ക്ലാസിന് മുന്‍പ് പ്രാര്‍ത്ഥനയും ദേശീയ ഗാനവും; മദ്രസകള്‍ക്കായി ടൈം ടേബിള്‍ പുറത്തിറക്കി യുപി സര്‍ക്കാര്‍

ക്ലാസിന് മുന്‍പ് പ്രാര്‍ത്ഥനയും ദേശീയ ഗാനവും; മദ്രസകള്‍ക്കായി ടൈം ടേബിള്‍ പുറത്തിറക്കി യുപി സര്‍ക്കാര്‍

ലക്നൗ: സംസ്ഥാനത്തെ മദ്രസകള്‍ക്കായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ടൈം ടേബിള്‍ പുറത്തിറക്കി. പ്രാര്‍ത്ഥനയും, ദേശീയഗാനവും ഉള്‍പ്പെടെ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് ടൈം ടേബിള്‍ തയ്യാറാക്കിയിരിക്കുന്നത്.

ഒക്ടോബര്‍ ഒന്നു മുതലാണ് പുതിയ ടൈം ടേബിള്‍ പ്രകാരം മദ്രസകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുക. സ്‌കൂളുകളിലേതിന് സമാനമായി അഞ്ച് മണിക്കൂറാണ് മദ്രസകളുടെയും പ്രവൃത്തി സമയം. രാവിലെ ഒന്‍പത് മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. വൈകിട്ട് മൂന്ന് വരെയാകും ക്ലാസുകള്‍ ഉണ്ടായിരിക്കുക. നേരത്തെ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയായിരുന്നു പ്രവര്‍ത്തന സമയം.

പുതിയ ടൈം ടേബിള്‍ പ്രകാരം വിദ്യാര്‍ത്ഥികള്‍ ഒരു മണിക്കൂര്‍ കൂടി ക്ലാസില്‍ ഇരിക്കണം. അധ്യാപകരും മൂന്നുവരെ മദ്രസകളില്‍ ഉണ്ടായിരിക്കണമെന്നാണ് നിര്‍ദ്ദേശം.
രാവിലെ പ്രാര്‍ത്ഥനയോടെയായിരിക്കും ക്ലാസുകള്‍ ആരംഭിക്കുക. 12.30 നാണ് വിദ്യാര്‍ത്ഥികള്‍ക്ക് ആഹാരം കഴിക്കുന്നതിനുള്ള സമയം. ഈ സമയക്രമം കൃത്യമായി പാലിക്കാന്‍ അധ്യാപകര്‍ക്ക് മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മത വിഷയങ്ങളായി അറബി, ഉറുദു, ദീനിയത്, പേര്‍ഷ്യന്‍ എന്നിവയ്ക്ക് പുറമേ കണക്ക്, ശാസ്ത്രം, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ ഉണ്ടാകും.
പൊതുസമൂഹത്തിലേക്ക് ഇറങ്ങുമ്പോള്‍ അവര്‍ക്ക് അപകര്‍ഷതാബോധം ഉണ്ടാകാന്‍ പാടില്ലെന്ന് മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ ഇഫ്തേഖാര്‍ അഹമ്മദ് ജാവേദ് പറഞ്ഞു.

അതിനാലാണ് മതവിഷയങ്ങള്‍ക്കൊപ്പം ഇംഗ്ലീഷും ഹിന്ദിയും സയന്‍സും കണക്കും പഠിപ്പിക്കുന്നത്. രാജ്യത്തിന് അമൂല്യമായ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന മികച്ച പൗരന്മാരെ വാര്‍ത്തെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.