കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: അന്തിമ ചിത്രം ഇന്നറിയാം

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: അന്തിമ ചിത്രം ഇന്നറിയാം

ന്യൂഡല്‍ഹി: ഇന്നാണ് ആ ദിവസം. ഒരുമാസമായി ദേശിയ കോൺഗ്രസ്‌ രാഷ്ട്രീയത്തിൽ അരങ്ങേറിയ സംഭവ വികാസങ്ങൾക്കും രാഷ്ട്രിയ നാടകങ്ങൾക്കും താൽക്കാലികമായെങ്കിലും കെട്ടടങ്ങലിന്റെ ദിവസം. സംസ്ഥാന ഭരണം പോലും അട്ടിമറിക്കപ്പെട്ടേക്കാവുന്ന തരത്തിൽ ഉയർന്ന പ്രതിസന്ധികൾ തരണം ചെയിതു കോൺഗ്രസ്‌ അധ്യക്ഷ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളുടെ അന്തിമ ചിത്രം ഇന്ന് വൈകിട്ടോടെ തെളിയും. ഇന്നാണ് നാമനിർദേശ പത്രിക നൽകാനുള്ള അവസാന ദിവസം.

കേരളത്തിൽ നിന്നുള്ള എംപിയും ജി 23 യുടെ ഔദ്യോഗിക സ്ഥാനാർത്ഥിയുമായ ശശി തരൂരിന് എതിരായി ആര് എത്തും എന്ന ചോദ്യത്തിന് ഇന്നു രാവിലെയും ചിത്രം വ്യക്തമായില്ല. ഹൈക്കമാന്‍ഡിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ്‌വിജയ് സിങിന്റെ പേരാണ് ഇന്നലെ രാത്രിയിലും ഉയർന്നിരുന്നതെങ്കിലും ഇന്ന് രാവിലെയോടെ മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖർഗെയിലേക്ക് അതെത്തി. ഇതോടെ ശശി തരൂരിനും ദിഗ്‌വിജയ് സിങിനും പുറമേ മൂന്നാം സ്ഥാനാർഥിയായി ഖർഗെയും അധ്യക്ഷ തിരഞ്ഞെടുപ്പിലേക്ക് അണിചേരും.

മുകുൾ വാസ്നിക് , മീരാ കുമാർ, സുശീൽ കുമാർ ഷിൻഡെ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ടായിരുന്നെങ്കിലും ഖർഗെയ്ക്കാണ് സാധ്യത കൂടുതൽ കൽപിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 12ന് ഖർഗെ പത്രിക സമർപ്പിക്കുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. മറ്റു രണ്ടു പേരും ഇന്ന് പത്രിക സമർപ്പിക്കും.

ഇന്നലെ സോണിയാ ഗാന്ധിയുമായി ഒന്നര മണിക്കൂർ നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് ദിഗ്‌വിജയ് സിങ് മത്സരത്തിനു തയ്യാറായത്. നാമനിര്‍ദ്ദേശ പത്രിക വാങ്ങിയത് മത്സരിക്കാന്‍ ഉദ്ദേശിച്ച് തന്നെയാണെന്ന് ദിഗ്‌വിജയ് സിങ് ഇന്നലെ മധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തിരുന്നു.


അതേസമയം പാര്‍ട്ടിക്കെതിരെ വിമത നീക്കം നടത്തിയ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ ഹൈക്കമാന്‍ഡ് തഴഞ്ഞു. ഗെലോട്ട് ചെയ്തത് ഗുരുതര അച്ചടക്കലംഘനമാണെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തി. ഗാന്ധി കുടുംബത്തിന്റെ പിന്തുണ ഉണ്ടായിരുന്ന ഗെലോട്ട് അധ്യക്ഷ പദവിയിലേക്ക് വരുമെന്ന് ഏറെക്കുറെ ഉറപ്പിച്ചതുമായിരുന്നു.


ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയെ കണ്ടതിന് ശേഷം താന്‍ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് ഗെലോട്ട് തന്നെയാണ് വ്യക്തമാക്കിയത്. രാജസ്ഥാനിലെ വിമത എംഎല്‍എമാര്‍ നടത്തിയ കലാപത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്നും ഗെലോട്ട് പറഞ്ഞു. രാജസ്ഥാന്‍ പ്രതിസന്ധി വിഷയത്തില്‍ സോണിയയോട് മാപ്പ് അപേക്ഷിച്ചതായും അദ്ദേഹം പറഞ്ഞു.

രാജസ്ഥാന്‍ മുഖ്യമന്ത്രിയായി തുടരുമോ എന്ന ചോദ്യത്തിന് താന്‍ അല്ല അത് തീരുമാനിക്കുന്നതെന്നും കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയാണ് തീരുമാനിക്കേണ്ടതെന്നും ഗെലോട്ട് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.