തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കേരളം ശമ്പളത്തിനും പെൻഷനും നൽകുന്നതിനായി 1000 കോടി രൂപ കൂടി കടമെടുക്കുന്നു. കേന്ദ്രസർക്കാർ അനുവദിച്ച പരിധിക്കുള്ളിൽനിന്നാണ് കടമെടുക്കുന്നതെന്നാണ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം. ഇതിനായി റിസർവ് ബാങ്കുവഴി ഇറക്കുന്ന കടപ്പത്രങ്ങളുടെ ലേലം ഒക്ടോബർ മൂന്നിന് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനംവഴി നടക്കും.
ഈ മാസം രണ്ടാം തവണയാണ് കടമെടുക്കുന്നത്. ചൊവ്വാഴ്ച 1436 കോടി കടമെടുത്തിരുന്നു. 18 വർഷത്തേക്ക് 7.69 ശതമാനം നിരക്കിലാണ് എടുത്തത്. ഒക്ടോബർ ആദ്യം ശമ്പളവും പെൻഷൻവിതരണവും തടസ്സമില്ലാതെ നടത്താനാണ് ഇപ്പോൾ കടമെടുക്കുന്നത്.
ഓണക്കാല ചെലവുകൾക്കായി 8000 കോടി രൂപ ആണ് സർക്കാർ വിവിധ കാര്യങ്ങൾക്കായി ചിലവഴിക്കേണ്ടി വന്നത്. കടമെടുത്തും മറ്റുമായിരുന്നു ഇതിനുള്ള മാർഗം കണ്ടതും. ഇതോടെ തുടർന്നുള്ള ചിലവുകൾക്കായി കടം എടുക്കുക അല്ലാതെ മറ്റു മാർഗം ഇല്ലാതെയായി.
കടമെടുക്കാൻ കേന്ദ്ര സർക്കാർ നൽകിയിട്ടുള്ള പരിധി ഏറെക്കുറെ കഴിയാറായി. ഡിസംബർ വരെ 17,936 കോടി മാത്രമേ കടമെടുക്കാൻ കേരളത്തിന് അനുമതിയുള്ളൂ. വികസന പദ്ധതികൾക്ക് കിഫ്ബിയും ക്ഷേമപെൻഷൻ കൊടുക്കുന്നതിനായി പെൻഷൻ കമ്പനിയും എടുക്കുന്ന കടവും ഈ പരിധിക്കകത്തു നിന്നേ പറ്റൂ. അതിനാൽ പരമാവധി തുക മറ്റു മാർഗങ്ങളിലൂടെ മിച്ചം വച്ചതിനുശേഷം അവശേഷിക്കുന്നതു മാത്രം വായ്പയെടുത്താൽ മതിയെന്നാണ് ധനവകുപ്പിന്റെ തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.