ചിക്കാഗോ: ഭാരതത്തിന് പുറമെയുള്ള പ്രഥമ സീറോ മലബാർ രൂപതയായ ചിക്കാഗോ രൂപതയുടെ രണ്ടാമത്തെ മെത്രാനായി മാർ ജോയി ആലാപ്പാട്ടിന്റെ സ്ഥാനാരോഹണ ചടങ്ങിന്റെ തിരുക്കർമ്മങ്ങൾ ഒക്ടോബർ ഒന്നിന്. രൂപതയുടെ കത്തീഡ്രൽ ദേവാലയമായ മാർത്തോമാ ശ്ലീഹാ കത്തീഡ്രലിൽ വച്ച് രാവിലെ 9:00 മണിക്കാണ് ചടങ്ങുകൾ ആരംഭിക്കുക.
ചിക്കാഗോ മാർത്തോമാ ശ്ലീഹാ കത്തീഡ്രലിൽ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കുന്ന തിരുക്കർമങ്ങളിൽ ചിക്കാഗോ രൂപതയുടെ പ്രഥമ അധ്യക്ഷൻ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് ഉൾപ്പെടെ അമേരിക്കയിൽ നിന്നും ഇന്ത്യയിൽനിന്നുമുള്ള 19 ബിഷപ്പുമാരും 100 ലധികം വൈദികരും സഹകാർമികരാകും. 60ല്‍ അധികം സന്യസ്തരും തിരുകര്‍മ്മത്തില്‍ പങ്കെടുക്കും.
രാവിലെ 9.00ന് കാർമികർ മാർത്തോമാ ശ്ലീഹാ കത്തിഡ്രിലിന്റെ പാരിഷ് ഹാളിൽനിന്ന് പ്രദക്ഷിണമായി ദൈവാലയത്തിലേക്ക് പ്രവേശിക്കുന്നതോടെയാണ് തിരുക്കർമങ്ങൾക്ക് തുടക്കമാകുക. പ്രദക്ഷിണത്തിൽ പതിനാറോളം മെത്രാന്മാരും വൈദികരും പങ്കെടുക്കും. സൺഡേ സ്കൂൾ വിദ്യാർഥികൾ പേപ്പൽ പതാകയേന്തി ഇരുവശങ്ങളിലായി അണിനിരക്കും. പ്രദക്ഷിണം ദേവാലയത്തിൽ പ്രവേശിച്ചതിനു ശേഷം 9.30 ന് തിരുകർമ്മങ്ങൾ ആരംഭിക്കും.
മാർ ജോയ് ആലപ്പാട്ടിനെ പുതിയ ഇടയനായി നിയമിച്ചുകൊണ്ടുള്ള പേപ്പൽ ഉത്തരവ് അപ്പസ്‌തോലിക് ന്യുൺഷ്യോ ആർച്ച്ബിഷപ്പ് ക്രിസ്റ്റോഫ് പിയർ വായിക്കുന്നതാണ് തിരുക്കർമങ്ങളുടെ പ്രഥമ ഭാഗം. തുടർന്ന് അതിന്റെ മലയാള പരിഭാഷ ചാൻസിലർ ഫാ. ജോർജ് ദാനവേലിൽ വായിക്കും. ഡിട്രോയിറ്റിലെ കൽദായ കത്തോലിക്കാ രൂപതാധ്യക്ഷൻ ബിഷപ്പ് ഫ്രാൻസിസ് കലബത്ത് വചനസന്ദേശം നൽകും. വി. കുർബാനയ്ക്ക് ശേഷം ഉച്ചഭക്ഷണവും തുടർന്ന് പൊതുയോഗവും ഉണ്ടായിരിക്കും.
കഴിഞ്ഞ 21 വര്‍ഷം രൂപതയെ നയിച്ച പ്രഥമ രൂപതാധ്യക്ഷനായ മാര്‍ ജേക്കബ് അങ്ങാടിയത്തിന് നന്ദി അർപ്പിക്കാനും മാർ ആലപ്പാട്ടിന് ആശംസ നേരാനുമായി ഉച്ചയ്ക്ക് 1.30ന് സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ മാർ ആലഞ്ചേരി അധ്യക്ഷനായിരിക്കും. ആർച്ച് ബിഷപ്പ് ക്രിസ്റ്റോഫ് പിയർ, ഈസ്റ്റേൺ കാത്തലിക് അസോസിയേഷൻ പ്രസിഡന്റ് ബിഷപ്പ് കുർട് ബർണറ്റ്, വികാരി ജനറൽ ഫാ. തോമസ് മുളവനാൽ, വികാരി ജനറലും കത്തീഡ്രൽ വികാരിയുമായ ഫാ. തോമസ് കടുകപ്പിള്ളിൽ ഉൾപ്പെടെയുള്ളവർ ആശംസകൾ നേരും. തുടർന്ന് മാർ അങ്ങാടിയത്തും മാർ ആലപ്പാട്ടും മറുപടി പ്രസംഗം നടത്തും.
ഏകദേശം 3000 ത്തിലധികം വിശ്വാസികളെ പ്രതീക്ഷിക്കുന്ന ചടങ്ങിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ജനറൽ കൺവീനര്‍മാരായ ഫാ. തോമസ് കടുകപ്പിള്ളി, ഫാ. തോമസ് മുളവനാൽ എന്നിവരുടെ മാർഗനിർദ്ദേശത്തിൽ കമ്മറ്റികൾ എകോപിപ്പിച്ച് നേതൃത്വം കൊടുക്കുന്നത് ജനറൽ കോഓർഡിനേറ്ററായ ജോസ് ചാമാക്കാലയും യൂത്ത് കോർഡിനേറ്റർമാരായ ബ്രയൻ കുഞ്ചെറിയായും, ഡീന പുത്തൻപുരക്കലും ചേർന്നാണ്.
തിരുകർമ്മങ്ങൾ ഒരേ സമയം ലോവർ ചാപ്പലിലും, പാരിഷ് ഹാളിലും, അൽഫോൻസാ ഹാളിലും ദൃശ്യമാകത്തക്കവിധം ക്രമീകരിക്കുന്നതായിരിക്കും. കൂടാതെ ശാലോം ടി.വിയിൽ ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണവും ഉണ്ടാവും.
1993ൽ അജപാലന ശുശ്രൂഷയ്ക്കായി അമേരിക്കയിൽ നിയോഗിക്കപ്പെട്ട മാർ ആലപ്പാട്ട് 2014 സെപ്തംബർ 27 മുതൽ മാർ ജേക്കബ് അങ്ങാടിയത്തിനോടൊപ്പം ചേർന്ന് പ്രവർത്തിച്ചിരുന്ന സഹായമെത്രാനാണ് ബിഷപ്പ് മാർ ജോയി ആലപ്പാട്ട്. രൂപതയുടെ അജപാലന പ്രവർത്തനങ്ങളിൽ കഴിഞ്ഞ എട്ടു വർഷത്തെ പ്രവർത്തനത്തിന്റെ അനുഭവസമ്പത്തുമായാണ് മാർ ആലപ്പാട്ട് ചിക്കാഗോ രൂപതയുടെ ഇടയസ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നത്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.