ദൈവം, കുടുംബം, മാതൃരാജ്യം... മെലാനിയുടെ വിജയമന്ത്രങ്ങള്‍; വീശുമോ യൂറോപ്പിലെങ്ങും ഈ സുഗന്ധക്കാറ്റ്?

ദൈവം, കുടുംബം, മാതൃരാജ്യം... മെലാനിയുടെ വിജയമന്ത്രങ്ങള്‍; വീശുമോ യൂറോപ്പിലെങ്ങും ഈ സുഗന്ധക്കാറ്റ്?

റോം: ദൈവം, കുടുംബം, മാതൃരാജ്യം - ഇറ്റലിയിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി അധികാരത്തിലെത്തുന്ന ജോര്‍ജി മെലാനിയെ അവിടുത്തെ ജനങ്ങള്‍ നെഞ്ചേറ്റിയത് ഈ മൂന്നു ഘടകങ്ങള്‍ കൊണ്ടായിരുന്നു. തീവ്ര വലതുപക്ഷക്കാരിയെന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ ആക്ഷേപിക്കുമ്പോഴും മെലാനി ഉയര്‍ത്തിപ്പിടിക്കുന്നത് ക്രിസ്തുവിന്റെ മൂല്യങ്ങളാണ്. മനുഷ്യജീവന്റെ മഹത്വവും മൂല്യവും അന്തസും നിലനിര്‍ത്തണമെന്ന ആഗ്രഹത്തോടെ ഭ്രൂണഹത്യക്കെതിരേയുള്ള അവരുടെ നിലപാടുകള്‍ ഇതിനകം ആഗോള ശ്രദ്ധ നേടിക്കഴിഞ്ഞു.

ഞാനൊരു അമ്മയും ക്രൈസ്തവ വിശ്വാസിയുമാണെന്ന അവരുടെ ശ്രദ്ധേയമായ പ്രഖ്യാപനം ജനിച്ചതും ജനിക്കാനിരിക്കുന്നതുമായ കുഞ്ഞുങ്ങളോടുള്ള കരുതല്‍ കൂടിയാകുന്നു. കുടുംബത്തില്‍ അധിഷ്ഠിതമായ സംസ്‌കാരത്തെ പിന്തുണയ്ക്കുന്ന മെലാനി സ്വവഗര്‍ഗാനുരാഗത്തെ രൂക്ഷമായി എതിര്‍ക്കുന്നു. ആ സംസ്‌കാരം കുട്ടികളില്‍ കുത്തിവയ്ക്കാനുള്ള ശ്രമങ്ങളെയും എതിര്‍ക്കുമെന്ന് അവര്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

രണ്ടാം ലോകയുദ്ധത്തിന് ശേഷം ഒരു വലതുപക്ഷ പാര്‍ട്ടി ഇറ്റലിയില്‍ അധികാരത്തിലെത്തുന്നത് ഇതാദ്യമായാണ്. ബ്രദേഴ്സ് ഓഫ് ഇറ്റലി എന്ന പാര്‍ട്ടിയുടെ തീപ്പൊരി നേതാവായി ജോര്‍ജിയ മെലോനി പ്രധാനമന്ത്രി പദത്തിലെത്തുമ്പോള്‍ അതു യൂറോപ്പിലുണ്ടാക്കുന്ന ഓളം ചെറുതല്ലെന്നു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. മെലാനിയുടെ നിലപാടുകളോടുള്ള വിമര്‍ശനങ്ങള്‍ ഏറുമ്പോഴും അവരെ പിന്തുണച്ച് നിരവധി യൂറോപ്യന്‍ നേതാക്കളാണ് രംഗത്തു വന്നിട്ടുള്ളത്.

മെലാനിയുടെ ചരിത്രനേട്ടത്തെ 'അര്‍ഹിച്ച വിജയം' എന്നാണ് ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ വിശേഷിപ്പിച്ചത്. യൂറോപ്പ് നേരിടുന്ന വെല്ലുവിളികളോട് പൊതുവായ വീക്ഷണവും സമീപനവും ഉള്ള സുഹൃത്തുക്കളെ ഹംഗറിക്ക് ആവശ്യമാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഹംഗേറിയന്‍-ഇറ്റാലിയന്‍ സൗഹൃദം നീണാള്‍ വാഴട്ടെ! എന്നും അദ്ദേഹം ആശംസിച്ചു.

