വിട്ടുവീഴച്ചയില്ലാതെ ഭരണകൂടം; വിചാരണ നേരിടുന്ന കര്‍ദ്ദിനാളിന് പിന്തുണയുമായി സഭാ നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും

വിട്ടുവീഴച്ചയില്ലാതെ ഭരണകൂടം; വിചാരണ നേരിടുന്ന കര്‍ദ്ദിനാളിന് പിന്തുണയുമായി സഭാ നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും

ഹോങ്കോങ്: ദേശീയ സുരക്ഷാ നിയമം ലംഘിച്ചെന്നാരോപിച്ച് അറസ്റ്റിലായ ഹോങ്കോങ് രൂപത മുന്‍ ബിഷപ്പ് കര്‍ദ്ദിനാള്‍ ജോസഫ് സെന്നിന്റെ വിചാരണ ആരംഭിച്ചിരിക്കെ, കര്‍ദ്ദിനാളിന് പിന്തുണ അര്‍പ്പിച്ച് കത്തോലിക്കാ നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തി.

ഏഷ്യയില്‍ കത്തോലിക്കാ സഭയിലെ ഏറ്റവും മുതിര്‍ന്ന മെത്രാന്മാരിലൊരാളാണ് 90 വയസുകാരനായ കര്‍ദിനാള്‍ സെന്‍. ജനാധിപത്യ അനുകൂല പ്രക്ഷോഭകര്‍ക്ക് നിയമസഹായം നല്‍കുന്ന ഹ്യൂമാനിറ്റേറിയന്‍ റിലീഫ് ഫണ്ട് എന്ന സന്നദ്ധ സംഘടനയുടെ രജിസ്‌ട്രേഷന്‍ ശരിയായി നടത്തിയില്ലെന്ന് ആരോപിച്ചാണ് ട്രസ്റ്റിയായ കര്‍ദ്ദിനാളിനെയും മറ്റ് അഞ്ച് പേരെയും അറസ്റ്റ് ചെയ്തത്.


ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ രൂക്ഷ വിമര്‍ശകനായ കര്‍ദ്ദിനാള്‍ സെന്‍, മുന്‍പും നിരവധി തവണ അറസ്റ്റിലായിട്ടുണ്ട്.

കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോണി, കര്‍ദ്ദിനാള്‍ ലുഡ്വിഗ് മുള്ളര്‍, കര്‍ദ്ദിനാള്‍ ചാള്‍സ് ബോ, ആര്‍ച്ച് ബിഷപ്പ് സാല്‍വത്തോര്‍ കൊര്‍ഡിലിയോണ്‍, ബിഷപ്പ് തോമസ് ടോബിന്‍, ബിഷപ്പ് ജോസഫ് സ്ട്രിക്ക്‌ലാന്‍ഡ്, ബിഷപ്പ് അത്തനേഷ്യസ് ഷ്‌നീഡര്‍, ഫാ. ബെനഡിക്ട് കീലി തുടങ്ങിയ കത്തോലിക്ക നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരായ ഡേവിഡ് ആള്‍ട്ടണ്‍, ബെനഡിക്ട് റോജെഴ്‌സ്, പോള്‍ മാര്‍ഷല്‍ ഉള്‍പ്പെടെ നിരവധി പേരുമാണ് കര്‍ദ്ദിനാളിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്.


കര്‍ദ്ദിനാള്‍ സെന്‍ ഒരു ദൈവ മനുഷ്യനാണെന്നും ക്രിസ്തുവിന്റെ സ്‌നേഹത്തിനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന വ്യക്തിയാണെന്നും വിശുദ്ധ ഡോണ്‍ ബോസ്‌കോയെപ്പോലെ അഗാധമായ സ്‌നേഹമുള്ള അദ്ദേഹത്തെ ക്രിസ്തു തന്നെയാണ് തന്റെ പുരോഹിതനായി തിരഞ്ഞെടുത്തതെന്നും ജനതകളുടെ സുവിശേഷവത്കരണത്തിനുള്ള തിരുസംഘത്തിന്റെ മുന്‍ തലവനായിരുന്ന കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോണി ഇറ്റാലിയന്‍ വാര്‍ത്താ പത്രമായ അവെന്നൈറിനോട് പ്രതികരിച്ചു. കര്‍ദ്ദിനാള്‍ സെന്‍ ഹോങ്കോങ്ങിനും ചൈനയ്ക്കും സഭയ്ക്കും അര്‍പ്പണബോധമുള്ള മകനാണെന്നും കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോണി കൂട്ടിച്ചേര്‍ത്തു.

