കെഎസ്ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിച്ച് ഇടത്, ബിജെപി സംഘടനകള്‍; പണിമുടക്കില്‍ ഉറച്ച് ടിഡിഎഫ്

കെഎസ്ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിച്ച് ഇടത്, ബിജെപി സംഘടനകള്‍; പണിമുടക്കില്‍ ഉറച്ച് ടിഡിഎഫ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം ഒക്ടോബര്‍ ഒന്ന് മുതല്‍ നടപ്പാക്കാന്‍ ധാരണ. തൊഴിലാളി നേതാക്കളുമായി മാനേജ്‌മെന്റ് നടത്തിയ രണ്ടാം വട്ട ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. തുടക്കത്തില്‍ പാറശാല ഡിപ്പോയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കുക.

എട്ട് ഡിപ്പോകളില്‍ നടപ്പിലാക്കാന്‍ നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിലും തയ്യാറാക്കിയ ഷെഡ്യൂളുകളിലെ അപാകതകള്‍ യൂണിയനുകള്‍ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്. ഇടത് സംഘടനയായ സിഐടിയു ഈ തീരുമാനം അംഗീകരിച്ചു. തീരുമാനത്തെ അംഗീകരിച്ചെങ്കിലും 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കില്ലെന്ന് ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് വ്യക്തമാക്കി. എന്നാല്‍ ഒക്ടോബര്‍ ഒന്നു മുതല്‍ പ്രഖ്യാപിച്ച പണിമുടക്കില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ്.

എട്ട് മണിക്കൂറില്‍ അധികം വരുന്ന തൊഴില്‍ സമയത്തിന് രണ്ട് മണിക്കൂര്‍ വരെ അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ ഇരട്ടി വേതനം നല്‍കുമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. ഈ ഘടനയെ സ്വാഗതം ചെയ്യുമ്പോഴും 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കില്ലെന്നാണ് സിഐടിയു ഒഴികെയുള്ള യൂണിയനുകളുടെ നിലപാട്. പണിമുടക്കിനെ ശക്തമായി നേരിടുമെന്ന് പ്രഖ്യാപിച്ച മാനേജ്‌മെന്റ് സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കുമെന്നും സെപ്റ്റംബറിലെ ശമ്പളം നല്‍കില്ലെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.