ് പ്രതീക്ഷ.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.