'ചൈനയില്‍ വിചാരണ നേരിടുന്ന 90 വയസുകാരനായ കര്‍ദ്ദിനാള്‍ സെന്നിനെ നമ്മുടെ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണം, സര്‍ക്കാര്‍ നിരന്തരം ആക്രമിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ചൈനയിലെ സഭയെയും ഓര്‍ക്കുക. ലോകമെമ്പാടും വിശ്വാസത്തിന്റെ പേരില്‍ പീഡനത്തിനിരയാകുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക' എന്ന് ബിഷപ്പ് തോമസ് ടോബിന്‍ ട്വീറ്റ് ചെയ്തു.

'കര്‍ദ്ദിനാള്‍ സെന്നിന് നീതി ലഭിക്കാനും അദ്ദേഹത്തിന്റെ ഹൃദയത്തെ സാന്ത്വനപ്പെടുത്താനും കുരുക്കുകളഴിക്കുന്ന പരിശുദ്ധ കന്യകാ മാതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കുന്നു' എന്ന പ്രാര്‍ത്ഥനയാണ് സാന്‍ഫ്രാന്‍സിസ്‌കോ മെത്രാപ്പോലീത്ത സാല്‍വത്തോര്‍ കോര്‍ഡിലിയോണ്‍ പങ്കുവെച്ചിരിക്കുന്നത്.

അധികാര കേന്ദ്രീകൃതമായ ഈ ലോകത്ത് സഭയ്ക്ക് കൂടുതല്‍ സ്വാതന്ത്ര്യം വേണമെന്നും മനുഷ്യാവകാശങ്ങളെ അടിച്ചമര്‍ത്തുന്ന രാഷ്ട്രീയക്കാരെ വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുള്ള ഈ സാഹചര്യത്തില്‍ എന്തുകൊണ്ടാണ് ബീജിങ്ങിനെ വിമര്‍ശിക്കാത്തതെന്ന് താന്‍ അത്ഭുതപ്പെടുന്നതായും വിശ്വാസ തിരുസംഘത്തിന്റെ മുന്‍ തലവനായ കര്‍ദ്ദിനാള്‍ മുള്ളര്‍ ട്വീറ്റ് ചെയ്തു.

ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സസ് ഫെഡറേഷന്റെ പ്രസിഡന്റായ കര്‍ദ്ദിനാള്‍ ചാള്‍സ് ബോയും കര്‍ദ്ദിനാള്‍ സെന്നിന് പിന്തുണച്ച് പ്രസ്താവന പുറത്തുവിട്ടു. കര്‍ദ്ദിനാള്‍ സെന്‍ സ്വാതന്ത്ര്യത്തിന്റെ പോരാളിയാണെന്നും, അദ്ദേഹം രക്തസാക്ഷികളുടെ ഉള്‍പ്പെട്ടു കഴിഞ്ഞുവെ ന്നുമാണ് നസറായന്‍.ഓര്‍ഗ് എന്ന സൈറ്റിന്റെ സ്ഥാപകനായ ഫാ. ബെനഡിക്ട് കീലി പറയുന്നത്.

ഡേവിഡ് ആള്‍ട്ടണ്‍, ബെനഡിക്ട് റോജേഴ്‌സ്, പോള്‍ മാര്‍ഷല്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരും കര്‍ദ്ദിനാള്‍ സെന്നിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.