ഇറ്റാലിയന്‍ ജനത ദേശസ്‌നേഹവും രാജ്യതാല്‍പര്യവുമുള്ള ഒരു സര്‍ക്കാരിനെ തിരഞ്ഞെടുത്ത് തങ്ങളുടെ വിധി തങ്ങളുടെ കൈകളില്‍തന്നെ ഭദ്രമാക്കാന്‍ തീരുമാനിച്ചതായി മുന്‍ ഫ്രഞ്ച് വലതുപക്ഷ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മറൈന്‍ ലെ പെന്‍ ട്വീറ്റ് ചെയ്തു. ഈ മഹത്തായ വിജയത്തിലൂടെ ജനാധിപത്യവിരുദ്ധവും ധിക്കാരപരവുമായ യൂറോപ്യന്‍ യൂണിയന്റെ ഭീഷണികളെ ചെറുത്തതിന് മെലാനിയെ അവര്‍ അഭിനന്ദിച്ചു.

മെലാനിയുടെ വിജയത്തിലൂടെ ദശലക്ഷക്കണക്കിന് യൂറോപ്യന്മാരാണ് ഇറ്റലിയില്‍ തങ്ങളുടെ പ്രതീക്ഷകള്‍ അര്‍പ്പിച്ചിരിക്കുന്നതെന്ന് സ്പെയിനിലെ വലതുപക്ഷ വോക്സ് പാര്‍ട്ടി നേതാവ് സാന്റിയാഗോ അബാസ്‌കല്‍ പറഞ്ഞു.

'അഭിമാനവും സ്വാതന്ത്ര്യവും പരമാധികാരവും ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്ന, എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി സഹകരിക്കാന്‍ കഴിവുള്ള ഐക്യമാര്‍ന്ന ഒരു യൂറോപ്പിനായുള്ള വഴി ജോര്‍ജി മെലോനി കാണിച്ചുതന്നതായി സാന്റിയാഗോ അബാസ്‌കല്‍ കൂട്ടിച്ചേര്‍ത്തു.

പൗരന്മാര്‍ക്ക് അച്ചടക്കമുള്ള രാഷ്ട്രീയ നേതൃത്വമാണ് ആവശ്യം. സ്വീഡന് ശേഷം, ഇറ്റലിയിലും ഇത് വ്യക്തമാകുകയാണെന്ന് വലതുപക്ഷ പോപ്പുലിസ്റ്റ് ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി പാര്‍ട്ടിയുടെ വക്താവ് ആലീസ് വീഡല്‍ പറഞ്ഞു.

ഈ പ്രയാസകരമായ കാലഘട്ടത്തില്‍ ഇറ്റാലിയന്‍ ജനതയുടെ സുവ്യക്തമായ തിരഞ്ഞെടുപ്പിന് അഭിനന്ദനങ്ങള്‍ എന്നാണ് സ്ലൊവാക്യയുടെ പ്രധാനമന്ത്രി എഡ്വേര്‍ഡ് ഹെഗര്‍ പറഞ്ഞത്.

ഇറ്റലിയിലെ തിരഞ്ഞെടുപ്പ് വിജയികളെ അഭിനന്ദിക്കാന്‍ തയ്യാറായില്ലെങ്കിലും പല യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും പുതിയ സര്‍ക്കാരുമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇറ്റാലിയന്‍ ചരിത്രത്തിലും രാഷ്ട്രീയത്തിലും ഒരു സ്ത്രീ നേതൃ പദവിയിലെത്തിയത് വലിയ നേട്ടമാണെന്ന് യുകെയിലെ ബര്‍മിംഗ്ഹാം ആസ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സിലെ സീനിയര്‍ ലക്ചറര്‍ ഡേവിഡ് വാമ്പ പറയുന്നു. അതേസമയം പരമ്പരാഗത കുടുംബ വ്യവസ്ഥിതിയുമായി പൊരുത്തപ്പെടാത്ത സ്ത്രീകളുടെ കാര്യത്തില്‍ മെലാനി എന്തു നിലപാട് സ്വീകരിക്കും എന്നതു കാത്തിരുന്നു കാണേണ്ട കാര്യമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.